ബാഴ്സലോണ vs യുവന്റസ് ; ❝ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വീണ്ടും നേർക്ക് നേർ വരുമ്പോൾ ❞

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വീണ്ടും നേർക്ക് നേർ വരികയാണ്. 2018 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് പോയതിന് ശേഷം ചാമ്പ്യൻസ് ലീഗിൽ മാത്രമാണ് ഇവരുടെ ഏറ്റുമുട്ടൽ കാണാനായി അവസരം ലഭിച്ചത്.ഓഗസ്റ്റ് 8 ന് നടക്കുന്ന ജോവാൻ ഗാംപർ ട്രോഫി പ്രദര്ശന മത്സരത്തിലാണ് ബാഴ്സ യുവന്റസ് ഏറ്റുമുട്ടുന്നത്. കോവിഡ് മഹാമാരി മൂലം കാണികളെ കയറ്റാതിരുന്ന നൗ ക്യാമ്പ് സ്റ്റേഡിയത്തിൽ 20 ശതമാനം കാണികളെ പ്രവേശിച്ചായിരിക്കും മത്സരം നടക്കുക .

മെസ്സിയും റൊണാൾഡോയും നേർക്ക് നേർ വരുന്ന 37 മത്തെ മത്സരം ആയിരിക്കും ഇത്.2020 ഡിസംബറിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ യുവേ ബാഴ്സയെ 3-0 ന് തോൽപ്പിച്ചതിന് ശേഷമുള്ള ഇരു ടീമുകളുടെയും ആദ്യ കൂടികാഴ്ചയാണിത്. അവധിക്കാലം കഴിഞ്ഞ റൊണാൾഡോ ഞായറാഴ്ച ടൂറിനിൽ തിരിച്ചെത്തുമെന്നതിനാൽ തിങ്കളാഴ്ച തന്റെ ബിയാൻ‌കോനേരി ടീമംഗങ്ങൾക്കൊപ്പം പരിശീലനം ആരംഭിക്കാൻ സാധ്യതയുണ്ട്. പോർച്ചുഗീസ് താരത്തെ ചുറ്റിപറ്റി നിരവധി ട്രാൻസ്ഫർ ഊഹാപോഹങ്ങൾ നിലനിക്കുന്നുണ്ടെങ്കിലും 36 കാരൻ ക്ലബ്ബിൽ ഉറച്ചു നിൽക്കും എന്ന് തന്നെയാണ് യുവന്റസ് വിശ്വസിക്കുന്നത്.

ജൂൺ 30 നു ബാഴ്സയുമായി കരാർ അവസാനിച്ച മെസ്സി ഔദ്യോഗികമായി ബാഴ്സയുമായി കരാറിൽ ഒപ്പിട്ടിട്ടില്ല. നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചാൽ മാത്രമേ മെസ്സിക്ക് കരാർ ഒപ്പിടാൻ സാധിക്കു. 50 % വേതനം കുറച്ചു കൊണ്ടാണ് മെസ്സി പുതിയ കരാർ ഒപ്പിടാൻ തീരുമാനം എടുത്തത്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിലും മെസ്സിക്ക് ബാഴ്സയുമായി കളിക്കണമെങ്കിൽ ജനുവരി വരെ കാത്തിരിക്കേണ്ടി വരും എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

റൊണാൾഡോയും മെസ്സിയും അവരുടെ കരിയറിൽ 36 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.അതിൽ 18 എണ്ണം റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള എൽ ക്ലാസിക്കോ ലിഗ മത്സരങ്ങളാണ്.16 തവണ മെസ്സി വിജയിച്ചപ്പോൾ റൊണാൾഡോ 11 മത്സരങ്ങളിലും 9 മത്സരം സമനിലിയിലായി.ഇത്രയും മത്സരങ്ങളിൽ നിന്നും മെസ്സി 22 ഗോളുകളും റൊണാൾഡോ 21 ഗോളുകളും നേടിയിട്ടുണ്ട്. അവസാന മത്സരത്തിൽ റൊണാൾഡോ രണ്ടു ഗോളുകൾ നേടുകയും ചെയ്തു. 1966 മുതൽ പുതിയ സീസണിന് മുന്നോടിയായി ബാഴ്സലോണ ഗാംപർ ട്രോഫി നടത്താറുണ്ട്.കഴിഞ്ഞ 8 വർഷവും ഗാംപർ ട്രോഫിയിൽ ബാഴ്സലോണയാണ് വിജയിച്ചത്. 2012 ൽ സാംപ്‌ഡോറിയയോട് ആണ് അവസാനമായി പരാജയപ്പെട്ടത്.

Rate this post