വിജയത്തോടെ ചെൽസി ഒന്നാം സ്ഥാനത്ത് തുടരും ; വില്ലയുടെ വെല്ലുവിളി അതിജീവിച്ച് സിറ്റി ; മേഴ്‌സിസൈഡ് ഡർബിയിൽ വമ്പൻ ജയവുമായി ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാറ്റ്‌ഫോഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഒന്നാമതായി തുടർന്ന് ചെൽസി. മത്സരം തുടങ്ങി 11 മത്തെ മിനിറ്റിൽ കാണികൾക്ക് ഒരാൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായതിനെ തുടർന്ന് കളി അൽപ്പസമയം നിർത്തി വക്കേണ്ടിയും വന്നു. 29 മത്തെ മിനിറ്റിൽ തന്നെ ചെൽസി മത്സരത്തിൽ മുന്നിലെത്തി. കായ് ഹാവർട്സിന്റെ പാസിൽ നിന്നു മേസൻ മൗണ്ട് ആണ് ചെൽസിക്ക് ആയി ആദ്യ ഗോൾ നേടിയത്.

43 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിൽ മൂസ സിസോക്കയുടെ പാസിൽ നിന്നു ഇമ്മാനുവൽ ഡെന്നിസ് വാറ്റ്‌ഫോഡിനെ ഒപ്പമെത്തിച്ചു.ഡെന്നിസിന്റെ ഷോട്ട് റൂഡികറുടെ കാലിൽ തട്ടി ഗോൾ ആവുക ആയിരുന്നു. മത്സരത്തിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് വാട്ഫോർഡ് തന്നെയായിരുന്നു. എന്നാൽ 72 മത്തെ മിനിറ്റിൽ പകരക്കാരൻ ആയി ഇറങ്ങിയ ഹക്കിം സിയച്ച് ചെൽസിക്ക് ജയം സമ്മാനിക്കുക ആയിരുന്നു. മനോഹരമായ ഒരു ടീം നീക്കത്തിന് ഒടുവിൽ മൗണ്ടിന്റെ പാസിൽ നിന്നാണ് സിയച്ച് വിജയഗോൾ നേടിയത്. ജയത്തോടെ ചെൽസി ഒന്നാം സ്ഥാനത്ത് തുടരും അതേസമയം 17 സ്ഥാനത്ത് ആണ് വാട്ഫോർഡ് നിലവിൽ.

മേഴ്‌സിസൈഡ് ഡാർബിയിൽ വമ്പൻ ജയവുമായി ലിവർപൂൾ.എവർട്ടണിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ലിവർപൂൾ തകർത്തത്.ഒമ്പതാം മിനിറ്റിൽ തന്നെ ആൻഡ്രൂ റോബർട്ട്സന്റെ പാസിൽ നിന്നു മികച്ച ഒരു ഇടൻ കാലൻ അടിയിലൂടെ ഗോൾ ലക്ഷ്യത്തിൽ എത്തിച്ച ക്യാപ്റ്റൻ ജോർദൻ ഹെന്റേഴ്‌സൻ ആണ് ലിവർപൂളിന് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് 19 മത്തെ മിനിറ്റിൽ ഒരു പ്രത്യാക്രമണത്തിൽ ഹെന്റേഴ്‌സനിൽ നിന്നു പന്ത് സ്വീകരിച്ച സലാഹ് മനോഹരമായ ഒരു ഗോളോടെ ലിവർപൂൾ മുൻതൂക്കം ഇരട്ടിയാക്കി.എന്നാൽ 38 മത്തെ മിനിറ്റിൽ റിച്ചാർലിസന്റെ പാസിൽ നിന്നു ഡിമാരി ഗ്രെ എവർട്ടന് വേണ്ടി ഒരു ഗോൾ മടക്കി.രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ എവർട്ടണിന്റെ കോർണറിൽ നിന്നു ആരംഭിച്ച ഒരു പ്രത്യാക്രമണം ഗോൾ ആക്കി സലാ ലീഡുയർത്തി.79 മത്തെ മിനിറ്റിൽ ഇടൻ കാലൻ ഷോട്ടിലൂടെ ഗോൾ കണ്ടത്തിയ ഡീഗോ ജോട്ടയാണ് ലിവർപൂൾ ജയം പൂർത്തിയാക്കിയത്.

പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി.മത്സരത്തിന്റെ 27 മിനിറ്റിൽ റഹീം സ്റ്റർലിംഗിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്നുള്ള അടിയിലൂടെ പ്രതിരോധ നിര താരം റൂബൻ ഡിയാസ് ആണ് സിറ്റിയുടെ ആദ്യ ഗോൾ നേടുന്നത്.ആദ്യ പകുതി അവസാനിക്കാൻ രണ്ടു മിനിറ്റ് മുമ്പ് തങ്ങളുടെ ബോക്‌സിൽ നിന്നു തുടങ്ങിയ ഒരു പ്രത്യാക്രമണം ലക്ഷ്യം കണ്ട ബെർണാഡോ സിൽവ സിറ്റിക്ക് രണ്ടാം ഗോൾ സമ്മാനിക്കുക ആയിരുന്നു. ഗബ്രിയേൽ ജീസസിന്റെ ക്രോസിൽ നിന്നാണ് ഗോൾ കണ്ടെത്തിയത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡഗ്ലസ് ലൂയിസിന്റെ കോർണറിൽ നിന്നു ഗോൾ കണ്ടത്തിയ ഒലി വാറ്റ്കിൻസ് വില്ലക്ക് ആയി ഒരു ഗോൾ മടക്കി. എന്നാൽ തുടർന്ന് ഗോൾ വഴങ്ങാതെ സിറ്റി ജയം സ്വന്തമാക്കുക ആയിരുന്നു.

മറ്റു മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി സതാംപ്ടനെ സമനിലയില് തളച്ചു,രണ്ടു തവണ പിറകിൽ പോയ ശേഷം ഗോൾ തിരിച്ചടിച്ചു ആണ് ബ്രണ്ടൻ റോഡ്‌ജേഴ്‌സിന്റെ ടീം ഒരു പോയിന്റ് സ്വന്തമാക്കിയത്. ജെ ബെഡ്നാരെക് (3′), സി ആഡംസ് (34′) എന്നിവർ സതാംപ്ടണ് വേണ്ടി ഗോൾ കണ്ടെത്തിയപ്പോൾ ജെ ഇവാൻസ് (22′), ജെ മാഡിസൺ (49′) എന്നിവർ ലെസ്റ്ററിന്റെ ഗോളുകൾ നേടി.വെസ്റ്റ് ഹാം ബ്രൈറ്റൻ (1 -1 ) വോൾവ്‌സ് ബേൺലി (0 -0 ) മത്സരവും സാമ്‌നയിലയിൽ അവസാനിച്ചു.

Rate this post