ബാഴ്സലോണ വിടാൻ മെസി മൊറീന്യോയെ വിളിച്ചു, വെളിപ്പെടുത്തലുമായി ഇറ്റാലിയൻ ജേണലിസ്റ്റ്

ബാഴ്സലോണയിൽ തന്നെ വിരമിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന മെസി ടീം വിടാനുള്ള തീരുമാനമറിയിച്ചത് ആരാധകരെ ഞെട്ടിച്ച കാര്യമായിരുന്നു. താരം പിന്നീട് ടീമിനൊപ്പം തന്നെ തുടർന്നെങ്കിലും അടുത്ത സമ്മറിൽ ക്ലബ് വിടാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ബാഴ്സ വിടാനുള്ള തീരുമാനം മെസിയെടുക്കുന്നത് ആദ്യമായല്ലെന്നും 2004ൽ താരം മൊറീന്യോ പരിശീലകനായ ചെൽസിയിലേക്കു ചേക്കേറുന്നതിന്റെ അരികിൽ എത്തിയിരുന്നു എന്നുമാണ് ഇറ്റാലിയൻ ജേണലിസ്റ്റായ ജിയാൻലൂക്ക ഡി മർസിയോ ഇപ്പോൾ വെളിപ്പെടുത്തുന്നത്.

“ചെൽസിയിലേക്കുള്ള മെസിയുടെ നടക്കാതെ പോയ ട്രാൻസ്ഫറിനെക്കുറിച്ച് ആർക്കുമധികം അറിയില്ല. മൊറീന്യോക്കു കീഴിൽ കളിക്കാൻ ആഗ്രഹിച്ച് താരം 2004ൽ ചെൽസിയിലേക്കു ചേക്കേറുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വീഡിയോ കോൾ വഴിയടക്കം ചർച്ചകളും നടത്തി.” ഡി മർസിയോ പറഞ്ഞു.

“മെസി ബാഴ്സ വിടാൻ ആദ്യമായി ശ്രമിക്കുന്നത് അപ്പോഴായിരുന്നു. അതിനു ശേഷം മാസങ്ങൾക്കു മുൻപ് അതിന്റെ രണ്ടാം ഭാഗവും ഉണ്ടായി. ആദ്യത്തെ സമയത്ത് അബ്രമോവിച്ചിന്റെയും മൊറീന്യോയുടെയും ചെൽസിയിലേക്കു ചേക്കേറുന്നതിന്റെ തൊട്ടരികിലായിരുന്നു മെസി.” അദ്ദേഹം വ്യക്തമാക്കി.

ഈ സീസണിൽ ബാഴ്സക്കൊപ്പം തുടരുമെങ്കിലും കരാർ അവസാനിച്ചാൽ മെസി ടീം വിടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ബാഴ്സ നേതൃത്വത്തിൽ മാറ്റമുണ്ടായാൽ മാത്രമേ ഈ തീരുമാനത്തിലും മാറ്റമുണ്ടാവുകയുള്ളൂ.

Rate this post