മാഞ്ചസ്റ്റർ യുണൈറ്റഡല്ല, തന്റെ സ്വപ്നമായ ക്ലബുമായി ചർച്ചകൾ ആരംഭിച്ച് ഡെംബലെ !

ഈ ട്രാൻസ്ഫർ ജാലകം അടക്കുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലെത്തിക്കാൻ ശ്രമിച്ച താരമാണ് എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സ്‌ട്രൈക്കർ ഉസ്മാൻ ഡെംബലെ. എന്നാൽ ലോണിൽ വിടാൻ ബാഴ്സക്ക്‌ താല്പര്യമില്ലാത്തതിനാലും യുണൈറ്റഡിലേക്ക് പോവാൻ ഡെംബലെക്ക്‌ താല്പര്യമില്ലാത്തതിനാലും ആ ശ്രമം ഫലം കാണാതെ പോവുകയായിരുന്നു.

ഇപ്പോഴിതാ ഡെംബലെ മറ്റൊരു ക്ലബുമായി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. താരത്തിന്റെ സ്വപ്നക്ലബായ യുവന്റസുമായാണ് ഡെംബലെ ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ കാറ്റലൂണിയ റേഡിയോ ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ വരുന്ന ജനുവരി ട്രാൻസ്ഫറിലോ അല്ലെങ്കിൽ അടുത്ത സമ്മർ ട്രാൻസ്ഫറിലോ ക്ലബ് വിടാനാണ് താരത്തിന്റെ തീരുമാനം.

നിലവിൽ ബാഴ്‌സയിൽ സ്ഥാനം ലഭിക്കുക എന്നുള്ളത് ഡെംബലെക്ക്‌ ബുദ്ദിമുട്ടേറിയ ഒന്നാണ്. മെസ്സി, ഗ്രീസ്‌മാൻ, കൂട്ടീഞ്ഞോ എന്നിവർ സ്ഥാനമുറപ്പിച്ചവരാണ്. പിന്നെയുള്ള ഫാറ്റിയും ആദ്യത്തെ രണ്ട് മത്സരങ്ങൾ കൊണ്ട് ബാഴ്സയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ചെയ്തത്. പ്രത്യേകിച്ച് പരിശീലകൻ റൊണാൾഡ് കൂമാൻ ഈ കാര്യം തുറന്നു പറയുകയും ചെയ്തു. ഡെംബലെയേക്കാൾ താൻ പരിഗണന നൽകുന്നത് ഫാറ്റിക്കാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ബാഴ്‌സയിൽ നിന്നും മാറാൻ തന്നെയാണ് താരത്തിന്റെ ശ്രമം.

2022 വരെയാണ് താരത്തിന് ബാഴ്‌സയിൽ കരാറുള്ളത്. താരത്തിന് ഏറെ താല്പര്യമുള്ള ക്ലബാണ് യുവന്റസ്. മുമ്പ് ഡെംബലെയെയും ഡഗ്ലസ് കോസ്റ്റയെയും ഉൾപ്പെടുത്തി ഒരു സ്വാപ് ഡീൽ നടത്താൻ ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും അതൊന്നും എവിടെയുമെത്തിയില്ല. മാത്രമല്ല ഡഗ്ലസ് കോസ്റ്റ ഈ ട്രാൻസ്ഫറിൽ ബയേണിലേക്ക് കൂടുമാറുകയായിരുന്നു.