“പ്ലെ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ജംഷദ്പൂർ “

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പ്ലെ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ജംഷഡ്‌പൂർ. ഇന്ന് നടന്ന പോരാട്ടത്തിൽ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് ജംഷദ്പൂർ ഒന്നാം സ്ഥാനവും ലീഗ് ജേതാക്കൾക്ക് ഉള്ള ഷീൽഡും ഉറപ്പിച്ചത്. ഇന്ന് 2 ഗോൾ വ്യത്യാസത്തിൽ വിജയിച്ചാൽ മാത്രമെ മോഹൻ ബഗാന് ഐ എസ് എല്ലിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ആകുമായിരുന്നുള്ളൂ‌. 56ആം മിനുട്ടിൽ യുവ താരം റിത്വിക് ദാസ് നേടിയ ഗോളിനായിരുന്നു ജംഷെദ്‌പൂരിൽ ജയം.

20 മത്സരങ്ങളിൽ 43 പോയിന്റുമായി ജംഷദ്പൂർ ലീഗിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 38 പോയിന്റുമായി ഹൈദരബാദ് രണ്ടാമതും എ ടി കെ മോഹൻ ബഗാൻ 37 പോയിന്റുമായി മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 34 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് നാലാമതും ഫിനിഷ് ചെയ്തു. 2016 നു ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫിലേക്ക് യോഗ്യത നേടുന്നത്.

ഇരു പാദങ്ങളിലുമായി മാർച്ച് 11, മാർച്ച് 15 തിയ്യതികളിലാണ് ബ്ലാസ്റ്റേഴ്സിന്റെ സെമി പോരാട്ടങ്ങൾ നടക്കുക.മാർച്ച് 11, മാർച്ച് 15 തിയ്യതികളിൽ ആദ്യ സെമിയും, മാർച്ച് 12, മാർച്ച് 16 തീയ്യതികളിൽ രണ്ടാം സെമിയും, തുടർന്ന് മാർച്ച് 20 ഞായറാഴ്ച്ച ഫൈനൽ പോരാട്ടവും നടക്കും. ഗോവ ഫറ്റോർദയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമാണ് ഫൈനലിന്റെ വേദി. സെമി ഫൈനൽ മത്സരങ്ങളിൽ എവേ ഗോൾ ആനുകൂല്യം ലഭിക്കില്ലെന്ന് ഐ.എസ്.എൽ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ രണ്ടു തവണയും പ്ലെ ഓഫിലേക്ക് യോഗ്യത നേടിയപ്പോൾ ഫൈനലിൽ എത്തിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ കിരീടം നേടാനായില്ല. എന്നാൽ മൂന്നാം തവണ പ്ലെ ഓഫിലേക്ക് എത്തി നിൽക്കുമ്പോൾ കിരീടത്തിലേക്ക് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്‌ഷ്യം വെക്കുന്നത്. നിലവിലെ ഫോമിൽ ബ്ലാസ്റ്റേഴ്സിനും കിരീട സാധ്യത കല്പിക്കുന്നുണ്ട്.

Rate this post