ചെൽസി താരത്തിന് എതിരാളികളുടെ തട്ടകത്തിലെത്തണം, അതു മാത്രം നടക്കില്ലെന്ന് ചെൽസി
ചെൽസി ടീമിൽ അവസരങ്ങൾ കുറയുന്ന പ്രതിരോധ താരം അന്റോണിയോ റുഡിഗർ എതിരാളികളുടെ തട്ടകത്തിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നു. പ്രമുഖ കായിക മാധ്യമമായ ദി അത്ലറ്റികിന്റെ റിപ്പോർട്ടുകൾ പ്രകാരം ടോട്ടനം ഹോസ്പറിലേക്കു ലോൺ കരാറിൽ ചേക്കേറാനാണ് റുഡിഗർ ആഗ്രഹിക്കുന്നത്.
ലംപാർഡിനു കീഴിൽ ഈ സീസണിൽ റുഡിഗറിന് അവസരങ്ങൾ വളരെ കുറവാണ്. ഈ സീസണിൽ ബ്രൈറ്റണെതിരായ മത്സരത്തിൽ പകരക്കാരനായി ബെഞ്ചിലിരുന്ന താരം പിന്നീട് സ്ക്വാഡിൽ പോലും ഇടം പിടിച്ചിട്ടില്ല. അവസരം കുറഞ്ഞാൽ ജർമൻ ടീമിലെ തന്റെ സ്ഥാനത്തെ അതു ബാധിക്കുമെന്നതു കൊണ്ടാണ് താരം ക്ലബ് വിടാനൊരുങ്ങുന്നത്.
Antonio Rudiger 'wants Tottenham loan move but Chelsea are reluctant to let him join rivals' https://t.co/EURs0RqAdg
— MailOnline Sport (@MailSport) October 3, 2020
ഒരു പ്രതിരോധ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമം തുടരുന്ന ടോട്ടനം ഇന്റർ മിലാൻ താരം സ്ക്രിനിയറെയാണ് പ്രധാനമായും നോട്ടമിട്ടിരുന്നത്. എന്നാൽ ഇപ്പോൾ ചെൽസി താരത്തിലാണ് ടോട്ടനം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ തങ്ങളുടെ നഗര വൈരികളായ ടോട്ടനത്തിലേക്ക് റുഡിഗറിനെ നൽകാനാവില്ലെന്ന നിലപാടിലാണ് ചെൽസി. ഇരു ക്ലബുകളും തമ്മിലുള്ള ബന്ധവും അത്ര മികച്ചതല്ല. പതിനൊന്നു വർഷങ്ങൾക്കു മുൻപാണ് അവസാനമായി ഒരു ചെൽസി താരം സ്പർസിലേക്കു ചേക്കേറിയിരിക്കുന്നത്.