“ഇടഞ്ഞ കൊമ്പൻ തകർന്നടിഞ്ഞു, ജംഷഡ്‌പൂരിന് മുന്നിൽ ദയനീയമായി കീഴടങ്ങി ബ്ലാസ്റ്റേഴ്‌സ്”

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ഇന്ന് നടന്ന പോരാട്ടത്തിൽ ജംഷഡ്‌പൂർ എഫ്സി എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തെറിഞ്ഞത്.രണ്ട് പെനാൾട്ടികൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്.

ജാംഷെഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നാല് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്.എനെസ് സിപോവിച്ച്, ദെനെചന്ദ്ര മീത്തെ, വിൻസി ബാരെറ്റോ, പ്യൂയ്റ്റിയ എന്നിവർ ഇന്ന് ആദ്യ ഇലവനിൽ ഇടം പിടിച്ചു.സസ്പെൻഷൻ കാരണം ആയുഷും ഡിയസും ഇന്ന് ടീമിൽ ഇല്ല. റൂയിവ ഹോർമിപാമിന് ഇന്ന് ആദ്യ ടീമിൽ ഇടം ലഭിചില്ല. ഇരു ടീമുകളും മന്ദഗതിയിലാണ് ആദ്യ പകുതി ആരംഭിച്ചത്. ഇരു ടീമുകൾക്കും വേണ്ടത്ര അവസരങ്ങൾ ആദ്യ പകുതിയിൽ ഒരുക്കിയെടുക്കാൻ സാധിച്ചില്ല ജംഷഡ്‌പൂർ താരം ഗ്രെഗ് സ്റ്റുവർട്ട് ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിനെ പരീക്ഷിച്ചിരുന്നു. ജീക്സൺ സിംഗ് രണ്ടു തവണ ബോക്സിനു പുറത്തു നിന്നും ഗോൾ ശ്രമം നടത്തിയെങ്കിലും ലക്‌ഷ്യം കാണാൻ ആയില്ല. എന്നാൽ ഒന്നാം പകുതി അവസാനിക്കുനന്തിന് മുൻപ് ബ്ലാസ്റ്റേഴ്‌സ് പിന്നിലായി.44ആം മിനുട്ടിൽ ധനചന്ദ്രെ ഗ്രെഗ് സ്റ്റുവർട്ടിനെ വീഴ്ത്തിയതിന് ജംഷദ്പൂരിന് പെനാൾട്ടി ലഭിച്ചു. സ്റ്റുവർട്ട് തന്നെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു.അറ്റാക്കിൽ ഡിയസിന്റെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ അനുഭവപ്പെട്ടു. കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് മൂർച്ച കുറവായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയേറ്റു. 46 ആം മിനുട്ടിൽ ബോറിസിനെ ലെസ്‌കോവിച്ച് ബോക്‌സിനുള്ളിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി പനേങ്ക കിക്കിലൂടെ സ്റ്റുവാർട്ട് തന്റെ രണ്ടാം പെനാൽറ്റി സ്കോർ ചെയ്തു. രണ്ടാം ഗോൾ വീണത്തോടെ തളർന്ന ബ്ലാസ്റ്റേഴ്സിന് വലിയ ആഘാതം സൃഷ്ടിച്ചു കൊണ്ട് ജംഷഡ്‌പൂർ മൂന്നാം ഗോളും നേടി. 53 ആം മിനുട്ടിൽ ബോറോസിന്റെ പാസിൽ നിന്നും ചിമ ആയിരുന്നു ജംഷെദ്‌പൂരിന്റെ ഗോൾ നേടിയത്.ലോംഗ് ബോളുകൾ കളിക്കുന്നുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് അത് പ്രാവർത്തികമാക്കാൻ സാധിക്കുന്നില്ല. ജംഷഡ്പൂർ അനായാസം അവർ തടയുകയും ചെയ്തു. 64 ആം മിനുട്ടിൽ ജെഎഫ്‌സി പ്രതിരോധത്തിലേക്ക് തുളച്ചുകയറാൻ വാസ്‌ക്വസിന് നല്ല അവസരമുണ്ട്, എന്നാൽ ഹാർട്ട്‌ലി തന്റെ ശക്തിയും അനുഭവസമ്പത്തും ഉപയോഗിച്ച് വാസ്‌ക്വസിനെ തടഞ്ഞു.

ജംഷഡ്‌പൂർ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. നാലാം ഗോൾ നേടാൻ അവർക്ക് തുടർച്ചയായ രണ്ടു അവസരങ്ങൾ ലഭിക്കുകയും ചെയ്തു.ഒരു ഗോൾ തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ശ്രമങ്ങളും ജംഷഡ്‌പൂർ സമർത്ഥമായി തടുത്തു.ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ജംഷദ്പൂർ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ജംഷദ്പൂർ 14 മത്സരങ്ങളിൽ നിന്ന് 25 പോയിന്റിൽ ആണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് 23 പോയിന്റാണ് ഉള്ളത്.