പിഎസ്ജി യെ നീസ് പിടിച്ചു കെട്ടി; ബെൻസിമ ഗോളിൽ റയൽ മാഡ്രിഡ്; എ സി മിലാനും, ഇന്റർ മിലാനും ജയം ; നാപോളിക്ക് സമനില

സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ ബിൽബാവോയെ റയൽ മാഡ്രിഡ് ഒരു ഗോളിന് പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ 40 മത്തെ മിനിറ്റിൽ കരീം ബെൻസിമ നേടിയ ഗോളിനായിരുന്നു റയലിന്റെ ജയം.മാർകോ അസൻസിയോയുടെ ഷോട്ട് ബിൽബാവോ ഗോൾ കീപ്പർ തട്ടി അകറ്റിയെങ്കിലും റീ ബൗണ്ട് അവസരം മോഡ്രിച്ചിനു ആണ് ലഭിച്ചത്. ലക്ഷ്യം തെറ്റിയ മോഡ്രിച്ചിന്റെ ഷോട്ട് ലക്ഷ്യം കണ്ട കരീം ബെൻസേമ സീസണിലെ മറ്റൊരു ഗോളും ജയവും റയലിന് സമ്മാനിക്കുക ആയിരുന്നു. തുടർന്നും ഗോൾ നേടാനുള്ള അവസരം റയലിന് ലഭിച്ചു എങ്കിലും ഗോൾ മാത്രം പിന്നീട് പിറന്നില്ല. പന്ത് കൈവശം വക്കുന്നതിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും റയൽ മാഡ്രിഡ് മുന്നിട്ട് നിന്ന മത്സരത്തിൽ ബിൽബാവോ പലപ്പോഴും റയലിനെ പരീക്ഷിച്ചു. ജയത്തോടെ ഒന്നാം സ്ഥാനത്ത് തങ്ങളുടെ സ്ഥാനം റയൽ ഒന്നു കൂടി ഉറപ്പിച്ചു.

ഫ്രഞ്ച് ലീഗ് വണ്ണിൽ നാലാം സ്ഥാനക്കാർ ആയ നീസിനോട് ഗോൾ രഹിത സമനില വഴങ്ങി പി.എസ്.ജി. ബാലൻ ഡിയോർ നേടിയ ലയണൽ മെസ്സി അടക്കമുള്ളവരെ ആദരിച്ച ശേഷം നടന്ന മത്സരം വിരസമായ സമനിലയാണ് സമ്മാനിച്ചത്. മത്സരത്തിൽ 70 ശതമാനം പന്ത് കൈവശം വച്ചിട്ടും ഗോൾ നേടാൻ മാത്രം പോച്ചറ്റീന്യോയുടെ ടീമിന് ആയില്ല.മെസ്സിയുടെ പാസിൽ നിന്നു എമ്പപ്പെക്ക് ലഭിച്ച മികച്ച അവസരം നീസ് ഗോൾ കീപ്പർ രക്ഷിച്ചപ്പോൾ മെസ്സിയുടെ ഒരു ഷോട്ട് ഗോൾ കീപ്പർ അനായാസം കയ്യിൽ ഒതുക്കി. മറുവശത്ത് ഒരിക്കൽ പോസ്റ്റ് ആണ് പി.എസ്.ജിയെ രക്ഷിച്ചത്. ഒപ്പം നീസിന്റെ കാസ്പർ സോൾഡ്ബർഗ് ഒരു സുവർണ അവസരം പാഴാക്കിയതും അവർക്ക് രക്ഷയായി.

ഇറ്റാലിയൻ സീരി എയിൽ ജെനോവയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു എ. സി മിലാൻ. മത്സരത്തിൽ വ്യക്തമായ ആധിപത്യം ആണ് മിലാൻ പുലർത്തിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ മികച്ച ഫ്രീക്കിക്കിലൂടെ സ്ലാട്ടൻ ഇബ്രമോവിച് ആണ് മിലാനു ആദ്യ ഗോൾ സമ്മാനിക്കുന്നത്. സീസണിൽ ഇബ്ര നേടുന്ന രണ്ടാം ഫ്രീകിക്ക് ഗോൾ ആയിരുന്നു ഇത്.തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഹെഡറിലൂടെ ജൂനിയർ മെസിയാസ് ആണ് മിലാനു രണ്ടാം ഗോൾ സമ്മാനിക്കുന്നത്. തുടർന്ന് രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ ബ്രാഹിം ഡിയാസിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ജൂനിയർ മെസിയാസ് മിലാൻ ജയം പൂർത്തിയാക്കുക ആയിരുന്നു.

സിരി എ യിലെ മറ്റൊരു മത്സരത്തിൽ സ്പെസിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇന്റർ മിലൻ പരാജയപ്പെടുത്തി.36 മത്തെ മിനിറ്റിൽ ലൗടാര മാർട്ടിനസിന്റെ പാസിൽ നിന്നു റോബർട്ടോ ഗാഗ്ലിയാർഡിനിയാണ് ഇന്ററിന്റെ ആദ്യ ഗോൾ നേടുന്നത്. തുടർന്ന് രണ്ടാം പകുതിയിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി 58 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട മാർട്ടിനസ് ഇന്റർ ജയം ഉറപ്പിക്കുക ആയിരുന്നു. വീണ്ടും ഇന്റർ അവസരങ്ങൾ തുറന്നു എങ്കിലും ഗോൾ മാത്രം വന്നില്ല.

മറ്റൊരു മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ നാപോളിയെ സസോള സമനിലയിൽ തളച്ചു.സെലിൻസിക്കിയുടെ പാസിൽ നിന്നു ഫാബിയൻ റൂയിസ് 51 മത്തെ മിനിറ്റിൽ നാപോളിയെ മുന്നിലെത്തിച്ചു.8 മിനിറ്റിനുള്ളിൽ സെലിൻസിക്കിയുടെ തന്നെ പാസിൽ മെർട്ടൻസ് അവരുടെ ലീഡ് ഇരട്ടിയാക്കി.എന്നാൽ 71 മത്തെ മിനിറ്റിൽ ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ജിയാൻലുക്ക സ്കാമാക ഒരു ഗോൾ തിരിച്ചടിച്ചു.തുടർന്ന് 89 മത്തെ മിനിറ്റിൽ ബെറാഡിയുടെ ഫ്രീക്കിക്കിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ മാർകോ ഫെരാരി നാപ്പോളിയെ ഞെട്ടിക്കുക ആയിരുന്നു. ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ ഡിഫ്രൽ സസോളക്ക് ആയി വിജയഗോൾ നേടി എന്നു തോന്നിയെങ്കിലും വാർ ഗോൾ നിഷേധിക്കുക ആയിരുന്നു.

മറ്റൊരു മത്സരത്തിൽ മൗറീഞ്ഞോയുടെ റോമക്ക് വീണ്ടും തോൽവി.ബോലോഗ്നയാണ് റോമയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. 36 പോയിന്റുമായി നാപോളിയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. 35 പോയിന്റുമായി മിലാൻ തൊട്ടു പിന്നിലുണ്ട് 34 പോയിന്റുമായി ഇന്റർ മിലാൻ മൂന്നാം സ്ഥാനത്തുമുണ്ട്.

Rate this post