ക്രിസ്ററ്യാനോയുടെ തിരിച്ചു വരവ് : ” വിമർശകരുടെ വായടപ്പിക്കുന്ന ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ”

അതേ, ഒരിക്കൽ കൂടി ആ വിശ്വരൂപം രക്ഷകനായി അവതരിച്ചു. റൊണാൾഡോ ഇന്നലെയും അവസാനനിമിഷത്തിൽ ടീമിന്റെ നിർണായകഗോളിൽ പങ്കാളിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി. ഈ മത്സരം ഓൾഡ് ട്രാഫൊർഡിലെ പുൽനാമ്പുകളെ പോലും കോരിത്തരിപ്പിച്ച ഒന്നാക്കി മാറ്റാൻ റൊണാൾഡോയ്ക്ക് സാധിച്ചു. തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള ശക്തമായ മറുപടി തന്നെയായിരുന്നു ഇന്നലെ ടോട്ടൻഹാമിനെതിരെ നേടിയ ഹാട്രിക്ക്.

റൊണാൾഡോയുടെ കളി കണ്ടപ്പോൾ ഒരു 37 കാരനാണോ കളിക്കുന്നത് എന്ന് പലപ്പോഴും തോന്നി പോയി.വിമർശകർ ഇപ്പോഴും ഓർക്കണം ഇത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പ്രതിസന്ധികളിൽ തളരാതെ കഴിഞ്ഞ ഒന്നര ദശകമായ ലോക ഫുട്ബോളിൽ നേടാവുന്ന നേട്ടങ്ങളെല്ലാം വെട്ടിപ്പിടിച്ച പോർച്ചുഗീസ് സൂപ്പർ താരമാണ്. തനിക്ക് നേരെ ഉയരുന്ന വിമര്ശങ്ങള്ക്കെതിരെ ഗോളുകളിലൂടെ മറുപടി പറയുന്ന 37 കാരൻ.

നിർണായക പോരാട്ടത്തിൽ സ്വന്തം ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി തകർപ്പൻ വിജയം സമ്മാനിക്കുക എന്നത് റൊണാൾഡോയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ലെങ്കിലും ഇന്നലെ ടോട്ടൻഹാമിനെ നേടിയ ഹാട്രിക്ക് എന്തുകൊണ്ടും യൂണൈറ്റഡിനും പോർച്ചുഗീസ് സൂപ്പർ താരത്തിനും സ്പെഷ്യൽ തെന്നെയാണ് .ബോക്സിന് പുറത്ത് നിന്ന് തൊടുത്ത മിന്നൽ ഗോൾ , ഏറെ ബുദ്ധിമുട്ടുള്ള ആംഗിളിൽ നിന്നും ഹെഡർ വഴിയുള്ള മറ്റൊരു ഗോൾ , ക്ലിനിക്കിൽ ഫിനിഷിങിലൂടെ നേടിയ മറ്റൊരു ഗോൾ .ഇതെല്ലാം ഈ പ്രായത്തിലും സാധ്യമാക്കാൻ വേറെ ഏതെങ്കിലും ഫുട്ബോൾ താരത്തിന് കഴിയുമോ എന്ന കാര്യം സംശയമാണ്.

റൊണാൾഡോ തന്റെ മുമ്പത്തെ 10 മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് സ്കോർ ചെയ്തത്. ഇന്നലെ നേടിയ ഹാട്രിക്കോടെ ക്ലബ്ബിനും രാജ്യത്തിനുമായി 807 ഗോളുകളുമായി ഫിഫയുടെ റെക്കോർഡുകൾ പ്രകാരം പ്രൊഫഷണൽ പുരുഷ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോററായി.ജോസഫ് ബികാൻ നേടിയ 805 ഗോളുകൾ ആണ് റൊണാൾഡോ മറികടന്നത്.തന്റെ കരിയറിൽ സ്പോർട്ടിംഗിനൊപ്പം 5 ഗോളുകളും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 136 ഗോളുകളും റയൽ മാഡ്രിഡിനൊപ്പം 450 ഗോളുകളും യുവന്റസ് ടൂറിനോടൊപ്പം 101 ഗോളുകളും പോർച്ചുഗീസ് ദേശീയ ടീമിനൊപ്പം 115 ഗോളുകളും ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്.

റൊണാൾഡോയുടെ കരിയറിലെ 59-ാമത്തെ ട്രിബിളായിരുന്നു ഇന്നലെ നേടിയത്.തിരിച്ചുവരവിന് ശേഷം 2008 ന് ശേഷം യുണൈറ്റഡിന് വേണ്ടിയുള്ള ആദ്യ ഹാട്രിക്കായിരുന്നു ഇത്.ഈ സീസണിൽ ഇപ്പോഴും എന്തും സാധ്യമാണെന്ന് യുണൈറ്റഡ് ആരാധകരെ വിശ്വസിപ്പിക്കാൻ റൊണാൾഡോയിൽ നിന്നുള്ള ഇത്തരം പ്രകടനം കൊണ്ട് സാധിക്കും എന്നുറപ്പാണ്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടാനൊരുമ്പോൾ റൊണാൾഡോയുടെ ഫോമും ഈ ജയവും യുണൈറ്റഡിന് വലിയ ആത്മവിശ്വാസം നൽകും.

2003 ഓഗസ്റ്റിൽ ടെഡി ഷെറിങ്ഹാമിന് ശേഷം ട്രെബിൾ നേടുന്ന പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരനായി (37 വയസും 146 ദിവസം ) റൊണാൾഡോ മാറിയിരിക്കുകയാണ്.ഓൾഡ് ട്രാഫോർഡിൽ സ്പർസിനെ തോൽപ്പിച്ചതിന് ശേഷം, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ കൃത്യം 400 പ്രീമിയർ ലീഗ് ഹോം ഗെയിമുകൾ വിജയിച്ചു, മത്സരത്തിൽ ആ നാഴികക്കല്ല് എത്തുന്ന ആദ്യ ടീമായി മാറി. അതിൽ 23 വിജയങ്ങൾ ടോട്ടൻഹാമിനെതിരെയാണ്, പ്രീമിയർ ലീഗിൽ സ്വന്തം തട്ടകത്തിൽ മറ്റേതൊരു ടീമിനെയും തോൽപ്പിച്ചതിനേക്കാൾ കൂടുതൽ.

Rate this post