“സ്വപ്നത്തേരിൽ ഇവാനും കുട്ടികളും ,ഇത് പുതിയ ബ്ലാസ്റ്റേഴ്‌സ് “

സ്വപ്‌നങ്ങള്‍ കാണുമ്പോള്‍ ചിലരുടെ മനസ്സ് നിറയെ സാംബാതാളമാണ്.ചിലരാകട്ടെ നീലയും വെള്ളയും കലര്‍ന്ന പ്രതിഭാസംഘത്തിന്റെ സ്‌നേഹക്കൂട്ടിലായിരിക്കാം. ഇറ്റലിക്കും ഇംഗ്ലണ്ടിനും ജര്‍മനിക്കും ഫ്രാന്‍സിനും സ്‌പെയിനിനും ഹോളണ്ടിനുമൊക്കെ പിന്തുണ പ്രഖ്യാപിക്കുന്നുവരുണ്ട്. ആര്‍ക്കും ആരോടും യോജിക്കാം, വിയോജിക്കാം. ലോകകപ്പ് കാലമാകുമ്പോൾ ബ്രസീലിന്റെയും അർജന്റീനയുടെയും തെരുവുകളിലെ പോലെയുള്ള ആവേശം ഇങ്ങ് കൊച്ച് കേരളത്തിലും ദ്യശ്യമാകാറുണ്ട്.

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും സ്വന്തം രാജ്യത്തിന്റെയും നാടിന്റെയും ടീമിനെ പിന്തുണയ്ക്കാൻ നമ്മളും ആഗ്രഹിച്ചിട്ടുണ്ട്. ഐ.എസ് എൽ അങ്ങനെ ഒരു അവസരം കൊണ്ടുവന്നപ്പോൾ നാം ആ മഞ്ഞകുപ്പായക്കാരെ ഒരുപാട് സ്നേഹിച്ചു. എന്നാൽ ആരാധക പിന്തുണയ്ക്കൊത്ത് ഉയരാൻ സാധിക്കാതെ പല സീസണുകളിലും എല്ലാവരാലും എഴുതി തള്ളപ്പെട്ടു ആ ടീം. ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിലൂടെ കടന്നു പോകുമ്പോൾ ആരാധകർ ആ ടീമിനെയോർത്ത് അഭിമാനം കൊള്ളുന്നു .അതെ , കേരളത്തിന്റെ സ്വകാര്യ അഹങ്കാരം – കേരള ബ്ലാസ്റ്റേഴ്സ്

രണ്ട് ദിവസം ഇടവേളയിൽ വരുന്ന മത്സരം താരങ്ങൾ എല്ലാവരും തളർന്നിരിക്കുമെന്നും സമനില കിട്ടിയാൻ നല്ലതെന്ന് ആരാധകർ മനസിൽ എങ്കിലും വിചാരിച്ച മത്സരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അവസാനമായി കളത്തിലിറങ്ങിയ ഒഡിഷാക്കെതിരെയുള്ള പോരാട്ടം. എന്നാൽ സ്വന്തം ബോക്സ് മുതൽ എതിരാളികളുടെ ഗോൾമുഖം വരെ ഒരേ ആർജവത്തോടെ നിയന്ത്രിച്ച് സർവാധിപത്യം നേടി ബ്ലാസ്റ്റേഴ്സ് നടത്തിയ ഹൈ പ്രസിംഗ് ഫുട്ബോൾ കണ്ട കമ്മെന്ററി ബോക്സ് ഇങ്ങനെ പറഞ്ഞു ” ഹാപ്പി ഫുട്ബോൾ ” . ശരിയാണ് ഒരു ടീമിലെ മുഴുവൻ താരങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം പിന്തുണയ്ക്കുന്നതും മനസിലാക്കുന്നതുമായ കാഴ്ച്ച .

“തിരക്ക് കൂട്ടേണ്ട എല്ലാവർക്കും ബോൾ തരാം ” എന്ന് പറഞ്ഞ് ലോകോത്തര മധ്യനിര താരവും ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണ , എതിർ പ്രതിരോധനിരക്ക് നിരന്തം തലവേദനയായ വാസ്ക്വസ് – ഡയസ് സഖ്യം, സഹൽ സൃഷ്ട്ടിക്കുന്ന പ്രഷർ, എതിർ ടീം മുന്നേറ്റങ്ങളെ മധ്യഭാഗത്ത് കീറി മുറിക്കുന്ന ജിക്സൻ -പുട്ടിയ സഖ്യം, ഞങ്ങളെ വെട്ടിച്ച് ഒന്ന് ഗോൾ അടിച്ചെ എന്ന് പറഞ്ഞ് നിൽക്കുന്ന പ്രതിരോധ നിരയും , ഇതാണ് ഈ വർഷത്തെ ബ്ലാസ്റ്റേഴ്സ് . ഇവരെല്ലാം ചേരുമ്പോൾ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ഒരു മനോഹര വിരുന്ന് ആകുന്നു. ബാക്കി ടീമുകൾക്ക് പരിക്ക് പാരയാകുമ്പോൾ ബ്ലാസ്‌റ്റേഴ്സിന് അത് ബെഞ്ച് സ്ട്രെങ്ത്ത് പരീക്ഷിക്കാനുള്ള മാർഗമാകുന്നു. പകരം വന്നവർ എല്ലാം തിളങ്ങുമ്പോൾ ഒരു കാര്യം വ്യക്തം. സീസൺ തുടക്കത്തിൽ നടത്തിയ ഹോം വർക്ക് ഫലം കണ്ടു തുടങ്ങി.

ഒരു താരത്തിൽ മാത്രം ആശ്രയിക്കുന്ന ശൈലിയല്ല കോച്ച് ഇവാന്റെത്. അതുകൊണ്ട് തന്നെ തന്റെ ഫോർമേഷനിൽ കോർത്തിണക്കാൻ സാധിക്കുന്ന താരങ്ങളെ നേരത്തെ കണ്ടെത്തുകയും അവരുടെ കഴിവുകളയും – കുറവുകളെയും വിലയിരുത്താനും സാധിച്ചു. മുൻനിരയും മധ്യനിരയും പ്രതിരോധവുമെല്ലാം ഒരുപോലെ മികച്ച് നിന്നാൽ വിജയം അനായാസമാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ആ ബോധ്യവും അദ്ദേഹം നല്കിയ ഊർജവുമാണ് 10 മത്സരങ്ങളായി നീളുന്ന ഈ അപരാജിത കുതിപ്പിന്റെ കാരണം.

ഗ്രീക്ക് പുരാണത്തിൽ കോൾഷിസ് ദ്വീപിലേക്ക് സ്വർണ പരവതാനി തേടി പോകുന്ന ജേസന്റെ കഥ വിവരിക്കുന്നുണ്ട്. സാഹസിക യാത്രയിൽ അയാളെ സഹായിക്കാൻ വിവിധ ദേശങ്ങളിൽ നിന്നും ആർഗാനോട്ടുകൾ എന്ന യോദ്ധാക്കൾ എത്തുകയും അവർ ചേർന്ന് ഒരു കപ്പൽ നിർമിച്ചു യാത്ര പുറപ്പെടുകയും ചെയുന്നു. അതെ, ഐ.എസ് എൽ കപ്പ് എന്ന നിധി തേടി ഇവാൻ വുക്കനോവിച്ചും സംഘവും നടത്തുന്ന യാത്ര ശരിയായ ദിശയിലാണ് , ഇനിയും മുന്നോട്ടുള്ള യാത്ര ഒരിക്കലും എളുപ്പമാകില്ല . ആടാതെ , ഉലയാതെ സംഘത്തെ ലക്ഷ്യം കാണിക്കാൻ ഇവാന് കഴിയട്ടെ …

കോവിഡിന്റെ കരങ്ങളിൽ ഇന്ത്യൻ സൂപ്പർ ലീഗ് പെട്ട് പോയെങ്കിലും വരും ദിവസങ്ങളിൽ മത്സരങ്ങൾ സുഗമമായി നടക്കും എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്. തുടർച്ചയായ രണ്ടു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ മാറ്റിവെച്ചത്. രണ്ടു മത്സരങ്ങൾ കളിക്കാതിരുന്നിട്ടും 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. കേരള ടീമിന്റെ അടുത്ത മത്സരം 30 ആം തീയതി ബംഗളുരു എഫ് സിക്കെതിരെയാണ്.