ക്രിസ്റ്റ്യാനോക്ക് ഇതെന്തു പറ്റി? തുലച്ചു കളഞ്ഞത് സുവർണ്ണാവസരം, തലയിൽ കൈവെച്ച് ആരാധകർ |Cristiano Ronaldo

ഇന്നലെ സൗദി അറേബ്യൻ പ്രോ ലീഗിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിന് കളിയുണ്ടായിരുന്നു. അൽ ഫത്തേഹിനെതിരെയുള്ള മത്സരം സമനിലയിലാണ് കലാശിച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. ഓരോ തവണയും പിറകിൽ നിന്നുകൊണ്ടാണ് അൽ നസ്ർ സമനില പിടിച്ചു വാങ്ങിയത്.

സമനില വഴങ്ങിയെങ്കിലും ഒന്നാം സ്ഥാനത്ത് ഇപ്പോഴും തുടരുന്നത് അൽ നസ്ർ തന്നെയാണ്.15 മത്സരങ്ങൾ പൂർത്തിയായപ്പോൾ 34 പോയിന്റാണ് അൽ നസ്ർ നേടിയിട്ടുള്ളത്. മത്സരത്തിന്റെ 12ആം മിനുട്ടിൽ ടെല്ലോയാണ് ഫത്തേഹിന് ലീഡ് നേടിക്കൊടുത്തത്. എന്നാൽ 42ആം മിനിറ്റിൽ അൽ നസ്ർ സൂപ്പർ താരമായ ടാലിസ്‌ക്ക സമനില ഗോൾ നേടുകയായിരുന്നു.

58ആം മിനുട്ടിൽ ബെൻഡബ്ഡ്ക്ക വീണ്ടും ഫത്തേഹിന് ലീഡ് നേടിക്കൊടുത്തു.എന്നാൽ മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ അൽ നസ്റിന് അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്നു. സാധാരണഗതിയിൽ ടാലിസ്‌ക്കയാണ് പെനാൽറ്റി എടുക്കാറുള്ളത്.പക്ഷേ ഇത്തവണ അത് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നൽകുകയും അദ്ദേഹം ഗോളാക്കി മാറ്റുകയും ചെയ്തു.ഇതോടുകൂടിയാണ് മത്സരം സമനിലയിൽ കലാശിച്ചത്.

പെനാൽറ്റിയിലൂടെ അൽ നസ്റിന് വേണ്ടിയുള്ള ആദ്യ ഗോൾ റൊണാൾഡോ നേടിയെങ്കിലും ആരാധകർ സംതൃപ്തരായിരുന്നില്ല. പ്രത്യേകിച്ച് മത്സരത്തിൽ ലഭിച്ച ഒരു സുവർണ്ണാവസരം റൊണാൾഡോ അവിശ്വസനീയമാവിധം പുറത്തേക്ക് അടിച്ചു കളഞ്ഞിരുന്നു.മത്സരത്തിന്റെ 34ആം മിനുട്ടിൽ ടാലിസ്‌ക്കയുടെ ഷോട്ട് പോസ്റ്റിൽ ഇടിച്ച് തിരികെ വരുകയായിരുന്നു. കൃത്യ സ്ഥലത്ത് ഉണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്കാണ് ആ പന്ത് ലഭിച്ചത്.താരം ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർത്തിരുന്നുവെങ്കിൽ അനായാസം ഗോളാവുമായിരുന്ന ഒരു അവസരമായിരുന്നു അത്.എന്നാൽ വലിയ വ്യത്യാസത്തിൽ റൊണാൾഡോ അത് പുറത്തേക്കടിച്ച് പാഴാക്കുകയായിരുന്നു. റൊണാൾഡോ ഒരു വലിയ അവസരം പാഴാക്കിയത് തലയിൽ കൈവച്ചുകൊണ്ടാണ് പലരും കണ്ടത്.

ഇത് കൂടാതെ റൊണാൾഡോയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയിരുന്നു. താരം നേടിയ ഒരു ഗോൾ ഓഫ് സൈഡ് മൂലം അനുവദിക്കപ്പെട്ടിരുന്നില്ല,കൂടാതെ മറ്റു രണ്ട് ഗോളവസരങ്ങൾ റൊണാൾഡോ പാഴാക്കുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ പെനാൽറ്റി ഗോൾ നേടിയെങ്കിലും ഒട്ടും ആശാവഹമായിരുന്നില്ല റൊണാൾഡോക്ക് കാര്യങ്ങൾ. നിർഭാഗ്യമാണോ അതോ ഫോമിൽ സംഭവിച്ചതാണോ എന്നുള്ളതാണ് ആരാധകർ അന്വേഷിക്കുന്നത്.

5/5 - (1 vote)