ജെറെമി ഡോകു : യൂറോപ്യൻ ഫുട്ബോളിൽ ഇനി “ഡ്രിബ്ലിങ് രാജകുമാരന്റെ” നാളുകളോ

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ താരങ്ങളെ സംഭാവന ചെയ്ത രാജ്യമാണ് ബെൽജിയം. ഡി ബ്രൂയിൻ, ഹസാഡ്, ലുകാകു തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ബെൽജിയത്തിന്റെ സുവർണ നിരയിൽ നിന്നും ഉയർന്നു വരുന്ന പ്രതിഭയാണ് 19 കാരനായ ജെറെമി ഡോകു. റിയൽ മാഡ്രിഡ് ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങി യൂറോപ്പിലെ വമ്പന്മാരെല്ലാം ഈ അതിവേഗ വിങ്ങർക്ക് പിന്നാലെയാണ്. ഫ്രഞ്ച് ക്ലബ് റെന്നീസിന്റെ താരമായ ഡോകു വേഗത കൊണ്ടും ഡ്രിബ്ലിങ് കൊണ്ടും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്.

2020 യൂറോകപ്പിലാണ് ഡോകു ലോക ഫുട്ബോളിൽ തന്റെ സാനിധ്യം അറിയിച്ചത്. ക്വാർട്ടറിൽ ഇറ്റലിക്കെതിരെയുള്ള ബെൽജിയതിന്റെ പരാജയത്തിലും തല ഉയർത്തിപ്പിടിച്ചു നിന്ന താരമാണ് 19 കാരനായ ബെൽജിയൻ യുവ താരം ജെറമി ഡോക്കു. പരിക്കേറ്റ ഈഡൻ ഹസാർഡിനു പകരം ടീമിൽ ഇടം നേടിയ റെന്നസ് ഫോർവേഡ് വേഗത കൊണ്ടും കറുത്ത കൊണ്ടും പന്തിൽമേലുള്ള നിയന്ത്രണം കൊണ്ടും ഷൂട്ടിങ് പവർ കൊണ്ടും പേരുകേട്ട ഇറ്റാലിയൻ പ്രതിരോധത്തെ വട്ടം കറക്കി.യൂറോ 2020 ൽ ശ്രദ്ധിക്കേണ്ട ഒരു പ്രതിഭയായി താൻ എന്തിനാണ് വ്യാപകമായി കണക്കാക്കപ്പെടുന്നതെന്ന് 19 കാരൻ ഒറ്റ മത്സരത്തിലൂടെ കാണിച്ചുതന്നു.

ശക്തി കൊണ്ടും കഴിവ് കൊണ്ടും ഇടതു വിങ്ങിൽ മിന്നലായ ഡോക്കു ഇറ്റാലിയൻ റൈറ്റ് ബാക്ക് ഡി ലോറെൻസോയെ നിരന്തരം മറികടന്നു മുന്നേറി കൊണ്ടിരുന്നു. ഇന്നലത്തെ മത്സരത്തിൽ ബെൽജിയത്തിന്റെ മികച്ച കളിക്കാരൻ ഡോക്കു ആണെന്നത് ഒരു സംശയവും ഇല്ലാത്ത കാര്യമാണ്. യൂറോയിൽ താരത്തിന്റെ രണ്ടാമത്തെ മത്സരം മാത്രമാണിത് ആദ്യ രണ്ടു മത്സരങ്ങളിലും ബെഞ്ചിലായിരുന്ന ഡോക്കു ഡെന്മാർക്കിനെതിരെ പകരക്കാരനായി ഇറങ്ങിയിരുന്നു.

ബെൽജിയത്തിലെ നിരവധി സൂപ്പർ താരങ്ങളെ സംഭാവന ചെയ്ത ആൻഡർലെക്കിൽ നിന്നുമാണ് ഡോക്കുവിന്റെ വരവ്. 2016 ൽ ലിവർപൂളിൽ നിന്നും മികച്ച ഒരു ഓഫർ വന്നിരുന്നെങ്കിലും ബെൽജിയത്തിൽ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. 2018 വരെ ആൻഡർലെക്റ്റിന്റെ സീനിയർ ടീമിൽ കളിച്ചു തുടങ്ങിയ ഡോക്കുവിനെ 2020 ൽ ഫ്രഞ്ച് ക്ലബ് റെന്നെസ് സ്വന്തമാക്കി. 27 മില്യൺ യുറോക്കാണ് അവർ ഡോക്കുവിനെ സ്വന്തമാക്കിയത്. റെന്നെസിലെ മികച്ച പ്രകടനങ്ങൾ താരത്തെ ബെൽജിയൻ ടീമിലെത്തിക്കുകയും ചെയ്തു.

അതികം ഗോളുകളും അസിസ്റ്റും രേഖപെടുത്തിയില്ലെങ്കിലും വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായി താരം മാറി. ഡ്രിബ്ലിങ്ങും വിങ്ങുകളിലൂടെ പറക്കുന്ന വേഗതയിൽ പന്തുമായി മുന്നേറാനുള്ള കഴിവും ,ക്രിയേറ്റിവിറ്റിയും എല്ലാം കൊണ്ടും പുതു തലമുറയിലെ ഏറ്റവും മികച്ച താരങ്ങളുടെ ഇടയിൽ ഡോകുവും സ്ഥാനം പിടിച്ചു. ഇരു വിങ്ങുകളിലും ഒരു പോലെ തിളങ്ങുന്ന താരത്തിന്റെ അസാമാന്യ മെയ്വഴക്കവും ഫിറ്റ്നെസ്സും ,വിഷനും ,ഫൂട്ടവർക്കും എടുത്തു പറയേണ്ടതാണ്.

Rate this post