❝റയലിന് വേണ്ടി ഗോളടിക്കാൻ ബുണ്ടസ് ലീഗയിൽ നിന്നും സൂപ്പർ സ്‌ട്രൈക്കറെത്തുന്നു❞

ഈ സമ്മറിൽ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും സൈലന്റ് ക്ലബ്ബുകളിൽ ഒന്നാണ് റയൽമാഡ്രിഡ്. സ്പാനിഷ് ഭീമന്മാരെ ബന്ധപ്പെടുത്തി വളരെ കുറച്ച് അഭ്യൂഹങ്ങൾ മാത്രമാണ് പുറത്തു വരുന്നത്. സൂപ്പർ ഡിഫെൻഡർമാരായ റാമോസും വരാനെയും ക്ലബ് വിട്ടപ്പോൾ ബയേൺ മ്യൂണിക്കിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ ഡേവിഡ് അലാബ മാത്രമാണ് റയലിൽ എത്തിയത്.പാരിസിൽ നിന്നും സൂപ്പർ സ്‌ട്രൈക്കർ എംബാപ്പയെ ടീമിലെത്തിക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും ഫലപ്രദമാവാനുള്ള സാദ്ധ്യതകൾ കുറവായിട്ടാണ്. മികച്ചൊരു ഗോൾ സ്‌കോററുടെ അഭാവം റയൽ നിരയിൽ കഴിഞ്ഞ കുറച്ചു സീസണുകളിലായി കാണാമായിരുന്നു.

ഗോൾ നേടുന്നതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഫ്രഞ്ച് വെറ്ററൻ സ്‌ട്രൈക്കർ കരീം ബെൻസിമയുടെ ചുമലിലാണ്.ഇതിനു പരിഹാരമായാണ് ബുണ്ടസ്‌ലീഗയിൽ മികച്ച ഫോമിലുള്ള ബ്രസീലിയൻ സ്‌ട്രൈക്കർ മാത്യു ക്യൂനയെ ടീമിലെത്തിക്കാനായി റയൽ ശ്രമം നടത്തുന്നത്. ഹെർത്ത ബെർലിൻ താരം ഒളിംപിക്സിൽ ബ്രസീലിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അഞ്ച് മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടുകയും ചെയ്തു.

ബ്രസീലിയൻ ക്ലബ് കോറിറ്റിബയിലൂടെ യൂത്ത് കരിയർ ആരംഭിച്ച ക്യൂന 2017 ൽ 18 വയസിൽ യുറോപ്പിലെത്തി. സ്വിസ് ക്ലബ് എഫ്സി സിയോൺ താരത്തെ സ്വിസ് ലീഗിലെത്തിച്ചു. അരങ്ങേറ്റ സീസണിൽ 10 ഗോളുകൾ നേടുകയും 8 അസിസ്റ്റുകൾ നൽകുകയും ചെയ്ത താരം ശ്രദ്ധ പിടിച്ചുപറ്റി. സ്വിറ്റ്സർലൻഡിൽ വെറും ഒരു വർഷത്തിനുശേഷം 2018 ൽ ബുണ്ടസ്ലിഗ ക്ലബ് ലീപ്സിഗ് കുൻഹയെ ടീമിലെത്തിച്ചു.യൂറോപ്പിലുടനീളമുള്ള യുവപ്രതിഭകളെ തട്ടിയെടുക്കുന്നതിന് പേരുകേട്ട റെഡ്-ബുൾ അക്കാദമി 20 മില്യൺ ഡോളർ ചെലവഴിചാണ് ബ്രസീലിയൻ താരത്തിനെ സ്വന്തമാക്കിയത്. .ലെഫ്റ്റ് വിംഗ്, സെന്റർ ഫോർവേഡ്, സെക്കൻഡ് സ്ട്രൈക്കർ, അറ്റാക്കിംഗ് മിഡ്ഫീൽഡർ തുടങ്ങി വിവിധ സ്ഥാനങ്ങളിൽ ആ കാലഘട്ടത്തിൽ കുൻഹ കളിച്ചു.

2020 ജനുവരിയിൽ മറ്റൊരു ജർമൻ ക്ലബായ ഹെർത്ത ബെർലിനിൽ എത്തിയ ക്യൂന കൂടുതൽ മികവ് പുറത്തെടുത്തു .മാനേജർ ബ്രൂണോ ലബ്ബാഡിയയുടെ കീഴിൽ ബ്രസീലിയൻ തന്റെ ഏറ്റവും വിജയകരമായ കാലഘട്ടം ആസ്വദിച്ചു. കഴിഞ്ഞ സീസണിൽ 28 മത്സരങ്ങളിൽ ബുണ്ടസ് ലീഗയിൽ എട്ട് ഗോളുകളും എട്ട് അസിസ്റ്റുകളും നേടി.സെന്റർ ഫോർവേഡ് 2025 വരെ ജർമനിയിൽ കരാറുണ്ട്. ട്രാൻസ്ഫർമാർക്ക് അനുസരിച്ച് അദ്ദേഹത്തിന്റെ നിലവിലെ മാർക്കറ്റ് മൂല്യം 30 മില്യൺ പൗണ്ടാണ്.

Rate this post