“വിജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും”
ആഗ്രഹിച്ച തുടക്കം അല്ല ഈസ്റ്റ് ബംഗാളിന് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്; നാല് മത്സരത്തിൽ നിന്ന് 3 തോൽവിയും 1 സമനിലയും അടക്കം 1 പോയിന്റ് ആണ് ആകെ സമ്പാദ്യം. പ്രധാന തലവേദന ഏത് സമയവും പൊട്ടാൻ സാധ്യതയുള്ള പ്രതിരോധം തന്നെ. ഗോളുകൾ 7 എണ്ണം അടിച്ചെങ്കിലും വഴങ്ങിയത് 9 എണ്ണം. ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാൻ ഇറങ്ങുന്ന ടീമിന് ജയം മാത്രമേ മുന്നോട്ടുള്ള യാത്രക്ക് കരുത്ത് പകരൂ എന്ന് ഉറപ്പ്. മറുവശത്ത് ഐ എസ് എലിൽ ഏറ്റവും ആരാധകരുള്ള മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് ആത്മവിശ്വാസത്തിലാണ്. പോയിന്റ് പട്ടികയിൽ മുന്നിലുള്ള ഒഡിഷക്ക് എതിരെ നേടിയ ജയം വരാനിരിക്കുന്ന വലിയ വിജയങ്ങളുടെ സൂചനയായി കാണാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇഷ്ടപെടുന്നു
കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ബ്ലാസ്റ്റേഴ്സിന് നിരന്തര തലവേദന ആയിരുന്ന പ്രധിരോധ പ്രശ്നങ്ങൾ സിപോ -ലെസ്‌കോ സഖ്യത്തിന്റെ വരവോട് കൂടി അവസാനിച്ചിട്ടുണ്ട്. ഒഡിഷക്ക് എതിർപ്പുറത്തെടുത്തത് “ഹൈ പ്രെസ്സിങ്”ശൈലിയോട് ടീമംഗങ്ങൾ മുഴുവൻ പൊരുത്തപ്പെട്ടിട്ടുണ്ട് . വേഗതയേറിയ ആക്രമണ ശൈലി പുറത്തെടുക്കാനായാൽ ഈസ്റ്റ് ബംഗാളിനെ മറികടക്കാൻ സാധ്യതയുണ്ട്. ലീഗിൽ ഇതുവരെയുള്ള കണക്കിൽ ഏറ്റവും മോശം പ്രധിരോധമുള്ള ടീമാണ് ഈസ്റ്റ് ബംഗാൾ,അതിനാൽ തന്നെ ലൂണായും സഹലും ,വാസ്‌കസും ഒകെ ചേരുന്ന നിര വിചാരിച്ചാൽ ബ്ലാസ്റ്റേഴ്‌സ് വിജയമുറപ്പിക്കും.
എതിർവശത്ത് നോഗുവേര -പെറോസേവിക് സഖ്യത്തെ തടയാൻ സിപോ -ലെസ്‌കോ സഖ്യത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.ബ്ലാസ്റ്റേഴ്സിന്റെ ഭൂട്ടാനീസ് റൊണാൾഡോ എന്ന പേരിൽ അറിയപ്പെടുന്ന ചെഞ്ചോ ഗെയ്ൽറ്റ്ഷെന് ആദ്യ ഇലവനിൽ അവസരം കൊടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.എന്തായാലും കഴിഞ്ഞ മത്സരത്തിന് ശേഷം ഖബ്ര പറഞ്ഞ വാക്കുകൾ പോലെ”അമിത ആത്മവിശ്വാസം ആപത്താണ്,ഒരു കളിയെ ജയിച്ചിട്ടൊള്ളു,ഒരുപാട് മുന്നേറാനുണ്ട്”. അമിത ആത്മവിശ്വാസം കാണിക്കാതെ ബ്ലാസ്റ്റേഴ്‌സ് മികച്ച പോരാട്ടം നടത്തുമെന്ന് ആരാധകർ ആഗ്രഹിക്കുന്നു
മാനേജ്‌മന്റ് ഒരുപാട് വർഷത്തേക്കുള്ള ടീമിനെ നിലനിർത്തുന്നതിന്റെ ഭാഗമായി മികച്ച ഒരുക്കങ്ങളാണ് ഈ സീസണിൽ നടത്തിയത് . ചെറുപ്പത്തിന്റെ ചുറുചുറുക്ക് കേരള ബ്ലാസ്റ്റേഴ്സ് ടീമിന് മുതൽക്കൂട്ട് ആകുമെന്ന് പ്രതീക്ഷിക്കാം . പരിചയസമ്പന്നരായ വിദേശതാരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും ചേരുന്നതാണ് ഇത്തവണത്തെ ടീം. യുവതാരങ്ങളില്‍ സഹല്‍ അബ്ദുല്‍ സമദ്, കെ പ്രശാന്ത് , ജീക്സന്‍ സിങ്, ഹോര്‍മിപാം, നിഷുകുമാര്‍, സഞ്ജീവ് സ്റ്റാലിന്‍,,ഗിവ്സന്‍ സിങ്, ആയുഷ് അധികാരി, വിന്‍സി ബരെറ്റോ എന്നിവര്‍ എല്ലാം മികച്ചവർ തന്നെ ..28 അംഗ ടീമില്‍ 15 പേര്‍ 25 വയസില്‍ താഴെയുള്ളവരാണ് .എന്തായാലും ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച കളി പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം .