‘ക്ലബിനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ – വിരമിക്കലിന് ശേഷമുള്ള ബാഴ്‌സലോണയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് മെസ്സി

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് ലയണൽ മെസ്സി ബാഴ്സലോണ വിട്ട് പാരീസ് സെന്റ് ജെർമെയ്‌നിൽ ചേർന്നത്. എന്നാൽ അധികം താമസിയാതെ ക്യാമ്പ് നൗവിൽ തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് അര്ജന്റീന സൂപ്പർ താരം.ഫുട്‌ബോളിൽ നിന്ന് വിരമിക്കുമ്പോൾ ടെക്നിക്കൽ സെക്രട്ടറിയായി ഒരു സ്ഥാനം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ബാഴ്‌സലോണയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ലയണൽ മെസ്സി പറയുന്നു. കറ്റാലൻ ടീമിനൊപ്പം 21 വർഷം ചിലവഴിച്ച മെസ്സി ഇതിഹാസമായാണ് ക്ലബ് വിട്ടത്.

കളി അവസാനിപ്പിക്കുന്നതിന് ശേഷം ജീവിതത്തിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ തുടങ്ങുമ്പോൾ ഏതെങ്കിലുമൊരു ഘട്ടത്തിൽ ക്യാമ്പ് നൗവിലേക്ക് മടങ്ങാൻ മെസ്സി താല്പര്യപെടുന്നുണ്ട്.ഒരു ദിവസം ബാഴ്‌സയിലേക്ക് മടങ്ങിവരുമോ എന്ന് സ്‌പോർട്ടിന് നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു: “അതെ, ക്ലബ്ബിനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ എപ്പോഴും പറയുമായിരുന്നു”.

“എപ്പോഴെങ്കിലും ഒരു ടെക്നിക്കൽ സെക്രട്ടറിയാകാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ബാഴ്‌സലോണയിലായിരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. അല്ലെങ്കിൽ അത് മറ്റെവിടെയെങ്കിലും ആവും “.”സാധ്യതയുണ്ടെങ്കിൽ, എനിക്ക് കഴിയുന്നതിൽ വീണ്ടും സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഇത് ഞാൻ ഇഷ്ടപ്പെടുന്ന ക്ലബ്ബാണ്, അത് നല്ല നിലയിൽ തുടരാനും വളരാനും ലോകത്തിലെ മികച്ച ഒന്നായി തുടരാനും ഞാൻ ആഗ്രഹിക്കുന്നു.”

ഓഗസ്റ്റിൽ ഒരു വര്ഷം കൂടി നീട്ടാനുള്ള ഓപ്‌ഷനിൽ രണ്ടു വർഷത്തെ കരാറാണ് മെസ്സി പിഎസ്ജി യിൽ ഒപ്പുവെച്ചത്.തന്റെ ബാല്യകാല ടീമായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിൽ വീണ്ടും കളിക്കാനുള്ള ആഗ്രഹം പലപ്പോഴും ചർച്ച ചെയ്തിട്ടുള്ളതിനാൽ, തന്റെ കരിയറിലെ അവസാന ക്ലബ് PSG ആയിരിക്കുമോ എന്ന് അർജന്റീനിയൻ സ്ഥിരീകരിച്ചിട്ടില്ല. ഈ വർഷം പിഎസ്ജിയിൽ എത്തിയതിന് ശേഷം എട്ട് മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ ലീഗിൽ അഞ്ചു മത്സരങ്ങളിൽ നിന്നും ഒരു ഗോൾ പോലും നേടാനായിട്ടില്ല. ചാമ്പ്യൻസ് ലീഗിലാണ് മൂന്നു ഗോളുകളും പിറന്നത്.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ 2-0 വിജയത്തിൽ ഒരു ഗോളും ആർബി ലീപ്‌സിഗിനെ 3-2 ന് തോൽപ്പിച്ച് ഇരട്ട ഗോളുകൾ നേടി.

Rate this post