❝ഇനിയും ഇങ്ങനെ മുന്നോട്ട് പോവാൻ സാധിക്കില്ല ,സുനിൽ ഛേത്രി ഇല്ലാതെ ഇന്ത്യ കളിക്കാനും ഗോളടിക്കാനും പഠിക്കണം❞ |Sunil Chhetri

ഫുട്ബോൾ ലോകത്ത് ഇന്ത്യ എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ എത്തുന്നത് സുനിൽ ഛേത്രി എന്ന സൂപ്പർ താരത്തിന്റെ പേരായിരിക്കും. 37 കാരൻ ഇന്ത്യൻ ഫുട്ബോളിൽ ചെലുത്തിയ സ്വാധീനം അത്ര വലതുതാണെന്ന് പറയേണ്ടി വരും.ഒരു ദശാബ്ദത്തിലേറെയായി സുനിൽ ഛേത്രി ദേശീയ ഫുട്ബോൾ ടീമിനെ ഒറ്റയ്‌ക്ക് കൊണ്ടുനടക്കുന്നു എന്ന് പറഞ്ഞാൽ തെറ്റില്ല. ഇന്ത്യൻ ക്യാപ്റ്റൻ തന്റെ ടീമിനെ എണ്ണമറ്റ തവണ തോൽ‌വിയിൽ നിന്നും രക്ഷിച്ചിട്ടുണ്ട്.സുനിൽ ഛേത്രി ഇല്ലാതെ ടീം ഫുട്ബോൾ മാപ്പിൽ എവിടെയായിരിക്കുമെന്ന് ഒന്ന് ചിന്തിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് നല്ലതായിരിക്കും.

കഴിഞ്ഞ ദിവസം എഎഫ്സി കപ്പ് യോഗ്യത മത്സരത്തിൽ കൊൽക്കത്തയിൽ ഇന്ത്യ കംബോഡിയയെ രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയപ്പോൾ രണ്ടും നേടിയത് 37 കാരനായ സുനിൽ ഛേത്രിയായിരുന്നു. ഏഴു മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒരു അന്തരാഷ്ട്ര മത്സരത്തിൽ വിജയിക്കുന്നത്.ഡബിൾ സ്‌ട്രൈക്ക് അദ്ദേഹത്തെ ലോകത്തെ സജീവ ഫുട്‌ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ സ്‌കോറർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു. 127 മത്സരങ്ങളിൽ നിന്ന് 82 ഗോളുകൾ നേടിയ ഛേത്രി ഇപ്പോൾ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (117), അർജന്റീനിയൻ താരമായ ലയണൽ മെസ്സി (86) എന്നിവർക്ക് പിന്നിലാണ്.

ആറു മാസത്തെ ഇടവേളക്ക് ശേഷം ദോഹയിൽ ജോർദാനെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് ഛേത്രി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയത്.2021 ഒക്ടോബറിൽ നടന്ന SAFF ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേപ്പാളിനെതിരെ 3-0 ന് വിജയിച്ച സമയത്താണ് 37 കാരനായ ഛേത്രി ഇന്ത്യക്ക് കളിച്ചത് അതിനുശേഷം പരിക്കുകൾ കാരണം ടീമിന് പുറത്തായിരുന്നു.സുനിൽ ഛേത്രി ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ഇന്ത്യൻ ടീമിന്റെ ഒരു ദയനീയ അവസ്ഥ കൂടി ഇത് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ 15 വർഷമായി ഇന്ത്യൻ ടീമിന്റെ ഒറ്റയാൾ പോരാളിയാണ് ഛേത്രി. ഛേത്രിക്ക് പകരമായയോ അദ്ദേഹത്തിന് പിന്തുണ നൽകാനോ ഒരു താരം പോലും വളർന്നു വന്നിട്ടില്ല എന്നത് ദുഖകരമായ കാര്യമാണ്. ഛേത്രിയില്ലാതെ ഇറങ്ങിയ ഇന്ത്യയുടെ അവസാന മത്സരങ്ങളിലെ മുന്നേറ്റ നിരയുടെ പ്രകടനം മാത്രം പരിശോധിച്ചാൽ ഇത് മനസ്സിലാവും.

ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് തന്റെ ആക്രമണകാരികളായ കളിക്കാർ സുനിൽ ഛേത്രി ഇല്ലാതെ കളിക്കാൻ പഠിക്കാൻ തുടങ്ങണമെന്നും ചില ഗോളുകൾ നേടണമെന്നും അഭിപ്രായം പറഞ്ഞിരുന്നു.37-ാം വയസ്സിൽ, ഛേത്രി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഉദാന്ത സിംഗ്, മൻവീർ സിംഗ്, ആഷിക് കുരുണിയൻ, സഹൽ അബ്ദുൾ സമദ്, ലിസ്റ്റൺ കൊളാക്കോ തുടങ്ങിയ കളിക്കാർ സ്‌കോർ ചെയ്യാൻ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും സ്ടിമാക് പറഞ്ഞു.

ഛേത്രിയെ ആശ്രയിച്ച് ഇന്ത്യക്ക് എത്ര നാൾ മുന്നോട്ട് പോവാൻ സാധിക്കും എന്ന ചോദ്യം ഉയർന്നു വന്നിട്ട് നാളുകൾ ഏറെയായിട്ടുണ്ട്. ഇന്ത്യൻ ഫൂട്ട്ബോളിന്റെ മുഖച്ഛായ തന്നെ മാറ്റിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടു സീസൺ കഴിഞ്ഞിട്ടും ഇന്ത്യൻ ടീമിൽ വലിയ മാറ്റം കൊണ്ട് വരൻ ഇതിനു സാധിച്ചിട്ടില്ല. ലീഗിലേക്ക് കൂടുതൽ കളിക്കാർ ഉയർന്നു വരുന്നുണ്ടെങ്കിലും വിദേശ താരങ്ങളോട് താരതമ്യം ചെയ്യുമ്പോൾ നമ്മുടെ താരങ്ങൾ വളരെ പുറകിൽ തന്നെയാണ്.

ഛേത്രിയെ കൂടുതലായും ആശ്രയിക്കുന്ന ശൈലിയാണ് ഇന്ത്യൻ പിന്തുടരുന്നത്.ഇത് മനസ്സിലാക്കാൻ കഴിഞ്ഞ വർഷത്തെ SAFF ചാമ്പ്യൻഷിപ്പിന്റെ കാര്യമെടുക്കാം. ടൂർണമെന്റ് വിജയിച്ചെങ്കിലും, ഇന്ത്യയുടെ മോശം ഗോൾ സ്കോറിംഗ് കഴിവുകളും ഛേത്രിയെ ആശ്രയിക്കുന്നതും പ്രകടമായിരുന്നു.ഇന്ത്യൻ ടീം നേടിയ എട്ട് ഗോളുകളിൽ അഞ്ചും സുനിൽ ഛേത്രിയാണ് നേടിയത്. ഒരു കളിയിൽ 16 ഷോട്ടുകൾക്ക് അടുത്താണ് ടീം ശരാശരി നേടിയത്, മൊത്തം 79 ഷോട്ടുകൾ.ഇത് സ്‌ട്രൈക്കർമാരുടെ കടുത്ത ആവശ്യത്തെ കാണിക്കുന്നു. ഇതിനായി ആഭ്യന്തര ലീഗിൽ വിദേശ താരങ്ങളുടെ കാര്യത്തിലും നിയന്ത്രണ മാറ്റങ്ങൾ വരുത്തി. പക്ഷെ വിചാരിച്ച ഫലമുണ്ടായില്ല.

ഛേത്രിക്ക് ശേഷം ഇന്ത്യൻ ഫുട്ബാൾ എന്ത് ? ആര് ? എന്ന ചോദ്യങ്ങൾ പലപ്പോഴും ഉയന്നു വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. ഛേത്രിയുടെ പകരക്കാരനെ കണ്ടെത്തുക എന്നത് വളരെ വലിയൊരു കടമ്പയാണ്. ഇന്ത്യൻ ഫുട്ബോളിൽ ഐഎം വിജയൻ ,ബൂട്ടിയ എന്നി ഇതിഹാസങ്ങളേക്കാൾ ഉയരത്തിൽ നിൽക്കുന്ന താരമാണ് ഛേത്രി. പക്ഷേ ഫുട്ബോൾ ഒരു ടീം സ്പോർട് ആണ് ഒരു മത്സരം വിജയിക്കാൻ ടീമിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണ്, എ‌ഐ‌എഫ്, ഐ‌എസ്‌എൽ എന്നിവ ലീഗ് തലത്തിലും ഗ്രാസ്‌റൂട്ടിലും ഒരുപോലെ താരങ്ങളെ വളർത്തിക്കൊണ്ടു വരുന്നുണ്ട് . ഛേത്രി ഇന്ത്യൻ ഫുട്ബോളിന് നൽകിയ സംഭാവനകൾ അതാണ് വലുതാണ്. ഇന്ത്യൻ ഫുട്ബോൾ ആരാധകരെ വീണ്ടും ഇന്ത്യയുടെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഛേത്രി.

Rate this post