ലയണൽ മെസ്സിക്ക് മോണ്ട്പെല്ലിയറിനെതിരായ മത്സരം നഷ്ടപ്പെടും , സിറ്റിക്കെതിരെ ചാമ്പ്യൻസ് ലീഗിൽ തിരിച്ചു വരുമോ ?

പാരീസ് സെന്റ് ജെർമെയ്ൻ ലിഗ് 1 ൽ ശനിയാഴ്ച മോണ്ട്പെല്ലിയറിനെ നേരിടാൻ തയ്യാറെടുക്കുകയാണ്.എന്നിരുന്നാലും, ആറ് തവണ ബാലൺ ഡി ഓർ ജേതാവ് ലയണൽ മെസ്സി ഇല്ലാതെയാവും ഫ്രഞ്ച് വമ്പന്മാർ ഇറങ്ങുന്നത്.ലിയോണിനെതിരായ മത്സരത്തിൽ 76 ആം മിനുട്ടിൽ പരിക്ക് മൂലം കയറിയ താരത്തിന് മെറ്റ്സിനെതിരായ മത്സരം നഷ്ടപ്പെട്ടിരുന്നു. ലീഗിൽ അടുത്ത മത്സരം നഷ്ടപെടുമെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പിഎസ്ജിയുടെ മിഡ്‌വീക്ക് പോരാട്ടത്തിന് അദ്ദേഹം തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്നും പരിശീലകൻ മൗറീഷ്യോ പോചെറ്റിനോ പറഞ്ഞു.

മോണ്ട്പെല്ലിയറിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ മെസ്സിയുടെ പരിക്കിനെ കുറിച്ചും പോചെറ്റിനോ സംസാരിച്ചു. മെസിയെ മെഡിക്കൽ സ്റ്റാഫ് ഞായറാഴ്ച വീണ്ടും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിറ്റിക്കെതിരായ മത്സരത്തിൽ മെസ്സിക്ക് തിരിച്ചുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവർ ഇപ്പോഴും ജാഗ്രത പാലിക്കണമെന്ന് പോച്ച് കൂട്ടിച്ചേർത്തു.”ലിയോ വെള്ളിയാഴ്ച വീണ്ടും ഓടാൻ തുടങ്ങി. ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ പുരോഗമിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഞായറാഴ്ച ഞങ്ങൾ അത് വീണ്ടും മെസ്സിയെ പരിശോധിക്കും . മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അദ്ദേഹത്തിന് കളിക്കാനാകുമോ? അതെ, ഞങ്ങൾ അങ്ങനെ പ്രതീക്ഷിക്കുന്നു, പക്ഷേ നമ്മൾ ജാഗ്രത പുലർത്തണം. വരും ദിവസങ്ങളിൽ അദ്ദേഹം എങ്ങനെ പുരോഗമിക്കുമെന്ന് നോക്കാം” പോചെറ്റിനോ പറഞ്ഞു.

സെപ്റ്റംബർ 20 ന് ലിയോണിനെതിരായ ലീഗ് 1 മത്സരത്തിൽ പിഎസ്ജി വിജയിച്ചതിന് ശേഷം, മത്സരത്തിലെ ഏറ്റവും വലിയ സംസാര വിഷയം അവസാന നിമിഷത്തെ വിജയിയായിരുന്നില്ല, മറിച്ച് കളിയുടെ 76-ാം മിനിറ്റിൽ ലയണൽ മെസ്സിയെ സബ്സ്റ്റിട്യൂട് ചെയ്തതായിരുന്നു. സ്കോർ 1 -1 ൽ നിൽക്കുമ്പോൾ മെസ്സിക്ക് പകരം അക്രഫ് ഹക്കിമിയെ ഇറക്കുകയും ഡഗൗട്ടിലേക്ക് മടങ്ങുമ്പോൾ മെസ്സി മൗറീഷ്യോ പോച്ചെറ്റിനോക്ക് കൈകൊടുക്കാതെ മടങ്ങുകയും ചെയ്തത് വലിയ ആശയകുഴപ്പമുണ്ടാക്കിയിരുന്നു.

ലോകമെമ്പാടുമുള്ള മെസ്സി ആരാധകർ ഉറ്റു നോക്കുന്നത് സെപ്റ്റംബർ 28 അടുത്ത ചൊവ്വാഴ്ച പാരീസ് സെന്റ് ജെർമെയിൻ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുമ്പോൾ സൂപ്പർ താരം കളിക്കുമോ എന്നാണ്.പാർക്ക് ഡെസ് പ്രിൻസസിൽ സിറ്റിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുമ്പോൾ മെസ്സി കളിക്കുമോ എന്നാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്. 2016 ലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലാണ് മെസ്സി മാഞ്ചസ്റ്റർ സിറ്റിയെ നേരിട്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ മെസ്സി ആദ്യം ഗോൾ നേടിയെങ്കിലും സിറ്റിസൺസ് മത്സരം 3-1 ന് വിജയിച്ചു. നൗ ക്യാമ്പിൽ നടന്ന പോരാട്ടത്തിൽ മെസ്സിയുടെ ഹാട്രിക്കിന്റെ ബലത്തിൽ ബാഴ്സ 4-0ന് വിജയിച്ചു.

മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ലയണൽ മെസ്സിയും വേൾഡ് പെപ് ഗാർഡിയോളയും വീണ്ടും ഒരുമിക്കുന്നതാണ്. യൂറോപ്പിലെ ഏറ്റവും സമ്പന്നമായ രണ്ടു വ്ലബ്ബുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാവും ഈ മത്സരം.കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ തോൽവിക്ക് ഒരു പകരം വീട്ടൽ കൂടി പിഎസ്ജി മത്സരത്തിൽ ലക്‌ഷ്യം വെക്കുന്നുണ്ട്. എണ്ണപ്പാടങ്ങൾ തമ്മിലുള്ള മത്സരത്തിൽ ഖത്തറാണോ യുണൈറ്റഡ്‌ അറബ് എമിരേറ്റ്സ് ആണോ വിജയിക്കുന്നത് എന്ന് നോക്കാം.

Rate this post