മിന്നുന്ന ജയത്തോടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇടം നേടി മാഞ്ചസ്റ്റർ സിറ്റി : സമനില വഴങ്ങി എങ്കിലും റയൽ മാഡ്രിഡും അവസാന എട്ടിൽ
ഇന്നലെ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ എഫ്‌സി കോപ്പൻഹേഗനെ 3-1ന് തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു.രണ്ട് പദങ്ങളിൽ നടന്ന പ്രീ ക്വാർട്ടറില്‍ 6-2 എന്ന അഗ്രിഗേറ്റ് സ്കോറിൽ ആണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ മാനുവൽ അകാൻജി, ജൂലിയൻ അൽവാരസ്, എർലിംഗ് ഹാലൻഡ് എന്നിവരുടെ ഗോളുകൾക്കാണ് സിറ്റി ജയം നേടിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച തൻ്റെ ടീമിൽ ഏഴ് മാറ്റങ്ങൾ വരുത്തിയാണ് സിറ്റി ഇന്നലെ ഇറങ്ങിയത്.മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിലായിരുന്നു സിറ്റിയുടെ ആദ്യ ഗോൾ പിറന്നത്.കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു സിറ്റിയ്‌ക്കായി അകാൻജി ഗോള്‍ നേടിയത്. ഒന്പതാം മിനുട്ടിൽ അര്ജന്റീന താരം ഹൂലിയൻ അല്‍വാരസാണ് സിറ്റിക്കായി മത്സരത്തില്‍ രണ്ടാമത്തെ ഗോള്‍ നേടിയത്. 29-ാം മിനിറ്റിൽ എലിയൂന്നോസി കോപ്പൻഹേഗനായി ഒരു ഗോൾ മടക്കി.ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഏർലിങ് ഹാലാൻഡ് സിറ്റിയുടെ മൂന്നാം ഗോൾ നേടി വിജയമുറപ്പിച്ചു. റോഡ്രിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.
മറ്റൊരു മത്സരത്തിൽ രണ്ടാം പാദത്തിൽ RB ലീപ്‌സിഗിനോട് സമനില വഴങ്ങിയെങ്കിലും ക്വാർട്ടറിൽ സ്ഥാനം പിടിച്ച് റയൽ മാഡ്രിഡ്.റയലിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോളുകള്‍ നേടിയാണ് ഇരു ടീമും പിരിഞ്ഞത്. രണ്ടാം പാദ മത്സരം സമനില ആയെങ്കിലും ആദ്യ പാദത്തില്‍ നേടിയ എതിരില്ലാത്ത ഒരു ഗോളിന്‍റെ ജയമാണ് റയൽ മാഡ്രിഡിന് തുണയായത്.
65-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ നേടിയ ഗോളിലൂടെ റയൽ മാഡ്രിഡ് ലീഡ് നേടി. എന്നാൽ 68 ആം മിനുട്ടിൽ വില്ലി ഓർബൻ ഒരു ഹെഡ്ഡറിലൂടെ സ്‌കോർ സമനിലയിലാക്കി.ഒന്നാം പാദ മത്സരത്തില്‍ ബ്രാഹിം ഡിയസ് നേടിയ ഏക ഗോളിലായിരുന്നു റയല്‍ മാഡ്രിഡ് ജയം നേടിയത്.