ബാഴ്‌സയുടെ സൂപ്പർ ഡിഫൻഡർക്കായി പ്രീമിയർ ലീഗിലെ ചെന്നായ്ക്കൾ, ട്രാൻഫർ ഉടനുണ്ടായേക്കും
കൊറോണ മഹാമാരി ബാഴ്‌സലോണയെ സാമ്പത്തികമായി വളരെയധികം തളർത്തിയിട്ടുണ്ട്. കൂമാന്റെ പ്രിയതാരം ഡീപേയെ സ്വന്തമാക്കണമെങ്കിൽ ബാഴ്സക്ക് താരങ്ങളെ വിൽക്കണമെന്ന സ്ഥിതിയാണുള്ളത്. ഇവാൻ റാകിറ്റിച്ച് സെവിയ്യയിലേക്ക് ചേക്കേറിയെങ്കിലും സൂപ്പർതാരം സുവാരസിന്റെയും വിദാലിന്റെയും ട്രാൻസ്ഫറിനായി കാത്തിരിക്കേണ്ടി വരും. വിദാലുമായി ഇന്റർമിലാൻ കരാറിലെത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.
എന്നാൽ ഇവർക്കൊപ്പം മറ്റൊരു സൂപ്പർതാരം കൂടി ബാഴ്‌സ വിടുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്സയുടെ വലതു വിങ്ങിലെ പോർച്ചുഗീസ് പ്രതിരോധതാരമായ നെൽസൺ സെമെഡോയെയാണ് ബാഴ്‌സ വിൽക്കാനൊരുങ്ങുന്നത്. പ്രീമിയർ ലീഗിലെ ചെന്നായ്ക്കളായ വോൾവർഹാംപ്ടൺ റോവേഴ്‌സെന്ന വൂൾവ്സിലേക്കാണ് താരം ചേക്കേറുക.
Wolves are ‘one step away’ from signing Nelson Semedo. New bid submitted yesterday and Barcelona are now ready to accept. Work in progress also on personal terms to be agreed.
— Fabrizio Romano (@FabrizioRomano) September 20, 2020
On next hours Barça are gonna sell Semedo to #Wolves and Vidal to #Inter. Here we go soon! 🐺 #FCB
ഏകദേശം 40 മില്യൺ യൂറോക്കടുത്തുള്ള തുകക്ക് വൂൾവ്സ് ബാഴ്സയുമായി കരാറിലെത്തുമെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ. പ്രമുഖ ഇറ്റാലിയൻ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയും സെമെഡോയുടെ ട്രാൻസ്ഫർ ഉടനുണ്ടാവുമെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ അർടുറോ വിദാലിന്റെ ഇന്ററിലേക്കുള്ള ട്രാൻസ്ഫറും ഫ്രാബ്രിസിയോ ഉടൻ നടക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സെമെഡോയുടെയും വിദാലിന്റെയും ട്രാൻസ്ഫർ പൂർത്തിയാവുന്നതോടെ ബാഴ്സക്ക് പുതിയ താരങ്ങൾക്കായി വിപണിയിലിറങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂമാന്റെ പരിഗണനയിലുള്ള ഡീപേക്കൊപ്പം സെമെഡോയുടെ പകരക്കാരനെയും ബാഴ്സ നോട്ടമിട്ടിട്ടുണ്ട്. പ്രീമിയർലീഗ് ക്ലബ്ബായ നോർവിച്ചിന്റെ മാക്സ് ആരോൺസിനേയും അയാക്സിന്റെ സെർജിനോ ഡെസ്റ്റിനേയുമാണ് ബാഴ്‌സ ലക്ഷ്യമിടുന്നത്. സെമെടോ ട്രാൻസ്ഫർ പൂർത്തിയാവുന്നതോടെ ഇവരെ സ്വന്തമാക്കുകയായിരിക്കും ബാഴ്സയുടെ ആദ്യ ദൗത്യം.