” സമനിലയുമായി രക്ഷപെട്ട് ചെൽസി , സിറ്റിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയർത്തി ലിവർപൂൾ “

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടു സമനില വഴങ്ങി ചെൽസി.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ എവർട്ടനുമായി 1-1 ന് സമനില വഴങ്ങിയത്. സമനില വഴങ്ങിയതോടെ പ്രീമിയർ ലീഗ് കിരീട എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയുടെയും ലിവർപൂളിന്റെയും വിടവ് നികത്താനുള്ള അവസരം ചെൽസിക്ക് നഷ്ടമായി.തുടർച്ചയായ അവസരങ്ങൾ പാഴാക്കിയതിന് ശേഷം, 70-ാം മിനിറ്റിൽ എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിനെ മറികടന്ന് മേസൺ മൗണ്ട് ചെൽസിയെ മുന്നിലെത്തിച്ചു.

എന്നാൽ നാല് മിനുട്ടിനു ശേഷം കൗമാരക്കാരനായ ഡിഫൻഡർ ജറാഡ് ബ്രാന്ത്‌വെയ്റ്റിന്റെ ഗോളിൽ എവർട്ടൻ സമനില കണ്ടെത്തി.കിക്കോഫ് മുതൽ ചെൽസിയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്. പക്ഷെ റീസ് ജെയിംസും മേസൺ മൗണ്ടും മികച്ച അവസരങ്ങൾ പാഴാക്കി കളഞ്ഞു. 70 ആം മിനുട്ടിൽ മത്സരത്തിൽ ചെൽസിയുടെ ഗോളിലേക്കുള്ള 20 ആം ഷോട്ടിൽ നിന്നാണ് മൗണ്ട് ഗോൾ നേടിയത്.ചെൽസി വിജയിക്കാനായി ശ്രമിച്ചെങ്കിലും കളിയുടെ തുടക്കത്തിൽ അവർ കാണിച്ച ഒഴുക്ക് അവസാനം വരെ കൊണ്ട് പോകാൻ സാധിച്ചില്ല. 80 ആം മിനുട്ടിൽ വിജയ ഗോൾ നേടാൻ ചെൽസിക്ക് മികച്ച വസരം ലഭിച്ചു. ഗോളെന്നുറച്ച ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവയുടെ ഹെഡ്ഡർ എവെർട്ടൺ ഗോൾകീപ്പർ പിക്ക്ഫോർഡ് ഒരു അത്ഭുതകരമായ സേവിലൂടെ രക്ഷപെടുത്തി.കൊവിഡ് പോസിറ്റീവായതിനാൽ റൊമേലു ലുക്കാക്കു, ടിമോ വെർണർ, കല്ലം ഹഡ്‌സൺ-ഒഡോയ് എന്നിവരില്ലാതെയാണ് ചെൽസി ഇറങ്ങിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ഫോം തുടർന്ന് ലിവർപൂൾ. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയ റെഡ്സ് ഒന്നാം സ്ഥാനത്തുള്ള സിറ്റിയുമായി പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ ലിവർപൂൾ ഗോൾ വഴങ്ങി, മുൻ റെഡ്സ് മിഡ്‌ഫീൽഡർ ജോൺജോ ഷെൽവിയാണ് ന്യൂ കാസിലിനു വേണ്ടി ഗോൾ നേടിയത്.

എന്നാൽ 21 ആം മിനുട്ടിൽ ജോട്ടയിലൂടെ ലിവർപൂൾ സമനില കണ്ടെത്തി.നാലു മിനിറ്റിനുശേഷം മുഹമ്മദ് സലാ ലിവർപൂളിനെ മുന്നിലെത്തിച്ചു.തുടർച്ചയായി പതിനഞ്ച് PL ഗെയിമുകളിൽ സ്‌കോറുചെയ്യുന്നതിനോ അല്ലെങ്കിൽ ഒരു ഗോൾ സൃഷ്‌ടിക്കുന്നതിനോ ഉള്ള ജാമി വാർഡിയുടെ റെക്കോർഡിനൊപ്പമെത്താൻ സാലക്ക് സാധിച്ചു. 87 ആം മിനുട്ടിൽ അലക്സാണ്ടർ-അർനോൾഡ് ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ ലിവർപൂളിന്റെ മൂന്നാം ഗോൾ നേടി. ജയത്തോടെ 17 മത്സരങ്ങളിൽ നിന്നും 40 പോയിന്റുമായി സിറ്റിക്ക് ഒരു പോയിന്റ് പിന്നിൽ രണ്ടാമതാണ്. 37 പോയിന്റുമായി ചെൽസിയാണ് മൂന്നാം സ്ഥാനത്ത്.

Rate this post