❝ഈ മനോഭാവം ഒട്ടും ശരിയല്ല❞- സ്വർണം നേടിയ ബ്രസീൽ ഫുട്ബോൾ ടീമിനെതിരെ നടപടിക്കൊരുങ്ങി ഒളിംപിക് കമ്മിറ്റി

ഒളിമ്പിക്സ് ഫൈനലിൽ സ്പെയിനിനെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് ബ്രസീൽ സ്വർണം നേടിയത്. എന്നാൽ ഒളിംപിക്സ് സ്വർണ മെഡൽ നിലനിർത്തിയ ബ്രസീൽ ഫുട്ബോൾ ടീമിനെതിരെ ബ്രസീൽ ഒളിംപിക്സ് കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്. ടോക്കിയോ ഗെയിംസിൽ ശനിയാഴ്ച നടന്ന മെഡൽ ദാന ചടങ്ങിൽ കളിക്കാർ ടീമിന്റെ ഔദ്യോഗിക ഒളിംപിക് യൂണിഫോം ധരിക്കാത്തതിനെ തുടർന്നാണ് നടപടി. ടീമംഗങ്ങളുടേയും ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷന്റേയും മനോഭാവത്തേയും ഒളിംപിക് കമ്മിറ്റി അപലപിച്ചു.

ചൈനീസ് കമ്പനിയായ പീക്ക് സ്പോർട്ട് നൽകുന്ന ടീമിന്റെ ഐഒസി അംഗീകരിച്ച ഔദ്യോഗിക യൂണിഫോം ധരിക്കണമെന്ന് ബ്രസീലിയൻ പ്രതിനിധി സംഘത്തിലെ എല്ലാ കായികതാരങ്ങളും മുൻകൂട്ടി അറിയിച്ചിരുന്നു, എന്നാൽ കളിക്കാർ അവരുടെ നൈക്ക് ജേഴ്സി ധരിച്ച് പോഡിയത്തിലേക്ക് പോയി. അവരുടെ പാന്റ്സ് മാത്രമാണ് പീക്ക് യൂണിഫോമിന്റെ ഭാഗമായത്. അവരുടെ ജാക്കറ്റുകൾ അരയിൽ കെട്ടിയിരുന്നു.ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ നിർദേശങ്ങളാണ് തങ്ങൾ പിന്തുടർന്നത് എന്നായിരുന്നു താരങ്ങളുടെ പ്രതികരണം. എന്നാൽ വിഷയത്തിൽ ഫുട്‌ബോൾ കോൺഫെഡറേഷൻ മൗനം പാലിക്കുകയാണ്.

ബ്രസീലിയൻ സോക്കർ കോൺഫെഡറേഷന്റെ ഉത്തരവുകൾ മാത്രമാണ് തങ്ങൾ പിന്തുടരുന്നതെന്ന് കളിക്കാർ ബ്രസീലിയൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കായികതാരങ്ങൾ ഔദ്യോഗിക ബ്രസീൽ യൂണിഫോം പോഡിയത്തിൽ ധരിക്കണമെന്ന നിബന്ധന കോൺഫെഡറേഷന് അറിയില്ലെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.ഫുട്‌ബോൾ താരങ്ങൾക്കെതിരേ ബ്രസീലിയൻ നീന്തൽ താരം ബ്രൂണോ ഫ്രാറ്റസ് രംഗത്തെത്തി. ബ്രസീലിന്റെ ഒളിംപിക് സംഘത്തിൽ നിന്ന് വേറിട്ടാണ് ഫുട്‌ബോൾ കളിക്കാർ എല്ലാ കാര്യങ്ങളും ചെയ്യാറുള്ളതെന്നും ഒളിംപിക് സംഘത്തിന്റെ ഭാഗമാണ് എന്ന് അവർക്ക് തോന്നാറില്ലെന്നും ബ്രൂണോ വ്യക്തമാക്കുന്നു.നിയമങ്ങൾ പാലിക്കാത്തത് ബ്രസീലിയൻ ഒളിമ്പിക് കമ്മിറ്റിക്ക് പീക്ക് അല്ലെങ്കിൽ മറ്റ് സ്പോർട്സ് വെയർ കമ്പനികളുമായുള്ള നിലവിലെ, ഭാവി കരാറുകളുമായി പ്രശ്നങ്ങൾ സൃഷ്ടിക്കും. 2012, 2016 ഒളിമ്പിക്സിൽ ടീം ബ്രസീൽ നൈക്ക് ജേഴ്സിയാണ് ഉപയോഗിച്ചത്.

2016 ൽ റിയോ ഡി ജനീറോയിൽ വെങ്കല മെഡൽ ജേതാവായ മുൻ ബ്രസീലിയൻ ഓപ്പൺ വാട്ടർ നീന്തൽ താരം പോളിയാന ഒക്കിമോട്ടോയും ഫുട്ബോൾ ടീമിനെ വിമർശിച്ചു.”കായികരംഗത്തെ അടിസ്ഥാന ആശയങ്ങളിലൊന്ന് അച്ചടക്കമാണ്,നിയമങ്ങൾ പിന്തുടരുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഔദ്യോഗിക യൂണിഫോം പോഡിയത്തിൽ ധരിക്കാത്തത് ബ്രസീലിന്റെ പ്രതിച്ഛായയ്ക്ക് നല്ലതല്ല,ശിക്ഷിക്കപ്പെടുന്നത് ബ്രസീലിയൻ ഒളിമ്പിക് കമ്മിറ്റിയാണ്, ബ്രസീലിയൻ സോക്കർ ഫെഡറേഷനല്ല”.