അവസരങ്ങൾ തുലച്ചു കളഞ്ഞതിന് ബ്ലാസ്റ്റേഴ്‌സ് വലിയ വില കൊടുക്കേണ്ടി വന്നു

കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിൽ നടക്കുന്ന ഐ എസ് എൽ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ നിരവധി തുറന്ന ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്ന് പോലും ബ്ലാസ്റ്റേഴ്സിന് മുതലാക്കാനായില്ല.ഗോളടിക്കാനും ജയിക്കാനും ഉള്ള ഗംഭീര അവസരങ്ങൾ സൃഷ്ടിച്ചും വിജയം സ്വന്തമാക്കാൻ ആവാതെ ആണ് ബ്ലാസ്റ്റേഴ്സ് കളി അവസാനിപ്പിച്ചത്. ആക്രമണത്തിലും മുന്നേറ്റത്തിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുംഫിനിഷിംഗിലെ പോരായ്മമൂലം വിജയിച്ച മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട് പോയത്.

ആദ്യ മത്സരത്തിൽ പരാജയപ്പെട്ട നോർത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റേഴ്സും ഇന്ന് വളരെ കരുതലോടെയാണ് കളി ആരംഭിച്ചത്. ഇരു ടീമുകളും ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ സൃഷ്ടിക്കാനും പരാജയപ്പെട്ടു. ആദ്യ പകുതിതിയില്‍ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റമായിരുന്നു കണ്ടത്. അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് നടത്തിയ മുന്നേറ്റങ്ങള്‍ തടഞ്ഞിടാന്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം നന്നേ പാടുപെട്ടു. മറുവശത്ത് ഇടതു വിംഗില്‍ വി പി സുഹൈറായിരുന്നു നോര്‍ത്ത് ഈസ്റ്റിന്‍റെ ചാലകശക്തി. സുഹൈറിലൂടെ നോര്‍ത്ത് ഈസ്റ്റ് പലതവണ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ പന്തെത്തിച്ചെങ്കിലും വലിയ അപകടം സൃഷ്ടിക്കാന്‍ അതിനായില്ല.

36ആം മിനുട്ടിൽ ലൂണയുടെ പ്രസിൽ നിന്ന് ഡിയസിന് കിട്ടിയ അവസരം താരത്തിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഗോളെന്ന് ഉറച്ച അവസരമാണ് താരം ടാർഗറ്റിൽ പോലും അടിക്കാതെ കളഞ്ഞത്.ആറ് മിനിറ്റിനകം ജോര്‍ജെ ഡയസിന് മത്സരത്തിലെ ഏറ്റവും അനയാസ അവസരം ലഭിച്ചു. ഇത്തവണയും ലൂണയുടെ തന്ത്രപരമായ നീക്കത്തില്‍ പന്ത് കാലിലെത്തിയ ഡയസ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയ് മാത്രം മുന്നില്‍ നില്‍ക്കെ പന്ത് പുറത്തേക്കടിച്ചു കളഞ്ഞു. പിന്നീട് ലൂണ പലതവണ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം പിളര്‍ന്ന് പാസുകള്‍ നല്‍കിയെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരക്കായില്ല. ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുംഫിനിഷിംഗിലെ പോരായ്മമൂലം ലീഡ് നേടാനുള്ള അവസരം ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചു.

രണ്ടാം പകുതി തുടങ്ങി ആറു മിനുട്ടിനുള്ളിൽ ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിന് സുവർണാവസരം ലഭിച്ചു. പന്തുമായി സ്വന്തം പകുതിയിൽ നിന്നും മുന്നേറിയ വിൻസി ബാരെറ്റോ രണ്ട് ഡിഫൻഡർമാരെ മറികടന്നു ഗോളിലേക്ക് ഷോട്ട് ഉതിർക്കുന്നതിനു പകരം ബോക്സിൽ ഫ്രീയായ സഹലിന് പാസ് നൽകിയെങ്കിലും ഒഴിഞ്ഞ പോസ്റ്റിക്കുള്ള താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ സമ്മർദം ചെലുത്തുകയും ചെയ്തു.

83 ആം മിനുട്ടിൽ നിഷ് കുമാർ കൊടുത്ത പാസിൽ നിന്നും വാസ്ക്വസിന്റെ ഹെഡ്ഡർ ഫുൾ സ്‌ട്രെച്ചിൽ സുഭാശിഷ് ഉജ്ജ്വലമായ ഒരു സേവ് നടത്തി. ഇഞ്ചൂറി ടൈമിൽ ജീക്സൺ കൊടുത്ത പാസിൽ നിന്നും വാസ്‌ക്വസ് തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.വിൻസി ബരേറ്റോയുടെ പ്രകടനം ആകും ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറ്റവും സന്തോഷം നൽകുന്നത്. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു പോയിന്റിൽ നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും.