“കേരള ബ്ലാസ്റ്റേഴ്‌സ് എന്തുകൊണ്ട് മലയാളികൾക്ക് സ്പെഷ്യൽ ടീമാകുന്നു”

മത്സരങ്ങൾ കാണുകയും ടീമിന് വേണ്ടി ആർപ്പുവിളിച്ച് പിന്തുണയ്ക്കുകയും ചെയ്യുക മാത്രമല്ല അവരുടെ ടീമുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങൾ ഉപയോഗിക്കുക, ഉത്പന്നങ്ങൾ വാങ്ങുക ഇങ്ങനെ ഒക്കെ എല്ലാ ഘടകങ്ങളും ഒത്തുചേരുമ്പോൾ ആ വ്യവസായ വളർച്ച മികച്ച രീതിയിൽ എത്തുകയും ചെയ്യും. ഇത് ഏറ്റവും കൂടുതൽ കാണുന്നത് ഫുട്ബോളിലാണെന്ന് പറയാം വലിയ പോരാട്ടങ്ങളിലെ മത്സരവീര്യവും, വീറും – വാശിയും ഒക്കെ കളിക്കളത്തിൽ പ്രതിഫലിക്കുന്നത് ഗാലറിയിലെ വീര്യം കൂടി ചേരുമ്പോഴാണ് .

ഇന്ത്യയിലും ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോൾ ഗാലറികൾ നിറഞ്ഞ് ആവേശത്തോടെ ടീമിന് പിന്തുണ വിളിക്കുന്ന കാണികളെ കാണുമ്പോൾ (ഫുട്ബോൾ വലിയ വളർച്ച കൈവരിക്കാത്ത രാജ്യം ആണെന്ന് ഓർക്കണം ) അവർ ടീമിനെ ചങ്ക് പറിച്ച് സ്നേഹിക്കുമ്പോൾ ആകെ അവർ ആഗ്രഹിക്കുന്നത് ടീമിന്റെ വിജയം മാത്രമാണ്, തോൽവി ആണെങ്കിൽ പോലും ടീം മികച്ച രീതിയിൽ പോരാടിയാൽ പോലും അവർ അത് ആസ്വദിക്കും.സ്കോട്ലൻഡിന്റെ ഫുട്ബോൾ താരം മാറ്റ് ബബ്സി ഇങ്ങനെ പറഞ്ഞു “ആരാധകരില്ലാതെ ഫുട്ബോൾ ഒന്നുമല്ല”. അത്തരത്തിൽ ആരാധകരുടെ പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ക്ലബ് നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും,അതെ മലയാളികളുടെ സ്വന്തം “കേരള ബ്ലാസ്റ്റേഴ്‌സ്” ക്രിക്കറ്റിനും ഫുട്ബോളിനും രാജ്യത്ത് ഒരുപാട് ആരധകർ ഉണ്ടെങ്കിലും രാജ്യത്തിൻറെ കായിക നേട്ടങ്ങൾ അറിയപ്പെടുന്നത് ക്രിക്കറ്റിന്റെ പേരിലാണ് .എന്നാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ എസ് എൽ) കടന്നുവരവോടെ ഇന്ത്യൻ ഫുട്ബോളിന് ഒരു പ്രൊഫഷണൽ സമീപനം കൈവന്നിട്ടുണ്ട് .

വർഷം 2014 ,ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അവരുടെ പത്രക്കുറുപ്പിൽ ഇങ്ങനെ എഴുതി”ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള 8 ടീമുകളുടെ ലേലം അവസാനിക്കുമ്പോൾ കൊച്ചിയിൽ നിന്ന് ഒരു ടീമുണ്ടാകും ,ടീമിന്റെ ഉടമകളായി സച്ചിൻ ടെണ്ടുൽക്കറും സീരിയൽ താരം പ്രസാദുമായിരിക്കും”.കേരളത്തിലെ ആളുകൾകിക്കിടയിൽ സച്ചിനുള്ള സ്വാധീനം വളരെ വലുതായതിനാൽ കേരളത്തിൽ നിന്നുള്ള ടീമിന് കളിക്കും മുമ്പേ ആരാധകർ കൂടി എന്ന് പറയാം .ഇതിഹാസ താരം ഡേവിഡ് ജെയിംസ് ഗോൾ കീപ്പറും മാർക്യൂ താരവുമായി ക്ലബ് ആദ്യ സീസണുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

2014 സീസൺ-വിദേശ താരങ്ങളേയും ഇന്ത്യൻ താരങ്ങളും ഒരു സങ്കമായി കളിച്ച ടീം ആദ്യ സീസണിൽ തന്നെ രണ്ടാം സ്ഥാനത്ത് എത്തി .ആദ്യ മത്സരം തോറ്റുതുടങ്ങിയ ടീം പതുക്കെ വിജയ ട്രാക്കിലേക്ക് വരുകയും ലീഗിൽ നാലാം സ്ഥാനത്ത് എത്തി സെമി ഫൈനലിന് യോഗ്യത നേടി .ഐ എസ് എൽ കണ്ട ഏറ്റവും മികച്ച മത്സരത്തിന്റെ ഭാഗമായി ചെന്നൈ എഫ് സിയെ ഇരുപാദങ്ങളുമായി (4 -3 )ന് തകർത്ത് ഫൈനലിൽ എത്തി .ഫൈനൽ മത്സരത്തിൽ അവസാന നിമിഷത്തെ അശ്രദ്ധ(1 -0 ) ന് കൊൽക്കത്തയോട് വിജയം കൈവിട്ടെങ്കിലും ആരധകരുടെ മനസ്സ് നിറച്ച സീസൺ ആയിരുന്നു അത് .ഇയാൻ ഹ്യൂം,സന്ദേശ് ജിങ്കൻ തുടങ്ങി ഒരുപിടി മികച്ച താരങ്ങളുടെ ചിറകിലേറി ആയിരുന്നു കേരളത്തിന്റെ കുതിപ്പ്

2015-ഒറ്റ വാക്കിൽ പറഞ്ഞാൽ ദുരന്തപൂർവമായ ഒരു സീസൺ എന്ന് പറയാം .ഡേവിഡ് ജെയിംസിന് പകരം പീറ്റർ ടൈലർ(മുൻ ഇംഗ്ലണ്ട് അൺഡർ 20 കോച്ച് ) ആയിരുന്നു സീസണിൽ പരിശീലകൻ .14 മത്സരങ്ങളിൽ വെറും 3 മത്സരം മാത്രം ജയിച്ച ടീമിന്റെ പരിശീലക സ്ഥാനത്ത് സീസണിൽ തന്നെ 3 പേര് വന്നു എന്നതിൽ തന്നെ കാണാം ദുരവസ്ഥ .അവസാന സ്ഥാനക്കാരായിട്ടാണ് ടീം പോരാട്ടം അവസാനിപ്പിച്ചത് .

2016-ഒരിക്കൽ കൂടി കൊൽകടത്തയോട് ഫൈനലിൽ പരാജയപെട്ട് രണ്ടാം സ്ഥാനത്ത് ഒതുങ്ങിയെങ്കിലും കഴിഞ്ഞ ആറു സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ടീമാണ് 2016-ലെ ടീം എന്ന് നമുക്ക് നിസ്സംശയം പറയാം. 2015-ൽ തകർന്നടിഞ്ഞ ടീമിനെ കര കയറ്റാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്‌ ആദ്യം തന്നെ ചെയ്തത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ക്രിസ്റ്റൽ പാലസിന്റെ മുൻ പരിശീലകനായ സ്റ്റീവ് കൊപ്പലിനെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായ്‌ നിയമിക്കുകയും ചെയ്തു .പ്രതിരോധാത്മക ശൈലിയിൽ അടിയുറച്ച് വിശ്വസിക്കുന്ന പരിശീലകനായിരുന്നു സ്റ്റീവ് കൊപ്പൽ. ബ്ലാസ്റ്റേഴ്സ് പരിശീലകനായ്‌ ചുമതലയേറ്റ ശേഷം തന്റെ തന്ത്രങ്ങൾക്ക് അനുയോജ്യരായ താരങ്ങളെ തന്നെയാണ് അദ്ദേഹം ടീമിലെത്തിച്ചത്. ടീമിന്റെ മാർക്യൂ താരമായ്‌ നോർത്തേൺ അയർലൻഡ് ദേശീയ ടീം അംഗവും, ക്യാപ്റ്റനുമായ പ്രതിരോധ താരം ആരോൺ ഹ്യൂസിനെ ടീമിൽ എത്തിച്ചു.സീസണിൽ പല മത്സരങ്ങളിലും അവസാന നിമിഷം ഗോൾ നേടി ബ്ലാസ്റ്റേഴ്സ് വിജയം കൈപ്പിടിയിലൊതുക്കി. ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംഘങ്ങളിൽ ഒന്നായിരുന്നു 2016 ലേ കേരള ടീം

2017-കഴിഞ്ഞ തവണ ഫൈനലിൽ പരാജയപ്പെട്ടത് കൊണ്ട് സ്റ്റീവ് കോപ്പൽ പുതിയ കരാർ ഒപ്പിടിരുന്നില്ല . പുതിയ പരിശീലകനായി റെനി മ്യുലെൻസ്റ്റീൻ (മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ പരിശീലകൻ ) നിയമിപ്പികപ്പെട്ടു . കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളെ പലരെയും ഒഴിവാക്കിയ ടീം പുതിയതായി കൊണ്ടുവവന്ന താരങ്ങൾ ആരും പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല . ആദ്യ 8 മലസരങ്ങളിൽ കേവലം ഒരെണ്ണം മാത്രം ജയിച്ച ടീം പരിശീലകനെ പുറത്താക്കി . പകരം ഒരിക്കൽകൂടി ഡേവിഡ് ജെയിംസിനെ തിരികെ എത്തിച്ചു . ഒടുവിൽ ആറാം സ്ഥാനത്ത് ആണ് ടീം പോരാട്ടം അവസാനിപ്പിച്ചത് .

2018-കേരളത്തിന്റെ ഏറ്റവും മോശം സീസൺ ആയിരുന്നു 2018 . ഡേവിഡ് ജെയിംസ് മാജിക് വീണ്ടും ആവർത്തിക്കും എന്ന് വിചാരിച്ച ആരാധകരുടെ കണക്ക് കൂടലുകൾ തെറ്റിപ്പോയ സീസണിൽ ആകെ 2 മൽസരങ്ങൾ മാത്രമാണ്’ടീമിന് ജയിക്കാൻ സാധിച്ചത് . ഇതിനിടയിൽ ജെയിംസിനെ പുറത്താക്കിയ ക്ലബ് പകരം പുതിയ പരിശീലകനെ എത്തിച്ചെങ്കിലും ഒമ്പതാം സ്ഥാനത്ത് ആണ് ടീം പോരാട്ടം അവസാനിപ്പിച്ചത്

2019-കഴിഞ്ഞ സീസണിൽ നടത്തിയ മോശം പ്രകടനം മറക്കാൻ മികച്ച സീസൺ അനിവാര്യമായിരുന്നു വലിയ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങൾക്ക് എത്തിയത്. അതിന് പ്രധാന കാരണം കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ പ്ലേയോഫിൽ എത്തിച്ച പരിശീലകൻ ഈൽകോ ഷാറ്റോറിയെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി നിയമിച്ചതാണ്. ഒപ്പം നോർത്ത് ഈസ്റ്റിന്റെ തന്നെ മികച്ച മുന്നേറ്റ താരം ഓഗ്‌ബെച്ചേ കൂടി വന്നപ്പോൾ പ്രതീക്ഷകൾ വാനോളം ഉയർന്നു. എന്നാൽ താരങ്ങൾക്ക് സംഭവിച്ച പരിക്കുകൾ ടീമിന് തിരിച്ചടിയായി.ആ തിരിച്ചടികൾ ടീമിനെ ബാധിച്ചു . മികച്ച കുറച്ച് മൽസരങ്ങൾ കളിക്കാൻ സാധിച്ചെങ്കിലും ഏഴാം സ്ഥാനത്ത് ആയിരുന്നു. പോരാട്ടം അവസാനിപ്പിച്ചത് .

2020-വലിയ ആരാധക കൂട്ടായ്മ ആയ മഞ്ഞപടയും കേരള ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്ന ലക്ഷകണക്കിന് ആരാധകർക്ക് നിരാശയുടെ മറ്റൊരു സീസൺ കൂടി കടന്നു പോയിരിക്കുന്നു. ഒരുപാട് പ്രതീക്ഷകളോടെ 2019 ഐ ലീഗ് സിസണിൽ മോഹൻ ബഗാനെ കിരീടത്തിലേക്ക് എത്തിച്ച കിബു വിക്കൂന എന്ന മിടുക്കനായ പരിശീലകന്റെ വരവിൽ ആരാധകർ ഒരു ഐ. എസ് .എൽ കിരീടം സ്വപ്നം കണ്ടു തുടങ്ങി. എന്നാൽ വെറും 3 മത്സരങ്ങൾ മാത്രമാണ് ടീമിന് ജയിക്കാൻ സാധിച്ചത്. പല മത്സരങ്ങളിലും ആദ്യം മുന്നിലെത്തിയ ടീം പതിനഞ്ചിലധികം പോയിന്റുകളാണ് നഷ്ട്ടപെടുത്തിയത്. ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ സംഖ്യമായി തുടക്കത്തിലെ വിലയിരുത്തിയ കോസ്റ്റ – കോനെ കൂട്ടുകെട്ട് ദുരന്തമായിമാറുന്ന കാഴ്ച്ചയാണ് ആദ്യ മത്സരത്തിന് ശേഷം ആരാധകർ കണ്ടത്. ഇരുവരുടെയും നേതൃത്വത്തിൽ ഉള്ള പ്രതിരോധത്തതിലെ പിഴവുകൾ കാരണം ജയിക്കേണ്ട പല മത്‌സരങ്ങളും ടീം പരാജയപ്പെട്ടു.

2021-ഐ എസ് എല്ലിൽ ഏറ്റവും ജനപ്രീതിയുള്ള ടീമുകളിൽ മുൻപന്തിയിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ അവരുടെ ആരാധകരുടെ മുന്നിൽ പല കാര്യങ്ങളും തെളിയിക്കേണ്ടതുണ്ടായിരുന്നു . മികച്ച ആരാധക സംഘം ബ്ലാസ്റ്റേഴ്സിന് പിന്തുണ നൽകാനുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു സീസണുകളിലായി ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നിരാശാജനകമാണ്. അതുകൊണ്ട് തന്നെ ഐ എസ് എല്ലിന്റെ പുതിയ സീസണിൽ ഉയിർത്തെഴുന്നേൽക്കാൻ കോപ്പ് കൂട്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ തുടങ്ങിയത് . കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണയ്ക്ക് അല്പം ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും, ഈ സീസണിലെ പ്രകടനത്തിലൂടെ അത് തിരിച്ചുപിടിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

ആറു വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തികൊണ്ട് പ്ലെ ഓഫിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ചങ്ക് പറിച്ചു സ്നേഹിക്കുന്ന ആരാധകർക്ക് വേണ്ടിയുള്ളതെയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഈ പ്ളേ ഓഫ് പ്രവേശനം എന്ന് പറയേണ്ടി വരും. മുൻ വര്ഷങ്ങളിലെ പിഴവുകൾ എല്ലാം തിരുത്തിയ ബ്ലാസ്റ്റേഴ്‌സ് ആധികാരികമായാണ് ഇത്തവണ പ്ലെ ഓഫിലെത്തിയത്.സീസൺ അവസാനിക്കുമ്പോൾ ഒരുപിടി ക്ലബ് റെക്കോർഡുകളും തകർത്തു. 20 മത്സരങ്ങളിൽ നിന്ന് ഒമ്പത് വിജയവും ഏഴ് സമനിലയും നാല് തോൽവിയുമായി 34 പോയിന്റാണ് സീസണിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സ് സീസണിൽ ഏറ്റവുമധികം വിജയവും പോയിന്റും നേടുന്നത് ഇക്കുറിയാണ്. 34 ​ഗോളാണ് ഇക്കുറി ബ്ലാസ്റ്റേഴ്സ് അടിച്ചുകൂട്ടിയത്. ഇതും റെക്കോർഡാണ്. 34 അടിച്ചുകൂട്ടിയപ്പോൾ 24 ​ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായാണ് ബ്ലാസ്റ്റ്ഴ്സ് വഴങ്ങിയ ​ഗോളിനേക്കാൾ കൂടതൽ അടിച്ചത്. അതും പത്ത് ​ഗോൾ വ്യത്യാസം. ലീ​ഗിൽ തുടർച്ചയായി പത്ത് കളി തോൽവിയറിയാതെയും ഇക്കുറി ബ്ലാസ്റ്റേഴ്സ് കുതിച്ചു. ഇതും ക്ലബ് റെക്കോർഡാണ്.

Rate this post