റാമോസ് വിചാരിച്ചിരുന്നെങ്കിൽ ബെൻസിമക്ക് മെസിക്കു മുന്നിലെത്താമായിരുന്നു

2014-15 സീസണിൽ റൊണാൾഡോയാണ് റയലിനു വേണ്ടി ലാലിഗ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി പുരസ്കാരം അവസാനമായി നേടുന്നത്. അതിനു ശേഷം ഇതുവരെ സുവാരസ്, മെസി എന്നിവരിലൂടെ ബാഴ്സ താരങ്ങൾ മാത്രമേ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ. ഇത്തവണയും ബാഴ്സ നായകനായ മെസി തന്നെയാണ് പിച്ചിച്ചി സ്വന്തമാക്കാനുള്ള ഗോൾവേട്ടയിൽ മുന്നിൽ നിൽക്കുന്നത്.

എന്നാൽ യഥാർത്ഥത്തിൽ റയൽ സ്ട്രൈക്കർ ബെൻസിമക്ക് ഈ നേട്ടം സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നു എന്നതാണ് സത്യം. എന്നാൽ റയലിന്റെ പെനാൽട്ടികൾ എടുക്കുന്നത് നായകൻ റാമോസാണെന്നത് ബെൻസിമ ടോപ് സ്കോറർമാരിൽ രണ്ടാം സ്ഥാനത്തേക്കു വീഴാൻ കാരണമായി. അതേ സമയം ബാഴ്സയുടെ പെനാൽട്ടികൾ എടുക്കുന്നതു കൊണ്ടു കൂടിയാണ് മെസി മുന്നിലെത്തിയത്.

നിലവിൽ മെസിക്ക് ഇരുപത്തിരണ്ടും ബെൻസിമക്ക് പതിനെട്ടും ഗോളാണ് ലാലിഗയിലുള്ളത്. ഇരുപത്തിരണ്ടിൽ അഞ്ചു ഗോൾ മെസി പെനാൽട്ടിയിലൂടെയാണ് നേടിയത്. അതേ സമയം റയലിന് ലാലിഗയിൽ ആറു പെനാൽട്ടികളാണ് ലഭിച്ചത്. അത് ബെൻസിമ എടുത്തിരുന്നെങ്കിൽ ഒരു പക്ഷേ മെസിക്കു മുന്നിലെത്താൻ താരത്തിനു കഴിഞ്ഞേനെ.

അതേ സമയം പെനാൽട്ടികൾ എടുക്കുന്ന കാര്യത്തിൽ മികച്ച റെക്കോർഡാണ് ഈ സീസണിൽ റയലിനുള്ളത്. റയലിനു ലഭിച്ച പത്തു പെനാൽട്ടികളിൽ പത്തെണ്ണവും ഗോളായി മാറിയിട്ടുണ്ട്. കിരീടപ്പോരാട്ടത്തിൽ മുന്നിലെത്താൻ അവരെ സഹായിച്ചതും റാമോസിന്റെ പെനാൽട്ടിയിലുള്ള മികവാണ്.

Rate this post