കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണ ഫുട്ബോൾ തുടരുമെന്ന് പരിശീലകൻ ഇവാന്‍ വുക്കുമനോവിച്ച് |Kerala Blasters
കൊച്ചിയിൽ എടികെ യോടേറ്റ ദയനീയ തോൽവിയുടെ ക്ഷീണം തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ആദ്യ എവേ മത്സരത്തിൽ ഒഡിഷ എഫ്സിയെ നേരിടും.ഈ സീസണിൽ രണ്ട് കളികളിൽ ഒന്ന് ജയിക്കുകയും ഒന്ന് തോൽക്കുകയും ചെയ്ത ഒഡീഷയുമായി കൊമ്പുകോർക്കുമ്പോൾ ഒരു തിരിച്ചു വരവാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ആക്രമണ ഫുട്ബോൾ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് തന്റെ ടീമിനെ സജ്ജമാക്കിയത്. നാളത്തെ മത്സരത്തിൽ ഇറങ്ങുമ്പോൾ അതേ ശൈലി നിലനിർത്തുമോ എന്ന ചോദ്യം പരിശീലകന് മുന്നിൽ മാധ്യമപ്രവർത്തകർ ഉന്നയിക്കുകയും ചെയ്തു.”അതെ കാരണം ഞങ്ങൾ കളിക്കാൻ ഇഷ്ടപ്പെടുന്ന രീതി അതാണ്.ആക്രമണ ഫുട്ബോൾ രീതി ഇതാണ് ഞങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന രീതി. കളിക്കാർ ഈ ശൈലിയിൽ കളിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു അങ്ങനെ തന്നെ തുടരാൻ ആഗ്രഹിക്കുന്നു” ഇവാൻ അഭിപ്രായപ്പെട്ടു.
“കംഫർട്ട് സോണിന് പുറത്ത് പോകുന്നതിനെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. കംഫർട്ട് സോണിന് പുറത്ത് പോകുമ്പോൾ എങ്ങനെ മെച്ചപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങൾ മികച്ചവരാകുന്നത്.ഒരു ടീമെന്ന നിലയിലും ഒരു കളിക്കാരൻ എന്ന നിലയിലും” അദ്ദേഹം കൂട്ടിച്ചേർത്തു.”എല്ലാവരും നാളത്തേക്ക് ലഭ്യമാണ്. എല്ലാവരും ആരോഗ്യവാന്മാരാണ്. ഞങ്ങൾ ഇവിടെ ഫുൾ സ്‌ക്വാഡുമായാണ് ഉള്ളത്, അതിനാൽ ആർക്കും കളിക്കാം. ഇന്ന് ഞങ്ങൾക്ക് ഒരു സെഷൻ കൂടിയുണ്ട്” ഇവാൻ പറഞ്ഞു.
ബ്ലാസ്‌റ്റേഴ്‌സിനായി വിക്ടര്‍ മോംഗില്‍ നാളെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങുമെന്ന സൂചന പരിശീലകൻ നൽകുകയും ചെയ്തു.ഒഡീഷ നല്ല ടീമാണെന്നും അവരുടെ നാട്ടില്‍ കളിക്കുന്നത് വെല്ലുവിളിയാണെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു. എടികെയ്‌ക്കെതിരായ തോല്‍വിയെ കൊച്ചിയില്‍ തന്നെ ഉപേക്ഷിച്ചാണ് തങ്ങള്‍ വരുന്നതെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.