സാനേയുടെ പകരക്കാരനെ ലാലിഗയിൽ നിന്നും സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബയേൺ മ്യൂണിക്കിലേക്കു ചേക്കേറിയ ജർമൻ താരം ലെറോയ് സാനേയുടെ പകരക്കാരനെ സ്വന്തമാക്കുന്നതിന്റെ തൊട്ടടുത്തെത്തി മാഞ്ചസ്റ്റർ സിറ്റി. ലാലിഗ ക്ലബായ വലൻസിയയുടെ ഇരുപതുകാരനായ താരം ഫെറൻ ടോറസിനെയാണ് സിറ്റി സ്വന്തമാക്കുന്നത്. താരവുമായി സിറ്റി പേഴ്സണൽ കരാറിലെത്തിയെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
അടുത്ത സീസണോടെ വലൻസിയയുമായുള്ള ഫെറൻ ടോറസിന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. കരാർ പുതുക്കാൻ സ്പാനിഷ് ക്ലബ് ആവശ്യപ്പെട്ടെങ്കിലും താരം അതിനു തയ്യാറായിട്ടില്ല. ബുധനാഴ്ച താരത്തിന്റെ ഏജന്റും മാഞ്ചസ്റ്റർ സിറ്റി പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചകൾ ഫലം കണ്ടുവെന്നാണ് യൂറോസ്പോർട് റിപ്പോർട്ടു ചെയ്യുന്നത്.
Total agreement between Ferran Torres and Manchester City.
— City Chief (@City_Chief) July 15, 2020
[@Eurosport_ES] pic.twitter.com/AkMv7F3NSO
അടുത്ത സീസണു ശേഷം കരാർ അവസാനിക്കുമെന്നതു കൊണ്ടു തന്നെ ടോറസിനെ വിൽക്കാനാണ് വലൻസിയയുടെ ശ്രമം. നൂറു ദശലക്ഷം യൂറോ റിലീസിങ്ങ് തുകയായി ഉണ്ടെങ്കിലും അതിനേക്കാൾ കുറഞ്ഞ തുകക്ക് താരത്തെ സ്വന്തമാക്കാൻ സിറ്റിക്കു കഴിയുമെന്നുറപ്പാണ്. ലിവർപൂളിനെ മറികടന്നാണ് താരത്തെ സിറ്റി സ്വന്തമാക്കുന്നത്.
ചാമ്പ്യൻസ് ലീഗിൽ രണ്ടു വർഷത്തേക്ക് സിറ്റിയെ വിലക്കിയ നടപടി കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് നീക്കിയതോടെ താരങ്ങളുടെ ട്രാൻസ്ഫർ സിറ്റിക്ക് എളുപ്പമായി. ഏതു വമ്പൻ താരത്തെ വേണമെങ്കിലും സ്വന്തമാക്കാൻ കഴിവുള്ള സിറ്റി ചുരുങ്ങിയത് മൂന്നോ നാലോ താരങ്ങളെ ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കുമെന്നുറപ്പാണ്.