ലാ ലിഗ കിരീടാഘോഷങ്ങൾക്കിടയിലും ലയണൽ മെസിയെ മറക്കാതെ ബാഴ്‌സലോണ താരം, തിരിച്ചെത്തിക്കുമെന്ന് ലപോർട്ട |Lionel Messi

ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാരാണെന്ന ചോദ്യത്തിന് ഏവരും നൽകുന്ന ഉത്തരം ലയണൽ മെസിയെന്നു തന്നെയായിരിക്കും. തന്റെ ചെറുപ്പം മുതൽ ബാഴ്‌സലോണക്ക് വേണ്ടി കളിച്ച താരം നിരവധി നേട്ടങ്ങൾ ക്ലബിന് സ്വന്തമാക്കി നൽകി. എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ കാരണം കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ കരാർ പുതുക്കാനാവാതെ മെസിയെ ബാഴ്‌സലോണക്ക് കൈവിടേണ്ടി വന്നു.

മെസി പോയതിനു ശേഷം ബാഴ്‌സലോണ വലിയ തിരിച്ചടികൾ നേരിട്ടിരുന്നു. കഴിഞ്ഞ സീസണിൽ ടോപ് ഫോർ പോലും നേടാൻ കഴിയില്ലെന്ന സാഹചര്യം ഉണ്ടായതിനു പുറമെ രണ്ടു സീസണുകളിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും ടീം പുറത്തു പോയി. എന്നാൽ ഈ സീസണിൽ അവരുടെ ആത്മവിശ്വാസം വർധിപ്പിച്ച് റയൽ മാഡ്രിഡിനെ പിന്നിലാക്കി ലീഗ് കിരീടം നേടാൻ ടീമിന് കഴിഞ്ഞു.

കിരീടനേട്ടത്തിന്റെ വിജയാഘോഷങ്ങളുടെ ഇടയിലും മെസിയെ ബാഴ്‌സലോണ താരങ്ങൾ മറന്നിട്ടില്ല. മെസിയുടെ കൂടെ ഇതുവരെ കളിച്ചിട്ടില്ലാത്ത ഇക്കഴിഞ്ഞ സമ്മറിൽ ക്ലബ്ബിലേക്ക് ചേക്കേറിയ ഫ്രാങ്ക് കെസി ഇൻസ്റ്റാഗ്രാമിൽ സഹതാരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌തിരുന്നു. ‘നിങ്ങളെ മിസ് ചെയ്യുന്നു ലിയോ’ എന്നാണു ബാഴ്‌സ മധ്യനിരതാരം അതിനൊപ്പം കുറിച്ചത്.

ബാഴ്‌സലോണ താരങ്ങളെല്ലാം ലയണൽ മെസിയുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് ഇതിലൂടെ വ്യക്തമാകുന്നു. അവർക്ക് കൂടുതൽ പ്രതീക്ഷ നൽകി മെസിയെ സ്വന്തമാക്കാൻ സാധ്യമായ എന്തും ചെയ്യുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ട പറഞ്ഞിരുന്നു. മെസിയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ഒരു മാസമായി ശ്രമങ്ങൾ നടത്തുന്നതിനൊപ്പമാണ് ഈ പ്രതികരണം.

ജൂണിൽ ഫ്രീ ഏജന്റാകുന്ന ലയണൽ മെസിക്ക് വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ട്. എന്നാൽ അതൊന്നും പരിഗണിക്കാതെ ബാഴ്‌സലോണയുടെ ഓഫർ ലഭിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് അർജന്റീന താരം. അതുപോലെ ബാഴ്‌സലോണ ആരാധകരും താരത്തിനായി കാത്തിരിക്കുമ്പോൾ ഈ സമ്മറിൽ അത് നടക്കും എന്ന് തന്നെയാണ് ആരാധകർ ഉറച്ചു പ്രതീക്ഷിക്കുന്നത്.

3.8/5 - (16 votes)