ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരത്തെ ടീമിലെത്തിക്കണമെന്ന് ടെർ സ്റ്റീഗൻ.

പുതിയ പരിശീലകൻ കൂമാന് കീഴിൽ പുതിയ സീസണിനുള്ള തയ്യാറെടുപ്പിലാണ് ഗോൾ കീപ്പർ മാർക്ക്‌ ആൻഡ്രേ ടെർസ്റ്റീഗൻ. പക്ഷെ താരത്തിന് ഉടനടി തന്നെ ക്ലബ്ബിനോടൊപ്പം ചേരാൻ കഴിയില്ല എന്ന് വ്യക്തമായതാണ്. താരത്തിന്റെ കാൽമുട്ടിലേറ്റ പരിക്ക് മൂലം സീസണിന്റെ തുടക്കം താരത്തിന് നഷ്ടമാവുമെന്നുറപ്പായിരുന്നു. എന്നാൽ എത്രകാലം പുറത്തിരിക്കേണ്ടി വരുമെന്ന് കൃത്യമായി വ്യക്തമല്ല.

ഇപ്പോഴിതാ ടെർസ്റ്റീഗൻ താൻ ബാഴ്സയിൽ കാണാൻ ആഗ്രഹിക്കുന്ന ബയേൺ താരത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റാരുമല്ല, മുൻ ബാഴ്സ താരം കൂടിയായ തിയാഗോ അൽകാന്ററയെയാണ് ടെർസ്റ്റീഗന് ബാഴ്സ ടീമിൽ ആവിശ്യം. കഴിഞ്ഞ ദിവസം ജർമ്മൻ മാധ്യമമായ ബിൽഡിന് നൽകിയ അഭിമുഖത്തിനിടെയാണ് ടെർസ്റ്റീഗൻതന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ഒരു പ്രത്യേകമായ താരമാണ് തിയാഗോയെന്നും ബാഴ്സക്ക് വളരെ അനുയോജ്യനായ താരമാണ് അദ്ദേഹമെന്നുമാണ് ടെർസ്റ്റീഗൻ അറിയിച്ചത്. 2005 മുതൽ 2013 വരെ എഫ്സി ബാഴ്സലോണയിൽ കളിച്ച താരമാണ് തിയാഗോ. എന്നാൽ 2013-ൽ ബയേൺ താരത്തെ സ്വന്തമാക്കുകയായിരുന്നു.

“തിയാഗോ ബാഴ്സയിൽ ഉണ്ടാവുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ കളിശൈലി ഞങ്ങൾക്ക് നല്ല രീതിയിൽ അനുയോജ്യമാവുന്ന ഒന്നാണ്. മാത്രമല്ല വളരെയധികം താല്പര്യമുളവാക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. വളരെയധികം പ്രത്യേകതയുള്ള ഒരു താരമാണ് തിയാഗോ. അദ്ദേഹം വ്യത്യസ്ഥമായ പൊസിഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാഴ്സ തിയാഗോയെ സൈൻ ചെയ്താൽ, തീർച്ചയായും അത്‌ ഞങ്ങൾക്കും അദ്ദേഹത്തിനും നല്ല കാര്യമായിരിക്കും ” ടെർസ്റ്റീഗൻ അറിയിച്ചു.

മധ്യനിര താരമായ തിയാഗോ ഈ ട്രാൻസ്ഫറിൽ ബയേൺ വിടാനുള്ള ഒരുക്കത്തിലാണ്. ഒരു വർഷം കൂടി കരാർ ഉണ്ടെങ്കിലും താരം ക്ലബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. പ്രീമിയർ ലീഗ് ആണ് അദ്ദേഹത്തിന്റെ സ്ഥാനം. ലിവർപൂൾ ആണ് അദ്ദേഹത്തിന് വേണ്ടി പരിശ്രമങ്ങൾ നടത്തുന്നത്. 30 മില്യൺ യുറോയാണ് താരത്തിന് വേണ്ടി ബയേൺ ആവിശ്യപ്പെടുന്നത്. എന്നാൽ ഇത് കുറക്കാനുള്ള കഠിനപരിശ്രമം ലിവർപൂൾ തുടരുകയാണ്. മാഞ്ചസ്റ്റർ യൂണൈറ്റഡിനും താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടായിരുന്നു.

Rate this post