ഒരാൾക്ക് മാത്രം മെസ്സിയെ തടയാൻ കഴിയുമെന്ന് വിചാരിക്കേണ്ടന്ന് തോമസ് മുള്ളർ.

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് എഫ്സി ബാഴ്സലോണയും എഫ്സി ബയേണും തമ്മിൽ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. അതിന് മുന്നോടിയായുള്ള വാക്പോരുകൾ ഒന്നും തന്നെ അവസാനിച്ചിട്ടില്ല. ഇന്നലെ സ്കൈ സ്പോർട്സ് ജർമ്മനിക്ക് നൽകിയ അഭിമുഖത്തിലാണ് ബയേൺ സിഇഒ മെസ്സിയെ തടയാൻ ആളെ ഏൽപ്പിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്. മെസ്സിയെ പൂട്ടുന്ന കാര്യം അൽഫോൺസോ ഡേവിസ് നോക്കികോളും എന്നായിരുന്നു ബയേൺ സിഇഒ കാൾ ഹെയിൻസ് പറഞ്ഞത്.

എന്നാൽ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ബയേൺ അറ്റാക്കിങ് താരം തോമസ് മുള്ളർ. ഒരാളെ കൊണ്ട് ഒറ്റക്ക് മെസ്സിയെ തടയാൻ കഴിയുമെന്ന് ആരും കരുതണ്ട എന്നാണ് അദ്ദേഹം മുള്ളർ പറഞ്ഞത്. മുൻപ് നടന്ന മത്സരങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണെന്നും മുള്ളർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അൽഫോൺസോ ഡേവിസ് വളരെ പ്രധാനപ്പെട്ട താരമാണെന്നും എന്നാൽ അദ്ദേഹത്തിനെ കൊണ്ട് ഒറ്റക്ക് സാധിക്കില്ലെന്നുമാണ് മുള്ളർ പറഞ്ഞത്.

” മികച്ച നിലയിലാണ് മെസ്സി ഇപ്പോൾ ഉള്ളത്. പക്ഷെ നിങ്ങൾക്ക് ഒരിക്കലും അദ്ദേഹത്തെ ഒറ്റക്ക് പ്രതിരോധിക്കാൻ സാധിക്കില്ല. ഞാൻ അദ്ദേഹത്തെ നേരിട്ട എന്റെ മുൻ അനുഭവം വെച്ച് പറയുകയാണ്, അദ്ദേഹത്തെ തടയാൻ മുഴുവൻ ടീമും ആവിശ്യമാണ്. ഈ വ്യക്തിഗതമായ മികവിനെ തടയാൻ ഞങ്ങൾ തയ്യാറായി കഴിഞ്ഞു. അതിൽ പ്രധാനപ്പെട്ട പങ്കാണ് അൽഫോൺസോ ഡേവിസ് വഹിക്കുന്നത്. അദ്ദേഹത്തിന് ഒറ്റക്കത് സാധിക്കില്ല ” മുള്ളർ പറഞ്ഞു.

മുൻപും ഈ മത്സരത്തെ കുറിച്ച് മുള്ളർ അഭിപ്രായം പറഞ്ഞിരുന്നു. ചെൽസിക്കെതിരെ ജയം നേടിയ ശേഷം മെസ്സിയെയും ലെവന്റോസ്ക്കിയെയും കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ” നിങ്ങളുടെ ഈ ചോദ്യത്തിനുള്ള ഉത്തരം വെള്ളിയാഴ്ച ലഭിക്കും. മെസ്സിയെക്കാൾ മികച്ചവൻ ലെവന്റോസ്ക്കി ആണ് എന്നുള്ളത് അന്ന് തെളിയിക്കും ” മുള്ളർ പറഞ്ഞു.

Rate this post