❛❛ഇസ്താംബുളിൽ നിങ്ങളുടെ ഹോട്ടൽ ബുക്ക് ചെയ്യുക❜❜ : അടുത്ത വർഷം ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുമെന്ന് ക്ലൊപ്പ് | Jurgen Klopp

റയൽ മാഡ്രിഡ് വീണ്ടും ഭൂഖണ്ഡത്തിന്റെ രാജാക്കൻമാരായപ്പോൾ ലിവർപൂളിന് ഏഴാമത്തെ യൂറോപ്യൻ കിരീടം നിഷേധിക്കപ്പെട്ടു.സ്റ്റേഡ് ഡി ഫ്രാൻസിൽ രണ്ടാം പകുതിയിൽ വിനീഷ്യസ് ജൂനിയർ നേടിയ ഗോളിലായിരുന്നു റയലിന്റെ വിജയം.എന്നാൽ ഈ സീസണിൽ പുറത്തായെങ്കിലും ലിവർപൂൾ അടുത്ത സീസണിലെ ഫൈനലിൽ ഉണ്ടാകുമെന്ന ഉറപ്പ് ആരാധകർക്കു നൽകി പരിശീലകൻ യർഗൻ ക്ലോപ്പ്.

അടുത്ത വർഷം ഇസ്താംബൂളിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനായി ഹോട്ടലുകൾ ബുക്ക് ചെയ്യാൻ ആരാധകരോട് പറയുകയും ചെയ്തു.കരാബാവോ കപ്പും എഫ്എ കപ്പും നേടിയ ലിവർപൂളിന് അവിസ്മരണീയമായ ഒരു സീസണിന്റെ ഹൃദയഭേദകമായ അവസാനമായിരുന്നു ഇത്.ചാമ്പ്യൻസ് ലീഗിൽ തോൽവി വഴങ്ങിയെങ്കിലും ലിവർപൂളിന്റെ ഈ സീസൺ മികച്ചതായിരുന്നു എന്നും ക്ലോപ്പ് അഭിപ്രായപ്പെട്ടു.

എന്നിരുന്നാലും അടുത്ത സീസണിൽ വീണ്ടും വരുമെന്നും തന്റെ ടീമിൽ പൂർണ വിശ്വാസമുണ്ട് എന്നും ക്ളോപ്പ് പറഞ്ഞു.”ഫൈനലിലെത്തുന്നത് മോശമല്ല – നിങ്ങൾ ആഗ്രഹിക്കുന്ന വിജയമല്ലെങ്കിലും ഇത് ഒരുതരം വിജയമാണ്,” അദ്ദേഹം ബിടി സ്പോർട്ടിനോട് പറഞ്ഞു.”ഞങ്ങൾ തിരിച്ചു വരുമെന്ന ഉറപ്പ് എനിക്കുണ്ട്. ഈ കളിക്കാർ വളരെ മത്സരബുദ്ധിയുള്ളവരാണ്. വളരെ മികച്ചൊരു ഗ്രൂപ്പാണിവർ. അടുത്ത സീസണിലും അതിനേക്കാൾ മികച്ചൊരു ഗ്രൂപ്പ് ഉണ്ടായിരിക്കും. അടുത്ത സീസണിൽ ഇതെവിടെയാണ്? ഇസ്‌താംബുൾ? ടിക്കറ്റുകൾ ബുക്ക് ചെയ്യൂ” ക്ലോപ്പ് പറഞ്ഞു.

“ഡ്രസ്സിംഗ് റൂമിലെ മാനസികാവസ്ഥ ഈ നിമിഷം ഒരു മികച്ച സീസണല്ലെന്ന് തോന്നിപ്പിക്കുന്നു – അത് മറികടക്കാൻ ഞങ്ങൾക്ക് കുറച്ച് മിനിറ്റുകളോ മണിക്കൂറുകളോ വേണ്ടിവരും,” അദ്ദേഹം കൂട്ടിച്ചേർത്തു.നാല് വർഷത്തിനിടെ ലിവർപൂൾ അവരുടെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലീലാണ് തോറ്റത്.