എവേ മത്സരത്തിൽ വിയ്യാറയലിനെ കീഴടക്കി ബാഴ്സലോണ; യുവന്റസിന് തോൽവി ; ജയത്തോടെ ഇന്റർ മിലാനും ബയേൺ മ്യൂണിക്കും

നീണ്ട 6 മാസത്തിന് ശേഷം ലാ ലിഗയിലെ എവേ മത്സരത്തിൽ വിജയം സ്വന്തമാക്കി ബാഴ്സലോണ. വിയ്യാറയലിനെ അവരുടെ ഗ്രൗണ്ടിൽ 3-1നാണ് ബാഴ്സ മറികടന്നത്.ഡച്ച് താരങ്ങളായ ഫ്രാങ്കി ഡിയോങ്ങും മെംഫിസ് ഡിപ്പെയും ഗോൾ നേടി കറ്റാലൻ ക്ലബിനായി തിളങ്ങിയപ്പോൾ, സൈഡ് ബെഞ്ചിൽ നിന്നെത്തി മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടീന്യോ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ബാഴ്സയുടെ മൂന്നാം ഗോൾ സ്വന്തമാക്കി.ഓഫ് സൈഡാണെന്ന സംശയത്തിന്റെ പേരിൽ ഫ്രാങ്ക് ഡിയോങ്ങിന്റെ ഗോൾ വിശദമായ പരിശോധനയ്ക്ക് ശേഷം VAR വഴിയാണ് അനുവദിച്ചത്. കളിയുടെ 48 ആം മിനിറ്റിലായിരുന്ന ആദ്യ ഗോൾ.

76 ആം മിനിറ്റിൽ ബാഴ്സയെ ഞെട്ടിച്ച് ചുക്വേസ വിയ്യാറയലിന്റെ സമനില ഗോൾ കണ്ടെത്തി. ബാഴ്സ പ്രതിരോധ താരങ്ങളായ ജെറാർഡ് പിക്വെയുടെയും മിംഗേസയുടെയും പിഴവാണ് ഗോളിൽ കലാശിച്ചത്.എന്നാൽ, നിശ്ചിത സമയത്തിന് രണ്ട് മിനിറ്റ് മാത്രം അവശേഷിക്കെ വിയ്യാറയൽ പ്രതിരോധ താരങ്ങളെ വെട്ടിച്ച് മികച്ചൊരു റണ്ണിലൂടെ മെംഫിസ് ഡിപ്പെ ബാഴ്സയ്ക്ക് വീണ്ടും ലീഡ് നേടി കൊടുക്കുകയായിരുന്നു.ഉൾപ്പെടെ ടീമിന് ഒരുപാട് ദൗർബല്യങ്ങൾ ഉണ്ടെങ്കിലും വിലയേറിയ മൂന്ന് പോയിന്റ് നേടാനായത് കോച്ച് സാവിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇതോടെ, 23 പോയിന്റുമായി ബാഴ്സലോണ ലാ ലിഗയിൽ ഏഴാം സ്ഥാനത്തെത്തി.

ബുണ്ടസ് ലീഗയിൽ അർമിന ബെലഫീൾഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴ്പെടുത്തി ബയേൺ മ്യൂണിച്.എന്നാൽ 71 മത്തെ മിനിറ്റിൽ മുള്ളറിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഉഗ്രൻ ഒരു അടിയിലൂടെ ലക്ഷ്യം കണ്ട ലിറോയ്‌ സാനെ ബയേണിനു ജയം സമ്മാനിക്കുക ആയിരുന്നു. സാനെയുടെ ഗോളോടെ ഒരു കലണ്ടർ വർഷം ബുണ്ടസ് ലീഗയിൽ ഏറ്റവും കൂടുതൽ ഗോൾ അടിക്കുന്ന ടീം ആയി ബയേൺ മാറി. 44 വർഷം മുമ്പുള്ള കോളിന്റെ റെക്കോർഡ് ആണ് ബയേൺ മറികടന്നത്. 102 ഗോളുകൾ ആണ് ഈ വർഷം മാത്രം ബുണ്ടസ് ലീഗയിൽ ബയേൺ അടിച്ചത്. ജയത്തോടെ ലീഗിൽ ഡോർട്ട്മുണ്ടിനെ രണ്ടാമത് ആക്കി ബയേൺ ഒന്നാം സ്ഥാനവും തിരിച്ചു പിടിച്ചു.

ചാമ്പ്യൻസ് ലീഗിൽ ചെൽസിയോട് ഏറ്റ കനത്ത പരാജയത്തിന് പിറകെ സീരി എയിൽ അറ്റലാന്റയോട് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി യുവന്റസ്. അഞ്ചാം തോൽവിയാണിത്. യുവന്റസ് പ്രതിരോധ നിരയുടെ പാളിച്ചയിൽ നിന്ന് മനോഹരമായ ഫിനിഷിങ്ങിലൂടെ കൊളംബിയൻ താരം സപ്പാറ്റയാണ് അറ്റ്‌ലാന്റയുടെ ഏക ഗോൾ സ്വന്തമാക്കിയത്.ബോൾ പൊസഷനിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുൻപന്തിയിൽ നിന്നെങ്കിലും പന്ത് വലിയിലേക്ക് തൊടുത്തുവിടാൻ ഇത്തവണയും മാക്സ് അലെഗ്രിയുടെ ശിഷ്യൻമാർ പരാജയപ്പെട്ടു. ക്യാപ്റ്റൻ പോളോ ഡിബാല മാത്രം നഷ്ടപ്പെടുത്തിയത് അരഡസനോളം ഗോൾ അവസരങ്ങളാണ്. 1989ന് ശേഷമാണ് ടുറിനിലെ യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ അറ്റ്‌ലാന്റ ഒരു മത്സരം ജയിക്കുന്നത്. 28 പോയിന്റോടെ അറ്റ്‌ലാന്റ ലീഗിൽ നാലാം സ്ഥാനത്തേക്ക് കയറി. യുവന്റസ് നിലവിൽ ഏട്ടാമതാണ്.

മറ്റൊരു മത്സരത്തിൽ വെനീസിയയ്‌ക്കെതീരെ ഇന്റർ മിലാൻ ജയം നേടി.ആദ്യ പകുതിയിൽ ഹകൻ കാൽഹാനോഗ്ലു ഇഞ്ചുറി ടൈമിൽ ലൗട്ടാരോ മാർട്ടിനെസ് എന്നിവരാണ് ഇന്ററിന്റെ ഗോളുകൾ നേടിയത്. 14 മത്സരങ്ങളിൽ നിന്നും 31 പോയിന്റുമായി ഇന്റർ മിലാൻ മൂന്നാമതും 15 പോയിന്റുമായി വെനീസിയ 15 മതുമാണ്.

Rate this post