കൂട്ടീഞ്ഞോ പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടടുത്തെത്തി, തടഞ്ഞത് കൂമാൻ.
ഈ സീസണിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ തിരികെ ബാഴ്സയിൽ തന്നെ എത്തിയത്. ഒരു വർഷം ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിനോടൊപ്പം ലോണിൽ കഴിഞ്ഞതിനെ തുടർന്നാണ് താരം ബാഴ്സയിൽ തന്നെ തിരികെ എത്തിയത്. തുടർന്ന് ബാഴ്സയിൽ മികച്ച ഫോമിലാണ് താരം കളിക്കുന്നത്. കൂമാന്റെ ടീമിലെ നിർണായകസാന്നിധ്യമാണിപ്പോൾ കൂട്ടീഞ്ഞോ.
എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരം പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലിലേക്ക് എത്തുന്നതിന്റെ തൊട്ടരികിലെത്തിയിരുന്നു. ബയേൺ വിടാൻ തീരുമാനിച്ചതിന്റെ ശേഷം താരവുമായി ആഴ്സണൽ അധികൃതർ ചർച്ച നടത്തിയിരുന്നു. തുടർന്ന് കൂട്ടീഞ്ഞോ ചേക്കേറാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ആഴ്‌സണലിന്റെ എല്ലാ പദ്ധതികളും തകിടം മറിച്ചത് കൂമാന്റെ വരവായിരുന്നു. ഇംഗ്ലീഷ് മാധ്യമമായ സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Barça coach Koeman stopped Coutinho's move to Arsenal in summer https://t.co/JZkBnKhSek
— SPORT English (@Sport_EN) October 23, 2020
കൂമാൻ ബാഴ്‌സയുടെ പരിശീലകനായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം കൂട്ടീഞ്ഞോയെ തിരികെ വിളിക്കുകയും ബോധ്യപ്പെടുത്തുകയുമായിരുന്നു. തന്റെ പ്രൊജക്റ്റിൽ നിർണായക സ്ഥാനം കൂട്ടീഞ്ഞോക്ക് ഉണ്ടാവുമെന്ന് കൂമാൻ ഉറപ്പ് നൽകുകയായിരുന്നു. കൂടാതെ കൂട്ടീഞ്ഞോയുടെ പൊസിഷൻ കൂമാൻ വാഗ്ദാനം ചെയ്തതോടെ ബാഴ്സയിലേക്ക് തിരികെ വരാൻ കൂട്ടീഞ്ഞോ തീരുമാനമെടുക്കുകയായിരുന്നു.
തുടർന്ന് ബാഴ്സയിലെ തന്റെ രണ്ടാം അവസരം കൂട്ടീഞ്ഞോ ഫലപ്രദമായി വിനിയോഗിക്കുന്നതാണ് ഇപ്പോൾ കാണാൻ സാധിക്കുക. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതായാലും കൂമാൻ വലിയ തോതിലുള്ള ഒരു മാറ്റം തന്നെയാണ് കൂട്ടീഞ്ഞോയുടെ കാര്യത്തിൽ കൊണ്ടുവന്നിട്ടുള്ളത്. മാത്രമല്ല താരത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനും അത് സാധിച്ചിട്ടുണ്ട്.