മെസ്സി വീണ്ടും ബയേണിനെതിരെ, 2015 ആവർത്തിക്കുമോ?

അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ബയേണും ബാഴ്സയും തമ്മിൽ ഇന്ന് ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി 12:30 ന് ലിസ്ബണിൽ വെച്ചാണ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ബയേണിനെ ബാഴ്സ നേരിടുന്നത്. ഇരുടീമുകൾക്കും വിജയസാധ്യത കല്പിക്കപ്പെടുന്ന മത്സരമാണ് എന്നുള്ളതിനാൽ ശക്തമായ ഒരു പോരാട്ടം തന്നെയാണ് ഈ മത്സരത്തിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ അഞ്ച് വർഷങ്ങൾക്ക് മുമ്പ് ബാഴ്സ ബയേണിനെ നേരിട്ടപ്പോൾ ആരാധകർക്ക് മറക്കാവാത്ത ഓർമ്മകളായിരുന്നു സമ്മാനിച്ചിരുന്നത്. ഇരുപാദങ്ങളിലുമായി 5-3 വിജയിച്ച ബാഴ്സ ആധികാരികമായി തന്നെ ഫൈനലിലേക്ക് ടിക്കെറ്റെടുക്കുകയായിരുന്നു.

ക്യാമ്പ് നൗവിൽ വെച്ച് നടന്ന ആദ്യപാദ മത്സരത്തിലായിരുന്നു ബാഴ്സയുടെയും മെസ്സിയുടെയും യഥാർത്ഥ രൂപം ബയേൺ അറിഞ്ഞത്. തന്റെ ഗോൾ പോസ്റ്റിലേക്ക് ഗോൾ നേടാൻ മെസ്സി ബുദ്ധിമുട്ടേണ്ടി വരുമെന്ന് ന്യൂയർ പറഞ്ഞതേ അദ്ദേഹത്തിന് ഓർമ്മയൊള്ളൂ. രണ്ട് മനോഹരമായ ഗോളും ഒരു അസിസ്റ്റുമാണ് അന്ന് മെസ്സിയുടെ ബൂട്ടുകൾ നിന്ന് പിറന്നത്. മത്സരത്തിന്റെ 77-ആം മിനിറ്റിൽ ഡാനി ആൽവെസിന്റെ പാസ് സ്വീകരിച്ച മെസ്സി ബോക്സിന് വെളിയിൽ നിന്ന് ഞൊടിയിടയിൽ തൊടുത്ത ഷോട്ട് ന്യൂയറെ കീഴടക്കി വലയിൽ പതിക്കുകയായിരുന്നു. കേവലം മൂന്നു മിനുട്ടുകൾക്കകം മെസ്സി വീണ്ടും നിറയൊഴിച്ചു. റാകിറ്റിച്ചിന്റെ പാസ് സ്വീകരിച്ച മെസ്സി ബോട്ടെങ്ങിനെ അസാമാന്യമാം വിധം കബളിപ്പിച്ച് നിലത്തു വീഴ്ത്തി ന്യൂയറുടെ തലക്ക് മുകളിലൂടെ കോരിയിടുകയായിരുന്നു. ഇഞ്ചുറി ടൈമിൽ നെയ്മർക്ക് മനോഹരമായ ഒരു പാസ്സ് നൽകുകയും നെയ്മർ അത് നിഷ്പ്രയാസം ഫിനിഷ് ചെയ്യുകയും ചെയ്തു.

രണ്ടാം പാദത്തിൽ 3-2 ബാഴ്സ തോറ്റെങ്കിലും സെമിയിലേക്ക് ടിക്കറ്റ് എടുക്കാൻ ഈ മത്സരഫലം തന്നെ ധാരാളമായിരുന്നു. ഇരട്ടഗോളുകൾ നേടിയ നെയ്മർ ആയിരുന്നു അന്ന് ബാഴ്സയുടെ ഹീറോ. ആദ്യഗോളിന് വഴിതെളിച്ച മെസ്സിയും അന്ന് മികച്ച പ്രകടനം നടത്തി. അങ്ങനെ 5-3 എന്ന സ്കോറിന് ബയേണിനെ കീഴടക്കിയപ്പോൾ മൂന്ന് ഗോൾ നെയ്മറുടെയും രണ്ട് ഗോൾ മെസ്സിയുടെയും വകയായിരുന്നു. രണ്ട് അസിസ്റ്റുമായി ലൂയിസ് സുവാരസും തിളങ്ങി. എന്നാൽ ഇത്തവണ മെസ്സിക്കൊപ്പം നെയ്മർ ഇല്ല എന്നുള്ളത് തിരിച്ചടി തന്നെയാണ്. പക്ഷെ ഏത് നിമിഷവും കളിയുടെ ഗതി തന്നെ മാറ്റാൻ കഴിവുള്ളവനാണ് മെസ്സി എന്നത് ബയേണിന് നന്നായി അറിയാം.

ഇപ്രാവശ്യവും വെല്ലുവിളികൾക്ക് ഒരു കുറവുമില്ല. മെസ്സിയെക്കാൾ മികച്ചവനാണ് ലെവന്റോസ്ക്കി എന്നത് താരം തെളിയിക്കുമെന്ന് മുള്ളർ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ലെവന്റോസ്ക്കി തന്നെയാണ് നിലവിൽ മെസ്സിക്ക് മുകളിലെന്ന് മത്തേയൂസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പുറമെ മെസ്സിയെ തടയുന്ന കാര്യം അൽഫോൺസോ ഡേവിസ് നോക്കിക്കോളുമെന്ന് ബയേൺ സിഇഒ അഭിപ്രായപ്പെട്ടിരുന്നു. ഏതായാലും ഇന്ന് മെസ്സിയുടെ മാന്ത്രികപ്രകടനം ഉണ്ടാവുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

Rate this post