കിരീടാഘോഷം ഇവിടെ വേണ്ട, ബാഴ്‌സലോണ താരങ്ങളെ ഓടിച്ചു വിട്ട് എസ്‌പാന്യോൾ ആരാധകർ

എസ്പാന്യോളിനെതിരെ ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ വിജയം നേടിയതോടെ ബാഴ്‌സലോണ ഈ സീസണിലെ ലാ ലിഗ വിജയികളായി. ക്ലബിന്റെ ചരിത്രത്തിലെ ഇരുപത്തിയേഴാമത്തെ ലാ ലിഗ കിരീടമാണ് കഴിഞ്ഞ ദിവസം രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയത്തോടെ ബാഴ്‌സലോണ സ്വന്തമാക്കിയത്. പരിശീലകൻ എന്ന നിലയിൽ സാവി നേടുന്ന ആദ്യത്തെ സ്‌പാനിഷ്‌ ലീഗ് കിരീടം കൂടിയാണിത്.

ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയത്താണ് ഈ കിരീടം ബാഴ്‌സലോണ നേടിയത്. സാമ്പത്തിക പ്രതിസന്ധി അടിമുടി ബാധിക്കപ്പെട്ട ബാഴ്‌സലോണ കഴിഞ്ഞ സീസണിൽ പതറിയെങ്കിലും ഈ സീസണിൽ കിരീടത്തോടെ തിരിച്ചുവരവ് നടത്താൻ അവർക്ക് കഴിഞ്ഞു. അതുകൊണ്ടു തന്നെ ക്ലബിലെ താരങ്ങൾ വളരെ ആവേശത്തോടെയാണ് കിരീടനേട്ടം ആഘോഷിച്ചത്.

എന്നാൽ ബാഴ്‌സലോണയുടെ ആഘോഷങ്ങൾക്ക് അധികം ആയുസുണ്ടായിരുന്നില്ല. മത്സരത്തിനു ശേഷം സ്റ്റേഡിയത്തിന്റെ മൈതാനത്ത് വട്ടം കൂടി നിന്ന് ബാഴ്‌സലോണ താരങ്ങൾ ആഘോഷം നടത്തുകയായിരുന്നു. ഇതിൽ പ്രകോപിതരായ എസ്പാന്യോൾ ആരാധകർ മൈതാനത്തേക്ക് ഇരച്ചെത്തുകയായിരുന്നു. രംഗം പന്തിയല്ലെന്ന് കണ്ടതോടെ ഉടനെ തന്നെ ബാഴ്‌സലോണ താരങ്ങൾ സ്ഥലം വിട്ടു.

ബാഴ്‌സലോണ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് പോയിട്ടും എസ്പാന്യോൾ ആരാധകരുടെ രോഷം തീർന്നില്ലായിരുന്നു. അവർ ഡ്രസിങ് റൂമിലേക്ക് കയറി താരങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു. കസേരയടക്കം വലിച്ചെറിഞ്ഞാണ് അവർ ആക്രമണത്തിന് ശ്രമിച്ചത്. സ്റ്റേഡിയം സെക്യൂരിറ്റി വളരെ പണിപ്പെട്ടാണ് ആക്രമണത്തിന് വന്ന ആരാധകരെ അടക്കി നിർത്തിയത്.

ബാഴ്‌സലോണ വിജയത്തോടെ ലീഗ് കിരീടം നേടിയെങ്കിലും അവരുടെ നഗരവൈരികളായ എസ്പാന്യോളിനു തോൽവി വലിയ തിരിച്ചടിയാണ് നൽകിയത്. നിലവിൽ പത്തൊൻപതാം സ്ഥാനത്തുള്ള ടീമിന് അടുത്ത സീസണിൽ സെക്കൻഡ് ഡിവിഷനിൽ കളിക്കേണ്ടി വരുമെന്ന അവസ്ഥയാണുള്ളത്. അതിന്റെ രോഷം കൂടിയാണ് അവർ പ്രകടിപ്പിച്ചത്.

Rate this post