❝ബാഴ്‌സലോണയിൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്‌സിക്ക് പുതിയ അവകാശിയെ കിട്ടി ❞

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിട്ടതോടെ പത്താം നമ്പർ ജേഴ്സി ആര് ധരിക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. മെസ്സിയുടെ വിട്ടു പോകൽ ബാഴ്സയിൽ വലിയ ശ്യൂന്യത തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.ബാഴ്‌സലോണയെ പിന്തുണയ്ക്കുന്ന ഒരു കൂട്ടം നമ്പർ 10 ജേഴ്‌സി അതിന്റെ ചരിത്രപരമായ പ്രാധാന്യത്തിനായി റിട്ടയർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റൊണാൾഡീഞ്ഞോ അടക്കമുള്ള മുൻ ഇതിഹാസ താരങ്ങൾ ഇതേ ആവശ്യം മുൻപ് ഉന്നയിച്ചിരുന്നു. ബാഴ്സലോണയുടെ യുവതാരം പെഡ്രിക്ക് പത്താം നമ്പർ നൽകാൻ ക്ലബ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ലാലിഗ നിയമ പ്രകാരം 1 മുതൽ 25 വരെയുള്ള ജേഴ്സികൾ നിർബന്ധമായും ക്ലബുകൾ ഉപയോഗിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ എത്ര വലിയ ഇതിഹാസമായാലും സ്പെയിനിൽ ജേഴ്സി റിട്ടയർ ചെയ്യാൻ സാധിക്കുകയില്ല.ക്ലബിന്റെ നമ്പർ 10 ഷർട്ട് ഏറ്റെടുക്കാൻ പെഡ്രി തയ്യാറാണെന്ന് ബാഴ്സ യൂണിവേഴ്സൽ റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ ദിവസം ബാഴ്സലോണ പുതിയ സീസണായുള്ള ജേഴ്സി നമ്പറുകൾ പുറത്ത് ഇറക്കിയപ്പോൾ നമ്പർ 10ഉം പെഡ്രിയുടെ നമ്പർ 16ഉം മാത്രമാണ് ഒഴിഞ്ഞു കിടന്നത്. ഇത് പെഡ്രിക്ക് 10ആം നമ്പർ നൽകും എന്നതിന്റെ സൂചനയായി ആരാധകർ കണക്കാക്കുന്നു. പെഡ്രിക്ക് ഇത് വലിയ വെല്ലുവിളി ആയിരിക്കും. 18കാരനെ സംബന്ധിച്ചെടുത്തോളം വലിയ ഉത്തരവാദിത്വവും ആയിരിക്കും നമ്പർ 10 ജേഴ്സി.

പെഡ്രിയുടെ നമ്പർ 16 സെന്റർ ബാക്കായ എറിക് ഗാർസിയ എടുക്കാനും സാധ്യതയുണ്ട്. സെർജിയോ അഗ്യൂറോ അല്ലെങ്കിൽ മെംഫിസ് ഡെപ്പേയും പത്താം നമ്പർ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവർക്ക് യഥാക്രമം 19 ഉം 9 ഉം നൽകി. ഇതിഹാസം ധരിച്ചിരുന്ന ബാഴ്സയുടെ 10 ആം നമ്പർ ജേഴ്സി ധരിക്കാൻ 18 കാരനായ യുവ താരം എന്ത് കൊണ്ടും യോഗ്യൻ തന്നെയാണ്. കഴിഞ്ഞ സീസണിൽ ബാഴ്സ മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെയാണ് 18 കാരൻ കളിച്ചത്. സ്പാനിഷ് ദേശീയ ടീമിന് വേണ്ടി യൂറോയിലും ഒളിംപിക്സിലും പക്വതയാർന്ന മികവുറ്റ പ്രകടനമാണ് നടത്തിയത്. സാവിയും ഇനിയേസ്റ്റയും ഒഴിഞ്ഞു വെച്ച ബാഴ്സ മിഡ്ഫീൽഡിന്റെ താക്കോൽ സ്ഥാനം ഏറ്റെടുക്കാൻ എന്ത് കൊണ്ടും യോഗ്യനായ താരം തന്നെയാണ് പെഡ്രി.

Rate this post