ബെൻസിമ കാരണം ഫ്രഞ്ച് ക്ലബിലേക്കുള്ള ട്രാൻസ്ഫർ ഒഴിവാക്കിയെന്ന് ജിറൂദ്

ഫ്രഞ്ച് ക്ലബായ ലിയോണിലേക്കുള്ള ട്രാൻസ്ഫർ താൻ ഒഴിവാക്കാൻ കാരണം ബെൻസിമയെ വളർത്തിയെടുത്ത ക്ലബായതു കൊണ്ടാണെന്ന് ചെൽസി സ്ട്രൈക്കർ ഒലിവർ ജിറൂദ്. ലിയോണിലേക്കു താൻ ചേക്കേറിയാൽ ബെൻസിമയുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ഉയരാൻ സാധ്യതയുള്ളത് ഒഴിവാക്കാൻ വേണ്ടിയാണ് ട്രാൻസ്ഫർ നിഷേധിക്കാൻ കാരണമെന്ന് ജിറൂദ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരിയിലും രണ്ടു വർഷം മുൻപും ജിറൂദിനായി ലിയോൺ ശ്രമം നടത്തിയിരുന്നു.

“അതു തന്നെയായിരുന്നു സത്യം. ഫുട്ബോൾ കരിയർ കഴിഞ്ഞതിനു ശേഷമായിരുന്നു അതെങ്കിൽ കുഴപ്പമില്ലായിരുന്നു. എന്നാൽ എന്റെ കുടുംബാഗങ്ങൾ അത്തരം ചർച്ചകളുടെ ഭാഗമാകുന്നതും ഫുട്ബോളിനു പുറത്തുള്ള ഇത്തരം ചർച്ചകൾ ട്രയിനിംഗിനിടയിൽ വരുന്നതും എനിക്കു ബുദ്ധിമുട്ടാണ്.” ലെ പ്രോഗ്രസിനോട് ജിറൂദ് പറഞ്ഞു.

ഫ്രഞ്ച് സഹതാരം മാത്യു വാൽബുവേനയുടെ സെക്സ് ടേപ്പ് പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തിയ കേസിൽ ബെൻസിമക്കെതിരെ കുറ്റാരോപണമുണ്ട്. ഇക്കാരണം കൊണ്ട് 2015നു ശേഷം ഫ്രാൻസിനു വേണ്ടി ഒരു മത്സരത്തിൽ ടീമിലിടം പിടിക്കാൻ താരത്തിനു കഴിഞ്ഞിട്ടില്ല.

ബെൻസിമയും ജിറൂദും തമ്മിലുള്ള പ്രശ്നം മുൻപും മറനീക്കി പുറത്തു വന്നിട്ടുണ്ട്. തന്നെയും ജിറൂദിനെയും താരതമ്യം ചെയ്യുന്നത് സാധാരണ കാറിനെ ഫോർമുല വൺ കാറിനോടു താരതമ്യം ചെയ്യുന്നതു പോലെയാണെന്നാണ് ബെൻസിമ മുൻപു പറഞ്ഞിട്ടുള്ളത്.

Rate this post