“മികച്ചവനാവാൻ എർലിംഗ് ഹാലൻഡ് കഠിനാധ്വാനം ചെയ്യുകയും ഓരോ സീസണിലും മികച്ച പ്രകടനം നടത്തുകയും ചെയ്യണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ”

യൂറോപ്പിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള യുവ സ്‌ട്രൈക്കറാണ് ബൊറൂസിയ ഡോർട്ട്മുണ്ട് താരം ഏർലിങ് ഹാലൻഡ്‌. റയൽ മാഡ്രിഡ്, ബാഴ്സലോണ തുടങ്ങി വമ്പൻ ക്ലബ്ബുകളെല്ലാം താരത്തിന്റെ ഒപ്പിനുവേണ്ടിയുള്ള മത്സരത്തിലാണ്. വളരെ കാലമായി ഹാലണ്ടിന് വേണ്ടിയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ടീമിന് മാഞ്ചസ്റ്റർ യുണൈറ്റഡ്. താരത്തിന്റെ യൂണൈറ്റഡിലേക്കുള്ള നീക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻകാല അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാവുന്നുണ്ട്.

ഏതാനും വർഷങ്ങളായി നോർവീജിയൻ സ്‌ട്രൈക്കറെ ഓൾഡ്‌ട്രാഫൊഡിൽ എത്തിക്കാൻ യുണൈറ്റഡ് ശ്രമം തുടങ്ങിയിട്ട്. മുൻ പരിശീലകൻ ഒലെ ഗുന്നർ സോൾസ്‌ജെയർ ഹാളണ്ടിനെ നോർവീജിയൻ ക്ലബ് മോൾഡിൽ പരിശീലിപ്പിച്ചിരുന്നു. ഇപ്പോഴത്തെ പരിശീലകൻ റാൽഫ് റാംഗ്നിക്കും അദ്ദേഹത്തോടൊപ്പം ആർബി സാൽസ്ബർഗിൽ ഒരുമിച്ചുണ്ടായിരുന്നു. ഹാലാൻഡിനെ ജർമ്മൻ ക്ലബിലെത്തിച്ച കരാറിൽ രംഗ്‌നിക്കും ഉൾപ്പെട്ടിരുന്നു. അത്പോലെയുള്ള ഒരു കരാറാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ആഗ്രഹിക്കുന്നത്.

എന്തായാലും, ഹാലാൻഡിന് ഒരു ദിവസം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാകാൻ കഴിയുമെന്ന് റൊണാൾഡോ മുമ്പ് ‘ദ മിററി’നോട് പറഞ്ഞിരുന്നു.ഇപ്പോൾ അത് വീണ്ടും ചർച്ച വിഷയം ആവുകയാണ്.” ഒരു കളിക്കാരനെ മാത്രം തിരഞ്ഞെത്ത മികച്ചവൻ എന്ന് പറയാൻ ബുദ്ധിമുട്ടാണ്. എന്നാൽ എർലിംഗ് ഹാലൻഡിനെയും കൈലിയൻ എംബാപ്പെയെയും പോലെയുള്ള ഈ പുതിയ തലമുറ യുവതാരങ്ങളെ കാണുന്നത് ആവേശകരമാണെന്ന് ഞാൻ കരുതുന്നു.ചില കളിക്കാർക്ക് ഒന്നോ രണ്ടോ മികച്ച സീസണുകൾ ഉണ്ടാകാം, ശരിക്കും മികച്ച കളിക്കാർ സീസണിന് ശേഷം അത് തുടരുന്നവരാണ്, അത് ചെയ്യാൻ അത്ര എളുപ്പമല്ല. ഇതിന് വളരെയധികം കഠിനാധ്വാനവും വളരെയധികം പ്രതിബദ്ധതയും ആവശ്യമാണ്” റൊണാൾഡോ ഡോർട്ട്മുണ്ട് താരത്തെക്കുറിച്ച് പറഞ്ഞു.

21 കാരനായ ഹാലൻഡ് ഇതുവരെ പ്രതീക്ഷകൾക്കപ്പുറമാണ്, ഡോർട്ട്മുണ്ടിനായി 54 ബുണ്ടസ്ലിഗ മത്സരങ്ങളിൽ നിന്ന് 53 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്.റയൽ മാഡ്രിഡ്, പാരീസ് സെന്റ് ജെർമെയ്ൻ, ബാഴ്‌സലോണ തുടങ്ങിയ ടീമുകൾ എർലിംഗ് ഹാലൻഡിന്റെ ഒപ്പിനായി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.താരവുമായുള്ള റാങ്‌നിക്കിന്റെ അനുഭവസമ്പത്ത് നോർവീജിയൻ താരത്തെ ബോധ്യപ്പെടുത്തുന്നതിൽ പങ്കുവഹിക്കുമെന്ന് ക്ലബ്ബ് പ്രതീക്ഷിക്കുന്നു.

പോൾ പോഗ്ബയ്ക്ക് ശേഷം ക്ലബ്ബിൽ മിനോ റയോള നിയന്ത്രിക്കുന്ന മറ്റൊരു കളിക്കാരനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, താനൊരു തലമുറയിലെ പ്രതിഭയാണെന്ന് തെളിയിക്കാൻ എർലിംഗ് ഹാലൻഡ് ആവശ്യത്തിലധികം ചെയ്തിട്ടുണ്ട്. കരുത്ത്, വേഗത, സാങ്കേതിക കഴിവ് എന്നിവയുടെ സംയോജനം അവനെ തികഞ്ഞ ആധുനിക സ്‌ട്രൈക്കറാക്കുന്നു.എഡിൻസൺ കവാനി ബാഴ്സലോണയിലേക്ക് പോവാൻ ഒരുങ്ങുമ്പോഴും ആന്റണി മാർഷ്യൽ ക്ലബ് വിടാൻ തലപര്യം കാണിക്കുമ്പോഴും ഒരു പകരക്കാരൻ ആവശ്യമായി വന്നിരിക്കുകയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 36 വയസ്സുണ്ട്, മേസൺ ഗ്രീൻവുഡ് ഒരു സ്ഥിരം ഗോൾ സ്‌കോറർ ആവുന്നുമില്ല ,വർഷങ്ങളായി തുടർച്ചയായി താൻ കാണിച്ച അതേ ഫോം ഇടതു വിങ്ങിൽ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലായിരിക്കും റാഷ്ഫോർഡ്. ഇവയെല്ലാം കൂട്ടിവായിക്കുമ്പോൾ ഹാളണ്ടിനെ പോലെയുള്ള താരത്തെയാണ് യൂണൈറ്റഡിന് ഇപ്പോൾ ആവശ്യമെന്ന് മനസ്സിലാവും.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോകളിൽ ഒരു ദീർഘകാല സ്‌ട്രൈക്കറെ സൈൻ ചെയ്യേണ്ടതുണ്ട്. ജൂലിയൻ അൽവാരസിന്റെയും ബെൻഫിക്കയുടെ ഡാർവിൻ ന്യൂനെസിന്റെയും രൂപത്തിൽ മറ്റ് ചില ഓപ്ഷനുകൾ ലഭ്യമാണെങ്കിലും, എർലിംഗ് ഹാലാൻഡ് അവരെക്കാളും എല്ലാം മികച്ച ഓപ്ഷനാണ്.

Rate this post