കൂട്ടീഞ്ഞോക്ക് പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ ആഗ്രഹം, എന്നാൽ ബാഴ്സയിൽ തുടർന്നേക്കുമെന്ന് ഏജന്റ്.

ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയുടെ ഭാവി ഇപ്പോഴും തീരുമാനിക്കപ്പെട്ടിട്ടില്ല. നിലവിൽ ലോണിൽ ബയേൺ മ്യൂണിക്കിനൊപ്പം കളിക്കുന്ന താരം ഈ സീസണോടെ ബാഴ്സയിൽ തിരിച്ചെത്തും. താരത്തെ സ്ഥിരമായി നിലനിർത്തേണ്ട ആവിശ്യമില്ലെന്ന് ബയേൺ അറിയിച്ചതിനെ തുടർന്നാണ് താരം ബാഴ്സയിൽ തിരികെ എത്തുക. എന്നാൽ ബാഴ്സക്കാവട്ടെ താരത്തെ നിലനിർത്താൻ താല്പര്യമില്ല. വിൽക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒന്നും തന്നെ ഫലം കണ്ടിട്ടില്ല.

പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലുമായാണ് നിലവിൽ ബാഴ്സ ഏറ്റവും കൂടുതൽ ചർച്ചകൾ നടത്തുന്നത്. എന്നാൽ താരത്തിന്റെ ഉയർന്ന വിലയും ശമ്പളവുമാണ് ആഴ്‌സണലിന് താരത്തെ സ്വന്തമാക്കുന്നതിനുള്ള തടസ്സം. ഇതിനാൽ തന്നെ ഇത് നടക്കാനുള്ള സാധ്യതകൾ ദിവസേനെ കുറഞ്ഞു വരികയാണ് എന്നാണ് സൂചനകൾ. ഇതേ അഭിപ്രായത്തോട് യോജിച്ചു കൊണ്ട് താരത്തിന്റെ ഏജന്റ് ആയ കിയ ജൂർബച്ചിയാനും രംഗത്ത് വന്നിട്ടുണ്ട്. താരത്തിന് പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ബാഴ്സയിൽ തന്നെ നിൽക്കാനാണ് സാധ്യതയെന്നുമാണ് അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ ദിവസം ടോക്ക്സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്. ” നിലവിൽ കൂട്ടീഞ്ഞോ ചാമ്പ്യൻസ് ലീഗിൽ തന്റെ ടീമിനൊപ്പം അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനുള്ള ഒരുക്കത്തിലാണ്. തീർച്ചയായും വളരെ വലിയ മത്സരമാണ് അദ്ദേഹത്തിന്റെ മുമ്പിൽ ഉള്ളത്. എന്തെന്നാൽ അദ്ദേഹത്തിന്റെ സ്വന്തം ടീമിനെതിരെയാണ് അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത്. അദ്ദേഹം ബാഴ്സക്കെതിരെ കളിക്കാനാണ് പോവുന്നത്. ജയം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതുവഴി ചാമ്പ്യൻസ് ലീഗ് കിരീടവുമാണ് ബയേണിന്റെ ലക്ഷ്യം. അത് നേടാനുള്ള പ്രാപ്‍തി ബയേണിനുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ” അദ്ദേഹം തുടർന്നു.

” ചാമ്പ്യൻസ് ലീഗ് തീർന്നാൽ, എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ അതൊക്കെ ചർച്ച ചെയ്യും. ഇതുവരെ ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിന് ശേഷം തീരുമാനം ഉണ്ടാവും. അദ്ദേഹം പ്രീമിയർ ലീഗിനെ ഇഷ്ടപ്പെടുന്നുണ്ട്. അവിടേക്ക് മടങ്ങാൻ ആഗ്രഹവുമുണ്ട്. എന്നാൽ കോവിഡ് 19 മൂലം വന്ന ഈ സാഹചര്യം അനുകൂലമല്ല. അദ്ദേഹം വലിയ അക്കങ്ങളോട് കൂടിയുള്ള വലിയൊരു താരമാണ്. അത് കൊണ്ട് തന്നെ ബാഴ്സയിൽ തുടരാനാണ് സാധ്യതകൾ ” ജൂർബച്ചിയാൻ പറഞ്ഞു.

Rate this post