പാരീസ് ഒളിമ്പിക്സിൽ ലയണൽ മെസ്സി കളിക്കുന്നതിനെക്കുറിച്ച് പരിശീലകൻ ഹാവിയർ മഷറാനോ | Lionel Messi

വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിൽ തൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ ലയണൽ മെസ്സിക്ക് വാതിലുകൾ തുറന്നിട്ടുണ്ടെന്ന് മുൻ അർജൻ്റീന മിഡ്ഫീൽഡറും നിലവിലെ അണ്ടർ 23 പരിശീലകനുമായ ഹാവിയർ മഷറാനോ പറഞ്ഞു.മേജർ ലീഗ് സോക്കറിൽ ഇൻ്റർ മിയാമിയുടെ ക്യാപ്റ്റനായ മെസ്സി ഫിഫ ലോകകപ്പ് വിജയത്തിലെ വീരോചിതമായ പ്രകടനത്തെത്തുടർന്ന് ഫിഫ മികച്ച അവാർഡും എട്ടാമത്തെ ബാലൺ ഡി ഓറും നേടിയിരുന്നു.

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ അർജൻ്റീനയെ പ്രതിനിധീകരിക്കാൻ മെസ്സിക്ക് ക്ഷണം ഉണ്ടെന്ന് മഷറാനോ പറഞ്ഞു. 2008 ബീജിംഗ് ഒളിമ്പിക്സിൽ മെഡൽ നേടിയ മെസ്സിക്ക് ഇതിനകം ഒളിമ്പിക് സ്വർണം ഉണ്ട്. ” ലിയോയുമായുള്ള എൻ്റെ സൗഹൃദം എല്ലാവർക്കും അറിയാം. എന്റെ ഭാഗത്ത്‌ നിന്നുമുള്ള എല്ലാ വാതിലുകളും സമ്മതവും ഞാൻ മെസ്സിക്കായി തുറന്നുകൊടുക്കുകയാണ്, ഇനി തീരുമാനമെടുക്കേണ്ടത് ലിയോ മെസ്സിയാണ്. ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയ ശേഷം മെസ്സി ഞങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. ലിയോ മെസ്സി അർജന്റീന ദേശീയ ടീമിന്റെ വലിയ ആരാധകനാണ്. ഈ കാര്യത്തിൽ സംസാരിക്കാൻ ഇനിയും സമയമുണ്ട്.”മഷറാനോ പറഞ്ഞു.

ഏറ്റവും പുതിയ ഒളിമ്പിക് നിയമങ്ങൾ അനുസരിച്ച്, 23 വയസ്സിന് മുകളിലുള്ള മൂന്ന് കളിക്കാർക്ക് അവരുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അനുവാദമുണ്ട്, ബാക്കിയുള്ള 18 അംഗ ടീമിൽ 23 വയസോ അതിൽ താഴെയോ പ്രായമുള്ളവർ ആയിരിക്കണം.ബ്രസീലിനെ അവസാന റൗണ്ട് മത്സരത്തിൽ പരാജയപെടുത്തിയാണ് അര്ജന്റീന ഒളിമ്പിക്സിന് യോഗ്യത നേടിയത്.പാരീസ് ഒളിമ്പിക്‌സ് ജൂലൈ 26 ന് ആരംഭിച്ച് ഓഗസ്റ്റ് 11 വരെ നീണ്ടുനിൽക്കും.

ലാറ്റിൻ അമേരിക്കൻ യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തി.ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും സമനില വഴങ്ങിയ ശേഷമാണ് തോൽവിയറിയാതെ അർജന്റീന യോഗ്യത റൗണ്ടിൽ നിന്നും യോഗ്യത നേടുന്നത്.പരാഗ്വേയാണ് യോഗ്യത നേടിയ മറ്റൊരു ടീം.

Rate this post