ബയേണിനെ തറപ്പറ്റിച്ചു, അയാക്സിന്റെ യുവസൂപ്പർ താരവുമായി ബാഴ്‌സ കരാറിലെത്തി.
ഈ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ ഒഴിവാക്കുന്ന താരമാണ് നെൽസൺ സെമെഡോ. താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സുമായി കരാറിൽ എത്തിയതായി പ്രമുഖമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ റൈറ്റ് ബാക്ക് പൊസിഷനിൽ ബാഴ്‌സക്ക് ഒരാളെ അത്യാവശ്യമായി വരികയായിരുന്നു. ബാഴ്‌സയുടെ മറ്റൊരു താരമായ മൗസ്സ വാഗ്ഗ് PAOK-ലേക്ക് കൂടുമാറുകയും ചെയ്തതോടെ സെർജി റോബെർട്ടോ മാത്രമാണ് ഇനി ബാഴ്സയിൽ അവശേഷിക്കുന്നത്. ഇപ്പോഴിതാ ആ പൊസിഷനിലേക്ക് പുതിയ ഒരു താരവുമായി ബാഴ്‌സ കരാറിൽ എത്തിയതായാണ് വാർത്തകൾ.
അയാക്സിന്റെ അമേരിക്കൻ യുവപ്രതിഭ സെർജിനോ ഡെസ്റ്റുമായാണ് ബാഴ്‌സകരാറിൽ എത്തിയതെന്നാണ് വാർത്തകൾ. സ്പാനിഷ് മാധ്യമങ്ങളായ ടിവി ത്രീ, ഡയാറിയോ എഎസ് എന്നിവരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിനെ മറികടന്നു കൊണ്ടാണ് ബാഴ്‌സ താരത്തിന് വേണ്ടി അയാക്സുമായി അനൗദ്യോഗികകരാറിൽ എത്തിയത് എന്നാണ് അറിയാൻ കഴിയുന്നത്. ട്രാൻസ്ഫർ ഫീയായി ഇരുപത് മില്യൺ യുറോക്ക് പുറമെ അഞ്ച് മില്യൺ യുറോ ആഡ് ഓൺസുമായി അയാക്സിന് ലഭിക്കും.
Barcelona will pay Ajax €20m upfront for Sergino Dest and a further €5m in add-ons https://t.co/tZpEuTQeIk
— footballespana (@footballespana_) September 22, 2020
നെൽസൺ സെമെഡോക്ക് പകരമായി മൂന്ന് താരങ്ങളെയായിരുന്നു ബാഴ്‌സ കണ്ടുവെച്ചിരുന്നത്. ഇതിൽ നോർവിച്ച് താരം മാക്സ് ആരോൺസ്, അയാക്സിന്റെ ഡെസ്റ്റ്, എമേഴ്‌സൺ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ആദ്യത്തെ രണ്ട് പേർക്കും വേണ്ടിയായിരുന്നു ബാഴ്‌സ കഠിനശ്രമങ്ങൾ നടത്തിയത്. ഡെസ്റ്റുമായി കരാറിൽ എത്തിയതോടെ ഇനി ആരോൺസിന് വേണ്ടി ബാഴ്‌സ ശ്രമിച്ചേക്കില്ല.
പത്തൊൻപതുകാരനായ ഡെസ്റ്റ് മൂന്ന് തവണ അമേരിക്കക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2019 ഒക്ടോബറിൽ മെക്സിക്കോക്കെതിരെയാണ് താരം അരങ്ങേറ്റം കുറിച്ചത്. 2018-ലാണ് താരം അയാക്സിൽ എത്തിയത്. കഴിഞ്ഞ സീസണിൽ അരങ്ങേറ്റം കുറിച്ച താരം മുപ്പത്തിയാറു മത്സരങ്ങളിലാണ് ബൂട്ടണിഞ്ഞത്. രണ്ട് ഗോളുകളും ഈ ഡിഫൻഡർ നേടി. വലതുവിങ്ങിലും ഇടതുവിങ്ങിലും തനിക്ക് കളിക്കാനാവുമെന്ന് ഡെസ്റ്റ് മുമ്പ് അറിയിച്ചിരുന്നു. എന്നിരുന്നാലും റൈറ്റ് ബാക്ക് പൊസിഷനിൽ തന്നെ ആയിരിക്കും താരത്തെ ബാഴ്സ ഇറക്കുക.