“അവസാനം ഏവരും കാത്തിരുന്ന വിജയമെത്തി , മുംബൈ വലനിറച്ച് ബ്ലാസ്റ്റേഴ്‌സ് ചുണക്കുട്ടികൾ”
ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകർ ഏറെ കാത്തിരുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുബൈക്കെതിരെ നടത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സ് വിജയം. ഇന്ന് ഗോബ്ലാസ്റ്റേഴ്‌സ് വയിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം അവസാനിപ്പിച്ചത്. കളിയുടെ സർവ മേഖലയിലും ബ്ലാസ്റ്റേഴ്‌സ് മികവ് കാട്ടി.
ആദ്യ പകുതിയിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരെ വിറപ്പിക്കുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. മുന്നേറ്റത്തിൽ രണ്ട് വിദേശ താരങ്ങളെ ഇറക്കി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 11ആം മിനുട്ടിൽ ഗോളിന് അടുത്ത് എത്തി. ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്ന് ആല്വാരോ വാസ്കസ് തൊടുത്ത ഷോട്ട് രക്ഷപ്പെടുത്താൻ മുംബൈക്ക് നവാസിന്റെ സേവും ഗോൾ പോസ്റ്റും വേണ്ടി വന്നു.മുംബൈ സിറ്റിക്ക് അവസരം നൽകാതെ കളി നിയന്ത്രിച്ച കേരള ബ്ലാസ്റ്റേഴ്സ് 28ആം മിനുട്ടിൽ ലീഡ് എടുത്തു. പെനാൾട്ടി ബോക്സിൽ നിന്ന് ഡിയസ് നൽകിയ മികച്ച ബോൾ ഒരു പവർഫുൾ ഹാഫ് വോളിയിലൂടെ സഹൽ അബ്ദുൽ സമദ് വലയിൽ എത്തിച്ചു. സഹലിന്റെ ഈ സീസണിലെ രണ്ടാം ഗോളായി ഇത്. ഈ ഗോളിന് ശേഷം കളി കേരള ബ്ലാസ്റ്റേഴ്സ് തന്നെ നിയന്ത്രിച്ചു.
ഒന്നാം പകുതിയിൽ നേടിയ ഗോളിന്റെ ആതമവിശ്വാസത്തിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതി ആരംഭിച്ച് രണ്ടു മിനുട്ടിനുള്ളിൽ തന്നെ ലീഡ് ഉയർത്തി.വാസ്‌ക്വസിന്റെ ബൂട്ടിൽ നിന്നുമാണ് ഗോൾ പിറന്നത്. വലതു വശത്തു നിന്നും പന്ത് ആദ്യ ടച്ചിൽ തന്നെ ഒരു വോളിയിലൂടെ മുംബൈ വലയിലെത്തിച്ചു. 50 ആം മിനുട്ടിൽ മുംബൈ ബോക്‌സിനുള്ളിൽ ഡയസിനെ വീഴ്ത്തിയതിന് മൗർതാഡക്ക് റെഡ് കാർഡ് ലഭിക്കുകയും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി ലഭിക്കുകയും ചെയ്തു. കിക്കെടുത്ത ഡയസ് പിഴവ് കൂടാതെ വലയിലാക്കി സ്കോർ 3 -0 ഉയർത്തി. രണ്ടു മിനുട്ടിനു ശേഷം ലാൽതതംഗ ഖൗൾഹിംഗ് ബോക്‌സിന്റെ അരികിൽ നിന്ന് തൊടുത്ത ഷോട്ട് മുംബൈ കീപ്പർ മികച്ചൊരു സേവിലൂടെ തടുത്തിട്ടു. 66 ആം മിനുട്ടിൽ ബിപിനിലൂടെ ഗോൾ മടക്കാൻ മുബൈക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
71 ആം മിനുട്ടിൽ സഹലിനു ലീഡുയർത്താൻ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.കളിയിൽ ലീഡ് വർധിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് നിരവധി അവസരം ലഭിച്ചു എങ്കിലും ക്ലിനിക്കൽ ആവാൽ ടീമിന് ആയില്ല. ഫോർവേഡ് ഡിയസിന് പരിക്കേറ്റതും പ്രശ്നമായി.ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 9 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. മുംബൈ 15 പോയിന്റുമായി ഒന്നാമത് തന്നെ നിൽക്കുന്നു.