രണ്ടു ചാമ്പ്യൻസ് ലീഗ് മത്സരത്തിലും മാൻ ഓഫ് ദി മാച്ച് സ്വന്തം താരങ്ങൾ, റയൽ മാഡ്രിഡിന് അഹങ്കരിക്കാം

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ അപ്രമാദിത്വം നിരവധി വർഷങ്ങളായി കണ്ടു കൊണ്ടിരിക്കുന്ന ഒന്നാണ്. ഈ സീസണിലും അതിനു മാറ്റമൊന്നുമില്ല. കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീം ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ വിജയം നേടി സെമി ഫൈനൽ ഏറെക്കുറെ ഉറപ്പിച്ച രീതിയിലാണ് നിൽക്കുന്നത്. ഈ ഫോം തുടർന്നാൽ കിരീടവും അവർ തന്നെ സ്വന്തമാക്കുമെന്നുറപ്പാണ്.

അതേസമയം റയൽ മാഡ്രിഡ് ആരാധകർക്ക് ആവേശം നൽകുന്ന സംഭവം കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലുണ്ടായി. ഇന്നലെ നടന്ന രണ്ടു മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് റയൽ മാഡ്രിഡ് താരങ്ങളായിരുന്നു. റയൽ മാഡ്രിഡും ചെൽസിയും തമ്മിൽ നടന്ന മത്സരത്തിൽ വിനീഷ്യസും നാപ്പോളിയും മിലാനും തമ്മിൽ നടന്ന മത്സരത്തിൽ ബ്രഹിം ഡയാസുമാണ് കളിയിലെ താരങ്ങളായത്.

റയൽ മാഡ്രിഡിൽ നിന്നും ലോണിൽ എസി മിലാനിൽ കളിക്കുന്ന താരമാണ് ബ്രഹിം ഡയസ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മിലാൻ നേടിയ ഒരേയൊരു ഗോളിന് വഴിയൊരുക്കിയ താരം ഒരു കീ പാസും മത്സരത്തിൽ നൽകി. റയൽ മാഡ്രിഡിൽ തിളങ്ങാൻ കഴിയാതെ പോയ താരം മിലാനിൽ എത്തിയതിനു ശേഷം തന്റെ ഫോം വീണ്ടെടുത്തിട്ടുണ്ട്.

അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി പ്രതിരോധത്തെ തകർത്തെറിഞ്ഞത് വിനീഷ്യസാണ്. ഒരു ഗോളിന് വഴിയൊരുക്കിയ താരം നാല് കീ പാസുകൾ മത്സരത്തിൽ നൽകി. ഇതിനു പുറമെ നാല് ഡ്രിബ്ലിങ് പൂർത്തിയാക്കിയ വിനീഷ്യസ് ഈ സീസണിലും റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് സമ്മാനിക്കാൻ തനിക്ക് കഴിയുമെന്ന് തെളിയിച്ച പ്രകടനമാണ് നടത്തിയത്.

ബ്രഹിം ഡയസ് മിലാനിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും താരം ഈ സീസണു ശേഷം റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ മിലാൻ ശ്രമിക്കുന്നുണ്ട്. അടുത്ത സീസണിൽ റയൽ മാഡ്രിഡ് പരിശീലകൻ ആരാകുമെന്നത് താരത്തെ സംബന്ധിച്ച് നിർണായകമായിരിക്കും.

Rate this post