” മത്സരത്തിന്റെ മുന്നോടിയായുള്ള പ്രസ് മീറ്റ് മാറ്റിവെച്ചു , ബ്ലാസ്റ്റേഴ്സിന്റെ നാളത്തെ മത്സരം നടക്കുമോ ?”

ഇന്ത്യൻ സൂപ്പർ ലീഗിലെ കോവിഡ് വ്യാപനം കേരള ബ്ലാസ്റ്റേഴ്സിനെയും ശക്തമായ രീതിയിൽ ബാധിച്ചിരുന്നു. കളിക്കാർക്ക് കോവിഡ് ബാധിച്ചതിനെ പേരിൽ മുംബൈക്കെതിരെയുള്ള മത്സരം മാറ്റിവെക്കുകയും ചെയ്തിരുന്നു.ഞായറാഴ്ച മത്സരം കിക്കോഫ് ചെയ്യാൻ മൂന്നരമണിക്കൂർ മാത്രം ബാക്കി നിൽക്കെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റി വെച്ചത്. എന്നാൽ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഇല്ലാതിരുന്ന നിലവിലെ സ്ഥിതിയിൽ നാളെ മോഹൻ ബഗാനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

നാളെ നടക്കുന്ന മത്സരത്തിന് മുന്നെ ഇന്ന് നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പത്ര സമ്മേളനം ഉപേക്ഷിച്ചു. പരിശീലകനും താരങ്ങളും ഐസൊലേഷനിൽ ആണ് എന്നതാണ് പ്രസ് മീറ്റ് ഉപേക്ഷിക്കാൻ കാരണം. ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രസ് മീറ്റ് മാറ്റിവെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പകുതിയോളം താരങ്ങൾ ഇപ്പോഴും കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.മത്സരദിനത്തിന്റെ തലേന്നുള്ള പത്രസമ്മേളനം റദ്ദാക്കിയതിലൂടെ നാളത്തെ മത്സരം നടക്കില്ലെന്ന സൂചനകൾ ശക്തമായിരിക്കുകയാണ്.

ഒഡിഷയ്ക്കെതിരായ മത്സരശേഷം കേരളാ ബ്ലാസ്റ്റേഴ്സ് പരിശലനം നടത്തിയിട്ടില്ല . ആദ്യഘട്ടത്തിൽ ടീം അം​ഗങ്ങൾക്കും പരിശീലകസംഘം​ഗങ്ങൾക്കും കോവിഡ് ബാധിച്ചില്ലായിരുന്നുവെന്നായിരുന്നു വാർത്തകൾ വന്നത്. എന്നാൽ പിന്നീട് മുംബൈ സിറ്റിക്കെതിരായ മത്സരം മാറ്റിവച്ചതോടെ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലും കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരണം വന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് ക്യാംപിൽ ആർക്കൊക്കെയാണ് കോവി‍ഡ് ബാധ എന്ന് വ്യക്തമല്ല.

കേരള ബ്ലാസ്റ്റേഴ്സിലെ വിദേശ താരങ്ങൾക്കും കോവിഡ് ബാധിച്ചു എന്നാണ് പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയുടെ ട്വീറ്റിൽ നിന്നും വ്യക്തമാകുന്നത്. നാളെ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായ ബഗാൻ ഇന്നലെ മുതൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല.