ഹാലന്റ്, സെർജിയോ അഗ്‌യൂറോ, കാമവിങ്ക എന്നിവരെ ടീമിലെത്തിക്കാനൊരുങ്ങി പ്രീമിയർ ലീഗ് വമ്പന്മാർ

കഴിഞ്ഞ സീസണിലേതു പോലെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയെ പൊളിച്ചെടുക്കാൻ തയ്യാറെടുക്കുകയാണ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയിപ്പോൾ. കായ് ഹവേർട്സ്, ഹാകിം സിയെച്, ടിമോ വെർണർ, തിയാഗോ സിൽവ ഇംഗ്ളിണ്ടിലേക്ക് എത്തിച്ച ബ്ലൂസ്, നിലവിൽ ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവ സുപ്പർ താരമായ ഏർലിംഗ് ഹാലന്റിനെയും ഇംഗ്ളണ്ടിലേക്ക് എത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ്.

തോമസ് ട്യൂഷേലിന്റെ വരവോടെ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചെൽസി, ടീമിന്റെ പ്രതിരോധനിരയെ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധിച്ചേക്കും. ബയേർൺ മ്യൂണിക്കിന്റെ ഡേവിഡ് അലാഭയെ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളും ഇതിനോടകം ചെൽസി ആസൂത്രണം ചെയ്തിരുന്നു.

ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ചെൽസി ഒരു മികച്ച ടീമിനെ തന്നെ വാർത്തെടുക്കാനുള്ള ഒരുക്കത്തിലാണ്.

റെന്നെസ്സിന്റെ യുവ പ്രതിഭയായ എടുവർഡോ കാമവിങ്കയെ ചെൽസി തന്റെ റഡാറിൽ ഉൾപ്പെടുത്തിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരത്തിനായി ലാ ലീഗയിൽ നിന്നും ചെൽസിക്ക് മത്സരം നേരിടേണ്ടി വരും. റയൽ മാഡ്രിഡും ഈ സുപ്പർ താരത്തിനായി രംഗത്തുണ്ട്.

പക്ഷെ റയൽ അധികൃതർ ഈ സീസൺ അവസാനത്തോടെ നിലവിലെ പരിശീലകനായ സിദാനെ പുറത്താക്കുകയാണെങ്കിൽ കാര്യങ്ങൾ ചെൽസിക്ക് അനുകൂലമായി മാറിയേക്കും. ഈ ആഴ്ച സിറ്റിയോട് ഔദ്യോഗികമായി വിട പറഞ്ഞ അഗ്‌യൂറോയുടെ പേരും ചെൽസിയുമായി ചേർത്തിരുന്നു.

ചെൽസിയിൽ ഇപ്പോൾ ഒരു മികച്ച സ്‌ട്രൈക്കർ അനിവാര്യമായ ഈ സാഹചര്യത്തിൽ അവർ അഗ്‌യൂറോയുമായി ബന്ധപ്പെട്ടേക്കാം. എന്നിരുന്നാലും ട്രാൻസ്ഫർ വിദഗ്ധനായ ഫബ്രിസിയോ റൊമാനോ പറഞ്ഞതു പ്രകാരം ചെൽസിക്ക് നിലവിൽ മറ്റു ചില പദ്ധതികളുള്ളത് കൊണ്ട് സിറ്റി ഇതിഹാസത്തിനായി ചെൽസി നീക്കങ്ങൾ നടത്തിയേക്കില്ല.

ചെൽസിയുമായി കുറച്ചു ദിവസങ്ങളായി വളരെ ശക്തമായി ചേർക്കപ്പട്ടിരുന്ന മറ്റൊരു കളിക്കാരനാണ് എസി മിലാന്റെ യുവ ഗോൾ കീപ്പറായ ജിയാൻല്യൂജി ഡോണ്ണാറുമ. ചെൽസി അധികൃതർ താരവുമായി ഇതു വരെ ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രാങ്ക് ലംപാർഡ് കെപ്പയ്ക്ക് പകരമായി ഡോണ്ണാറുമയെ ടീമിലെത്തിക്കാൻ പദ്ധതികളിട്ടിരുന്നു, പക്ഷെ അതൊന്നും നടന്നില്ല.

22കാരനായ ഇറ്റാലിയൻ ഗോൾകീപ്പറുടെ നിലവിലെ കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കുന്നതാണ്. ചെൽസി ഇതു വരെയായും താരവുമായി ബന്ധപ്പെട്ടിട്ടില്ല എന്നും റൊമാനോ വ്യക്തമാക്കി.

Rate this post