വിജയ വഴിയിൽ തിരിച്ചെത്തി ആഴ്‌സണൽ ; മിന്നുന്ന ജയത്തോടെ ലിവർപൂൾ ; തിരിച്ചു വരവ് ഗംഭീരമാക്കി ഹാലൻഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ആഴ്‌സനൽ വീണ്ടും വിജയ വഴിയിൽ.പ്രീമിയർ ലീഗിലെ ഈ സീസണിലെ 13ആം മത്സരത്തിലും ന്യൂകാസിലിന് ജയം നേടനായില്ല. രണ്ടാം പകുതിയിലായിരുന്നു ഗണ്ണേഴ്സിന്റെ രണ്ട് ഗോളുകളും. 56 ആം മിനിറ്റിൽ ബുക്കായോ സാക്കയാണ് ആഴ്സനലിന് ലീഡ് സമ്മാനിച്ചത്.നുനോ ടവാരസിന്റെ പാസിൽ നിന്ന് സാകയുടെ ഗോൾ.

പത്ത് മിനിറ്റിനകം ബ്രസീലിയൻ താരം ഗബ്രിയേൽ മാർട്ടിനെല്ലി ന്യൂകാസിൽ വലയിൽ പന്ത് എത്തിച്ചു. സബ്സ്റ്റിട്യൂട്ടായി എത്തിയാണ് 20 കാരനായ ഗബ്രിയേൽ മാർട്ടിനെല്ലി ഗോൾ സ്വന്തമാക്കിയത്. വലതു വിങ്ങിൽ നിന്ന് ടൊമിയാസു നൽകിയ ലോബ് പാസ് ഒരു വോളിയിലൂടെ മനോഹരമായി വലയിൽ എത്തിക്കുക ആയിരുന്നു‌.കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് ഏകപക്ഷീയമായ നാല് ഗോളിന് തകർന്ന ആഴ്സനലിന് വീണ്ടും വിജയം കണ്ടെത്താനായത് ആശ്വാസമായി.13 പോരാട്ടങ്ങളിൽ നിന്ന് 23 പോയിന്റുമായി ആഴ്സനൽ പ്രീമിയർ ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ന്യൂ കേസിൽ ആവട്ടെ 13 മത്സരങ്ങളിൽ ആകെ 6 പോയിന്റുമായി ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുകയാണ്.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ ആൻഫീൽഡിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് സതാംപ്ടനെ തകർത്തു വിട്ടു.ജോടയുടെ ഇരട്ട ഗോളുകൾ ആണ് ലിവർപൂൾ വിജയത്തിന് ഇന്ന് കരുത്തായത്. ഇന്ന് രണ്ടാം മിനുട്ടിൽ തന്നെ ലിവർപൂൾ ലീഡ് എടുത്തു. ഇടതു വിങ്ങിലൂടെ ആക്രമിച്ച് എത്തിയ റൊബേർട്സൺ നൽകിയ ക്രോസിൽ നിന്നായിരുന്നു ജോടയുടെ ഗോൾ.32ആം മിനുട്ടിൽ വീണ്ടും ജോട വലകുലുക്കി. ഇത്തവണ വലതു വിങ്ങിൽ നിന്ന് സലാ ആയിരുന്നു പാസ് നൽകിയത്. ജോടയ്ക്ക് ടാപിൻ ചെയ്യേണ്ട ജോലിയെ ഉണ്ടായിരുന്നുള്ളൂ.

37ആം മിനുട്ടിൽ തിയാഗോ അൽകാൻട്ര ലിവർപൂളിന്റെ മൂന്നാം ഗോൾ നേടി. തിയാഗോ ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ലിവർപൂളിനായി ഗോൾ നേടുന്നത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ വാൻ ഡൈക് കൂടെ ഗോൾ നേടി പട്ടിക പൂർത്തിയാക്കി.ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ലിവർപൂൾ രണ്ടാമത് നിൽക്കുകയാണ്. സതാമ്പ്ടൺ 14 പോയിന്റുമായി 14ആം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ സ്റ്റീവൻ ജെറാഡിന്റെ ആസ്റ്റൺ വില്ല വീണ്ടും ജയം നേടി. ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആസ്റ്റൺ വില്ല തോൽപ്പിച്ചത്. കഴിഞ്ഞ ആഴ്ച 2-0 എന്ന സ്കോറിന് ആസ്റ്റൺ വില്ല ബ്രൈറ്റണെയും തോൽപ്പിച്ചിരുന്നു. ആദ്യ പകുതിയിൽ മത്സരഗതിക്ക് വിപരീതമായി 15ആം മിനുട്ടിൽ ടാർഗറ്റ് വില്ലയെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ 86ആം മിനുട്ടിൽ മഗ്ഗിന്റെ സ്ട്രൈക്ക് വലയിൽ എത്തിയതോടെ ആസ്റ്റൺ വില്ല വിജയം ഉറപ്പിച്ചു. അവസാനം ഒരു ഗോൾ മടക്കാൻ പാലസിന് ആയെങ്കിൽ സമയം വൈകിയിരുന്നു. ഈ വിജയത്തോടെ വില്ല 16 പോയിന്റുമായി 11ആം സ്ഥാനത്ത് എത്തി. പാലസിനും 16 പോയിന്റാണ്.

ജർമൻ ബുണ്ടസ്‌ലീഗയിൽ ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം.വോൾവ്സ്ബർഗിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ഡോർട്ട്മുണ്ട് ജയം കണ്ടത്. ഒക്ടോബറിൽ പരിക്ക് മൂലം ടീമിൽ നിന്നു പുറത്ത് പോയ ശേഷം തിരിച്ചു വന്ന ഏർലിങ് ഹാളണ്ട് ഗോളുമായി തന്റെ മടങ്ങി വരവ് അറിയിച്ച മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ വെഗ്ഹോസ്റ്റിന്റെ ഗോളിൽ ഡോർട്ട്മുണ്ട് പിന്നിലായി.35 മത്തെ മിനിറ്റിൽ ക്യാപ്റ്റൻ മാർകോ റൂയിസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട എമറെ ചാൻ ആണ് ഡോർട്ട്മുണ്ടിന് സമനില ഗോൾ നൽകിയത്.55 മത്തെ മിനിറ്റിൽ മാർകോ റൂയിസിന്റെ പാസിൽ നിന്നു മാലൻ നേടിയ ഗോൾ. ബോക്സിന് പുറത്ത് നിന്ന് വലൻ കാലൻ അടിയിലൂടെ ആണ് ഡച്ച് താരം ഡോർട്ട്മുണ്ടിന് മുൻതൂക്കം നൽകിയത്. തുടർന്ന് 73 മത്തെ മിനിറ്റിൽ മാലനു പകരക്കാരൻ ആയാണ് ഹാളണ്ട് കളത്തിൽ ഇറങ്ങുന്നത്. തുടർന്ന് ജൂലിയൻ ബ്രാന്റിന്റെ ക്രോസിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ ഇറങ്ങി 7 മിനിറ്റിനകം തന്റെ ഗോൾ കണ്ടത്തി ഹാളണ്ട് മടങ്ങി വരവ് പ്രഖ്യാപിച്ചു. ബുണ്ടസ് ലീഗയിൽ 50 മത്സരത്തിൽ 50 മത്തെ ഗോളാണ് ഹാളണ്ട് നേടിയത്.

മറ്റൊരു മത്സരത്തിൽ ഹോഫൻഹൈം മൂന്നിനെതിരെ ആറു ഗോളുകൾക്ക് ഗ്രൂതർ ഫർത്തിനെ പരാജയപ്പെടുത്തി.ഹോഫെൻഹൈമിനു വേണ്ടി ടോംഗോ താരം ഇഹ്ലാസ് ബെബൗ ഹാട്രിക്ക് നേടി. ല ലീഗയിൽ അത്ലറ്റികോ ബിബാവോയും 2 ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മറ്റൊരു മത്സരത്തിൽ സെൽറ്റ വീഗൊ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അലവാസിനെ പരാജയപ്പെടുത്തിയപ്പോൾ വലൻസിയ റയോ വയ്യോക്കാനോ മത്സരം 1 -1 സമനിലയിലായി.