സൗദിയിലും കിരീടവരൾച്ച തുടരുന്നു, ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നിരാശയുടെ കാലം

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കരാർ റദ്ദാക്കപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്കാണ് ചേക്കേറിയത്. ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ച ട്രാൻസ്‌ഫറിലൂടെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമെന്ന നേട്ടം താരം സ്വന്തമാക്കിയിരുന്നു. സൗദി അറേബ്യയിൽ താരം കിരീടങ്ങൾ നേടി ചരിത്രം കുറയ്ക്കുമെന്നും ആരാധകർ കരുതി.

എന്നാൽ മാസങ്ങൾക്കിപ്പുറം സീസൺ അവസാനിക്കാനിരിക്കെ റൊണാൾഡോക്ക് നിരാശ മാത്രമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രൊ ലീഗ് മത്സരത്തിൽ അൽ ഇത്തിഫാഖിനോട് റൊണാൾഡോയുടെ ടീമായ അൽ നസ്ർ സമനില വഴങ്ങിയതോടെ ഈ സീസണിൽ ലീഗ് കിരീടം നേടാനുള്ള സാധ്യത പൂർണമായും അവസാനിച്ചു. ലീഗിൽ ഒരു മത്‌സരം മാത്രം ബാക്കി നിൽക്കെ ഒന്നാം സ്ഥാനത്തുള്ള അൽ ഇത്തിഹാദിനെക്കാൾ അഞ്ചു പോയിന്റ് പിന്നിലാണ് അൽ നസ്ർ.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിലേക്ക് ചേക്കേറിയതിനു ശേഷം മൂന്നു കിരീടങ്ങളെങ്കിലും അവർക്ക് സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും ഓരോ ടൂർണമെന്റിലും അവർ പുറകോട്ടു പോയി. അതേസമയം ടീമിനായി റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തുന്നത്. ജനുവരിയിൽ ടീമിലെത്തിയിട്ടും പതിനാലു ഗോളുകൾ ലീഗിൽ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞു.

തുടർച്ചയായ രണ്ടാമത്തെ സീസണും ഒരു കിരീടം പോലുമില്ലാതെ അവസാനിപ്പിക്കേണ്ടി വന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് വലിയ നിരാശ നൽകുന്ന കാര്യമാണെന്നതിൽ സംശയമില്ല. ഇതോടെ യൂറോപ്പിലേക്ക് തന്നെ മടങ്ങിപ്പോകുന്നതിനെ കുറിച്ച് താരം ചിന്തിച്ചു തുടങ്ങാനും സാധ്യതയുണ്ട്. അതല്ലെങ്കിൽ ഈ സമ്മറിൽ ടീമിനെ ശക്തിപ്പെടുത്തി അടുത്ത സീസണിൽ കൂടുതൽ മികവോടെ കിരീടങ്ങൾക്കായി ഇറങ്ങാനാവും അൽ നസ്‌റിന്റെ പദ്ധതി.

Rate this post