മെസ്സിയെ പൂട്ടുന്ന കാര്യം അൽഫോൺസോ ഡേവിസ് നോക്കിക്കോളുമെന്ന് ബയേൺ സിഇഒ.

ബാഴ്സ-ബയേൺ മത്സരത്തിന് മുന്നോടിയായുള്ള വാക്പോരുകൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. മുൻപ് മെസ്സിയെക്കാൾ മികച്ചവൻ ലെവന്റോസ്ക്കിയാണെന്ന് താരം തെളിയിക്കുമെന്ന് തോമസ് മുള്ളർ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ജർമ്മൻ ഇതിഹാസം മത്തേയൂസ് ഇതേ അഭിപ്രായവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ബയേൺ സിഇഒ മെസ്സിയെ പൂട്ടുമെന്ന കാര്യത്തിൽ ഉറപ്പ് നൽകിയിരിക്കുകയാണ്. മെസ്സിയെ തടയിടുന്ന കാര്യം അൽഫോൺസോ ഡേവിസ് കൈകാര്യം ചെയ്യുമെന്നാണ് ഇദ്ദേഹം പറഞ്ഞത്.

ബയേൺ സിഇഒ കാൾ ഹെയിൻസ് റുമ്മനിഗേയാണ് മെസ്സിയെ തടയിടുന്നതിനെ പറ്റി സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ബാഴ്സലോണ എന്നത് മെസ്സിയാണ്. കഴിഞ്ഞ പത്ത് വർഷമായി അതാണ് സ്ഥിതി. ഒരു ദശകമായി അദ്ദേഹം ഫുട്ബോൾ ലോകത്തെ ഭരിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. തീർച്ചയായും അദ്ദേഹത്തെ നിയന്ത്രിക്കുന്ന കാര്യം ഞങ്ങൾ പരിഗണിക്കേണ്ടതുണ്ട്. തീർച്ചയായും മെസ്സി അദ്ദേഹത്തിന്റെ സൈഡിൽ ആണ് കളിക്കുന്നതെങ്കിൽ അദ്ദേഹത്തിനെ അൽഫോൻസോ ഡേവിസ് കൈകാര്യം ചെയ്‌തേക്കും. അത് ബുദ്ധിമുട്ടാണ് എന്നറിയാം. പക്ഷെ ഈ സീസണിൽ ഇതുവരെ ഒരാളും ഡേവിസിനെ ഡ്രിബ്ൾ ചെയ്തു മറികടന്നു പോയിട്ടില്ല ” അദ്ദേഹം പറഞ്ഞു.

അതേസമയം തന്റെ ഇഷ്ടതാരത്തെ ആദ്യമായി നേരിടാൻ പോവുന്നതിന്റെ ആകാംക്ഷ ഡേവിസ് പങ്കുവെച്ചു. ” എന്റെ അച്ഛൻ എനിക്ക് വിളിച്ചിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. നീ ഒടുവിൽ നിന്റെ ഇഷ്ടതാരത്തെ നേരിടാൻ പോവുന്നു. തീർച്ചയായും ഞങ്ങൾക്ക് ഇത് വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ്. കുട്ടിക്കാലം മുതൽ ഇഷ്ടപ്പെടുന്ന താരത്തെ നേരിടാനാണ് ഞാൻ പോവുന്നത്. ഞാൻ അദ്ദേഹത്തിന്റെ വീഡിയോകൾ ഒക്കെ കണ്ടിരുന്നു. ഞാൻ എന്റേതായ രീതിയിൽ കളിക്കുക തന്നെ ചെയ്യും. അദ്ദേഹം മികച്ച താരമാണ്. പക്ഷെ ഞാൻ എന്നെ കൊണ്ടാവും വിധം അദ്ദേഹത്തെ തടയും ” ഡേവിസ് പറഞ്ഞു.

Rate this post