ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുന്ന ടിറ്റെക്കു പകരക്കാരനെ കണ്ടെത്തി ബ്രസീൽ

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി രണ്ടു മാസം മാത്രം ബാക്കി നിൽക്കെ കിരീടം നേടുമെന്നു പ്രതീക്ഷിക്കുന്ന ടീമുകളിൽ മുൻനിരയിൽ തന്നെയുണ്ട് ബ്രസീൽ. ഈ സീസണിൽ ബ്രസീലിയൻ താരങ്ങളെല്ലാം വിവിധ ക്ലബുകളിൽ മികച്ച ഫോമിൽ കളിക്കുന്നത് അവർക്കു കൂടുതൽ പ്രതീക്ഷ നൽകുന്നു. അതേസമയം ലോകകപ്പിനു ശേഷമുള്ള തങ്ങളുടെ ഭാവി കൃത്യമായി ആവിഷ്‌കരിച്ച് മുന്നോട്ടു പോവുകയാണ് ബ്രസീൽ ഫുട്ബോൾ ടീം ഫെഡറേഷൻ. നിലവിലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തുക അവരുടെ പ്രധാന ലക്ഷ്യമാണ്.

സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പിനു ശേഷം ടിറ്റെ പടിയിറങ്ങുമ്പോൾ പകരക്കാരൻ ആരായിരിക്കണമെന്ന കാര്യത്തിൽ ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് കൃത്യമായ ധാരണ ഇപ്പോൾ തന്നെയുണ്ട്. ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിന്റെ പരിശീലകനായ ഫെർണാണ്ടോ ഡിനിസിനെയാണ് ടിറ്റെയുടെ പകരക്കാരനായി അവർ പ്രധാനമായും പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകകപ്പിനു ശേഷം 2023 ജനുവരിയോടെ അദ്ദേഹത്തെ ബ്രസീൽ ടീം പരിശീലകനായി നിയമിക്കുമെന്നാണ് സൂചനകൾ.

നേരത്തെ പെപ് ഗ്വാർഡിയോളയെയാണ് ബ്രസീൽ പരിശീലകസ്ഥാനത്തേക്ക് പ്രധാനമായും പരിഗണിച്ചിരുന്നത്. എന്നാൽ കാറ്റലൻ പരിശീലകൻ മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള സാധ്യതകൾ വളരെ കുറവാണ്. ഗ്വാർഡിയോളയുടെ പ്രതിനിധികളുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ മേധാവികൾ നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. പ്രതിവർഷം 12 മില്യൺ യൂറോ പ്രതിഫലം നൽകി 2026 വരെയുള്ള കരാർ പെപ് ഗ്വാർഡിയോളക്കായി ബ്രസീൽ ഓഫർ ചെയ്‌തുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പെപ് ഗ്വാർഡിയോളക്കു വേണ്ടിയുള്ള നീക്കങ്ങൾ നടക്കില്ലെന്നു വന്നതോടെയാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഫെർണാണ്ടോ ഡിനിസിലേക്കു തിരിഞ്ഞത്. 2009 മുതൽ വിവിധ ടീമുകളെ പരിശീലിപ്പിക്കുന്ന അദ്ദേഹത്തിന് പറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമായില്ലെങ്കിലും ബ്രസീലിയൻ ഫുട്ബോളിനെ നന്നായി അറിയുകയും മനസിലാക്കുകയും ചെയ്യുന്നയാളാണ്. അതിനു പുറമെ നെയ്‌മർ അടക്കമുള്ള ബ്രസീൽ ടീമിലെ പ്രധാന താരങ്ങളുടെയും സ്കോളാരിയെ പോലുള്ള ഇതിഹാസങ്ങളുടെയും പ്രശംസയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ഡിനിസിനെ ബ്രസീൽ പരിശീലകനായി പരിഗണിക്കുന്നത്.