❛കരിം ബെൻസിമ ഞങ്ങളെ ഞെട്ടിച്ചു, ക്ലബ്ബ് വിടുകയാണെന്ന തീരുമാനം പറഞ്ഞത് രാവിലെ മാത്രം..❜-ആൻസിലോട്ടി

റയൽ മാഡ്രിഡിന്റെ ഉൾപ്പടെ ഫുട്ബോൾ ഫാൻസിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു സൂപ്പർ താരമായ കരീം ബെൻസെമ ടീം വിടുന്ന കാര്യം റയൽ മാഡ്രിഡ്‌ ഒഫീഷ്യലി പ്രഖ്യാപിച്ചത്. തന്റെ ഭാവിയെ സംബന്ധിച്ചുള്ള കാര്യത്തിൽ ഇന്റർനെറ്റ്‌ അല്ല യാഥാർഥ്യമെന്ന് കരീം ബെൻസെമയും, ബെൻസെമ റയലിൽ തുടരുമെന്ന് പരിശീലകൻ കാർലോ ആൻസലോട്ടിയും ആരാധകരോട് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് റയൽ മാഡ്രിഡ്‌ ഒഫീഷ്യൽ പ്രഖ്യാപനം നടത്തുന്നത്.

കരീം ബെൻസെമ റയൽ വിട്ടുപോകുന്ന കാര്യം തങ്ങൾക്കറിയില്ലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌ പരിശീലകനായ കാർലോ ആൻസലോട്ടി. കരീം ബെൻസെമ ഇക്കാര്യം ഇന്ന് രാവിലെയാണ് ഞങ്ങളോട് പറഞ്ഞത് എന്നായിരുന്നു അവസാന മത്സരശേഷം കാർലോ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

മത്സരത്തിൽ റയലിനു വേണ്ടി തന്റെ അവസാന ഗോൾ നേടി കരീം ബെൻസെമ സാന്റിയാഗോ ബെർണബുവിനോട് വിട പറഞ്ഞു. റയൽ മാഡ്രിഡിന്റെ തൂവെള്ള ജേഴ്സിയിൽ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പടെ 354 ഗോളുകൾ, 165 അസിസ്റ്റുകൾ നേടിയാണ് ഫ്രഞ്ച് താരം പടിയിറങ്ങുന്നത്.കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലൂക്ക മോഡ്രിച്ചിനും ശേഷം സാന്റിയാഗോ ബെർണബുവിലേക്ക് ബാലൻ ഡി ഓർ എത്തിക്കാനും കരീമിക്കക്ക് കഴിഞ്ഞു.

കരീം ബെൻസെമയെ കൂടാതെ സൂപ്പർ താരങ്ങളായ ഈഡൻ ഹസാർഡ്, മാർക്കോ അസെൻസിയോ, മരിയാനോ തുടങ്ങിയവരും സ്പാനിഷ് ക്ലബ്ബിനോട് വിട പറഞ്ഞു. മാർക്കോ അസെൻസിയോ പിഎസ്ജിയിലേക്കാണ് നീങ്ങുന്നത്, ലിയോ മെസ്സി ടീം വിട്ട സാഹചര്യത്തിലാണ് പിഎസ്ജി സ്പാനിഷ് താരത്തിനെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഈഡൻ ഹസാർഡിന്റെ കാര്യം ഇതുവരെ തീരുമാനമായിട്ടില്ല, മുന്നോട്ടുള്ള യാത്രയിൽ മികച്ച ക്ലബ്ബുകളെ ലഭിച്ചില്ലെങ്കിൽ താരം ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കാനും സാധ്യതകൾ ഉണ്ടെന്നാണ് വിലയിരുത്തൽ.

കരീം ബെൻസെമയെ സ്വന്തമാക്കാൻ സൗദിയിൽ നിന്നുമുള്ള വമ്പൻ ക്ലബ്ബുകൾ വരുന്നുണ്ട്. താരത്തിനു വേണ്ടി വർഷം 100 മില്യൺ സാലറിയും അതിനൊപ്പം തന്നെ ഒരുപാട് മോഹഓഫറുകളും നൽകി സൗദി അറേബ്യയും നിലവിലെ പ്രോ ലീഗ് ജേതാക്കളായ അൽ ഇതിഹാദും സൈനിങ് പൂർത്തിയാക്കാൻ തയ്യാറായി നിൽക്കുകയാണ്.