“സ്പർസിനെ വീഴ്ത്തി ചെൽസി ഫൈനലിൽ : യുവന്റസിനെ എക്സ്ട്രാ ടൈമിൽ കീഴടക്കി സൂപ്പർ കോപ്പ കിരീടം നേടി ഇന്റർ മിലാൻ”

കാരബാവോ കപ്പ് സെമി ഫൈനൽ രണ്ടാം പാദത്തിൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്തി ചെൽസി ഫൈനലിൽ സ്ഥാനം പിടിച്ചു . ടോട്ടൻഹാമിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയമാണ് ചെൽസി സ്വന്തമാക്കിയത്.അന്റോണിയോ റൂഡിഗറിന്റെ ആദ്യ പകുതിയിലാണ് ചെൽസിക്കായി ഗോയൽ നേടിയത്.കഴിഞ്ഞയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ഏകപക്ഷീയമായ ആദ്യ പാദത്തിൽ ചെൽസി 2 ഗോളുകൾക്ക് വിജയിച്ചിരുന്നു.

ലിവർപൂൾ – ആഴ്‌സണൽ മത്സരത്തിലെ വിജയികളാണ് ചെൽസിയുടെ ഫൈനലിലെ എതിരാളികൾ.ചെൽസിയുടെ ആധിപത്യം കണ്ട ആദ്യ പകുതിയിൽ മേസൺ മൗണ്ടിന്റെ കോർണറിൽ നിന്ന് അന്റോണിയോ റുഡിഗർ ചെൽസിയുടെ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സമനിലയിലേക്ക് തിരിച്ചുവരാനുള്ള വഴി തേടി ടോട്ടൻഹാം കഠിനമായി പോരാടിയെങ്കിലും സ്പർസിന് അനുകൂലമായി ലഭിച്ച മൂന്ന് ഗോളവസരങ്ങൾ വാർ ഇടപെട്ട് തടഞ്ഞതും അവർക്ക് തിരിച്ചടിയായി. രണ്ട് തവണ പെനാൽറ്റിയും ഒരു തവണ ഗോളുമാണ് സ്പർസിന് വാർ നിഷേധിച്ചത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ വെസ്റ്റ് ഹാം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് നോർവിച് സിറ്റിയെ പരാജപ്പെടുത്തി. വിജയത്തോടെ വെസ്റ്റ് ഹാം യുണൈറ്റഡ് പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഇടം നേടി. ഇരു പകുതിയിലുമായി ജറോഡ് ബോവൻ നേടിയ ഗോളുകൾക്കായിരുന്നു വെസ്റ്റ് ഹാമിന്റെ ജയം.ഈ സീസണിൽ അഞ്ച് ഗോളുകളും ഏഴ് അസിസ്റ്റുകളും സഹിതം 12 പ്രീമിയർ ലീഗ് ഗോളുകളിൽ ബോവൻ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. 21 മത്സരങ്ങളിൽ നിന്നും 37 പോയിന്റുമായി വെസ്റ്റ് ഹാം നാലാം സ്ഥാനത്താണ്.

സാൻ സിറോയിൽ നടന്ന ഇറ്റാലിയൻ സൂപ്പർ കപ്പിൽ യുവന്റസിനെ എക്സ്ട്രാ ടൈമിൽ കീഴടക്കി ഇന്റർ മിലാൻ ഇറ്റാലിയൻ സൂപ്പർ കോപ്പ കിരീടം നേടി. ഇന്ററിന്റെ ആറാമത്തെ സൂപ്പർ കപ്പ് വിജയവും 2010 ന് ശേഷമുള്ള അവരുടെ ആദ്യ വിജയവും കൂടിയാണിത്.നിലവിലെ സീരി എയും ഇറ്റാലിയൻ കപ്പ് ചാമ്പ്യൻമാരും തമ്മിലാണ് സൂപ്പർ കപ്പിൽ ഏറ്റുമുട്ടുന്നത്. മത്സരം തുടങ്ങി 25 ആം മിനുട്ടിൽ തന്നെ വെസ്റ്റൺ മക്കെന്നി യുവന്റസിനെ മുന്നിലെത്തിച്ചു. ലീഡ് 10 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ, മാട്ടിയ ഡി സിഗ്ലിയോ ഏരിയയിൽ എഡിൻ ഡിസെക്കോയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ലാട്ടുരോ മാർട്ടിനെസ് ലക്ഷ്യത്തിലെത്തിച്ച് ഇന്ററിനു സമനില നൽകി.2016 ന് ശേഷം അധിക സമയത്തേക്ക് പോകുന്ന ആദ്യത്തെ ഇറ്റാലിയൻ സൂപ്പർ കപ്പിൽ ചിലിയൻ സ്‌ട്രൈക്കർ ആളെകിസ് സാഞ്ചേസ് നേടിയ ഗോളിൽ ഇന്റർ കിരീടമുറപ്പിച്ചു.